പുറത്ത് പങ്കാളിത്ത പെൻഷനെതിരേ സിപിഐ സമരം; അകത്ത് നവംബർ 30 നകം പദ്ധതിയിൽ ചേരണമെന്ന് ധനവകുപ്പ് ഉത്തരവ്

പങ്കാളിത്ത പെൻഷനിൽ അംഗമാകാതെ മാറി നിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അന്ത്യശാസനവുമായാണ് ധനവകുപ്പിന്റെ ഉത്തരവ്

Oct 27, 2022 - 17:05
 0
പുറത്ത് പങ്കാളിത്ത പെൻഷനെതിരേ സിപിഐ സമരം; അകത്ത് നവംബർ 30 നകം പദ്ധതിയിൽ ചേരണമെന്ന് ധനവകുപ്പ് ഉത്തരവ്

പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ അനുകൂല സംഘടനയുടെ നേതൃത്വത്തിൽ പുറത്ത് സെക്രട്ടേറിയറ്റ് മാർച്ച് നടക്കുന്നതിനിടെ, നവംബർ 30നകം എല്ലാവരും പദ്ധതിയിൽ അംഗമാകണമെന്ന് കർശനനിർദേശവുമായി  ധനവകുപ്പ് ഉത്തരവിറക്കി. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് മടങ്ങണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസംഗിക്കുമ്പോൾ തന്നെയാണ് സെക്രട്ടേറിയറ്റിനകത്ത് ധനവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോയന്‍റ് കൗൺസിലിന്‍റെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ഉൾപ്പെട്ട അധ്യാപക സർവിസ് സംഘടന സമരസസമിതിയാണ് കാൽലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് മാർച്ച് നടത്തിയത്. സമരം കാരണം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

പങ്കാളിത്ത പെൻഷനിൽ അംഗമാകാതെ മാറി നിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അന്ത്യശാസനവുമായാണ് ധനവകുപ്പിന്റെ ഉത്തരവ്. പങ്കാളിത്ത പെൻഷനിൽ അംഗമാകാത്ത സർക്കാർ ജീവനക്കാർ മരണപ്പെട്ടാൽ അർഹതപ്പെട്ട ആനുകൂല്യം കുടുംബാഗംങ്ങള്‍ക്ക് ലഭിക്കാതെ വരുന്നുണ്ടെന്നും ഇത് ഒഴിവാക്കാൻ എല്ലാവരും പെൻഷൻ പദ്ധതിയിൽ അംഗമാകണമെന്നുമാണ് നിർദേശം. അടുത്ത മാസം 30ന് മുൻപ് എല്ലാവരും അംഗങ്ങളാകണം. ഇക്കാര്യം ഡി.ഡി.ഒമാർ ഉറപ്പുവരുത്തണമെന്നും. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.

പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുന്നതിനായി ഒന്നാം പിണറായി സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. 2013 ഏപ്രിൽ ഒന്നു മുതൽ സര്‍വീസിൽ പ്രവേശിപ്പിച്ചവർക്കാണ് പങ്കാളിത്ത പെൻഷൻ ബാധകം. സർവീസിൽ പ്രവേശിച്ച് 30 ദിവസത്തിനകം പെൻഷൻ പദ്ധതിയിൽ അംഗളാകണം. പങ്കാളിത്ത പെൻഷൻ ബാധകമായ ജീവനക്കാർ അതിൽ ചേരാതെ മരിച്ചാൽ അവകാശികള്‍ക്ക് ആനുകൂല്യം ലഭിക്കാതെ വരും. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

അതേസമയം, പങ്കാളിത്ത പെൻഷൻ പുനഃപരിശോധന കമ്മീഷൻ റിപ്പോർട്ട് സർക്കാർ രഹസ്യമായി സൂക്ഷിക്കേണ്ട കാര്യമുണ്ടോയെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കാനം രാജേന്ദ്രൻ ചോദിച്ചു. ഈ റിപ്പോർട്ടിലെ പ്രായോഗിക പ്രശ്നങ്ങൾ ജീവനക്കാരുമായി ചർച്ച ചെയ്യാൻ സർക്കാർ തയാറാകണം. പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇനിയൊരു മാർച്ചുമായി സെക്രട്ടേറിയറ്റിലേക്ക് വരാതിരിക്കാനുള്ള നിലപാട് സർക്കാർ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും കാനം പറഞ്ഞു.

പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് ചർച്ച ചെയ്ത് നടപ്പാക്കണം. വിവിധ സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കുകയാണ്. നിയമസഭയുടെ അംഗീകാരത്തോടെ പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാറിന് പിൻവലിയാം. ഇടത് സർക്കാറിന് എല്ലാവിധ പിന്തുണയും നൽകുന്ന ജീവനക്കാരുടെയും അധ്യാപകരുടെയും ഈ പ്രശ്നത്തിന് പരിഹാരം കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എക്കാലവും ചങ്ങാത്ത മുതലാളിത്ത താൽപര്യങ്ങൾക്ക് എതിരെയുള്ള നിലപാടാണ് ഉള്ളതെന്നും കാനം കൂട്ടിച്ചേർത്തു.

നിരവധി സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കുമ്പോൾ എന്തിന് മടിച്ച് നിൽക്കുന്നുവെന്നാണ് സിപിഐ നേതാക്കൾ ചോദിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow