Nilambur | യുനെസ്കോയുടെ ലേണിംഗ് സിറ്റി പട്ടികയിൽ നിലമ്പൂർ; ലക്ഷ്യം സമഗ്ര മുന്നേറ്റം

യുനെസ്കോയുടെ ലേണിംഗ് സിറ്റി പട്ടികയിൽ (UNESCO Global Network of Learning Cities) ഇനി നിലമ്പൂരും (Nilambur). പട്ടികയിൽ ഉൾപ്പെട്ടതോടെ പുതിയ നേട്ടങ്ങൾ സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് നിലമ്പൂർ നഗരസഭ.

Sep 9, 2022 - 19:49
 0

യുനെസ്കോയുടെ ലേണിംഗ് സിറ്റി പട്ടികയിൽ (UNESCO Global Network of Learning Cities) ഇനി നിലമ്പൂരും (Nilambur). പട്ടികയിൽ ഉൾപ്പെട്ടതോടെ പുതിയ നേട്ടങ്ങൾ സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് നിലമ്പൂർ നഗരസഭ. കേന്ദ്ര സർക്കാർ ഇതുമായി ബന്ധപ്പെട്ട് നൽകിയ ശുപാർശ ജി.എൻ.എൽ.സി. അംഗീകരിച്ചതോടെയാണ് നിലമ്പൂരും ഈ പട്ടികയിൽ ഇടം പിടിച്ചത്. കേരളത്തിൽ നിന്ന് തൃശൂർ, തെലങ്കാനയിലെ വാറങ്കൽ എന്നിവയും പട്ടികയിലുൾപ്പെട്ടിട്ടുണ്ട്.

യുനെസ്കോ തിരഞ്ഞെടുത്ത ലോകമെമ്പാടുമുള്ള ലേണിങ് സിറ്റി കളുമായുള്ള നിരന്തര ബന്ധം നിലമ്പൂരിനെ മാറ്റി മറിക്കും. വിദ്യാഭ്യാസ, വ്യാവസായിക മേഖലകളിലെ മുന്നേറ്റത്തിന് ഇത് വഴിയൊരുക്കും. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്താം. ടൂറിസം വികസനത്തിനും ഇത് ഉപകാരപ്പെടും. യുനെസ്കോ ലേണിങ് സിറ്റിയായി തെരഞ്ഞെടുത്തതിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരമാണ് നിലമ്പൂർ. ഇത് കൂടുതൽ അവസരങ്ങൾക്ക് കാരണമാകും. സുസ്ഥിര സാമ്പത്തിക,  സാമൂഹിക,  പാരിസ്ഥിതിക വികസനത്തിന്റെ  അടിത്തറയാണ് ലേണിങ് സിറ്റി. 

44 രാജ്യങ്ങളിലെ 77 നഗരങ്ങളെയാണ് പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇന്ത്യൻ നഗരങ്ങൾ ഈ പട്ടികയിൽ ഇടംപിടിക്കുന്നത് ആദ്യമാണ്.

ലോകത്തെ ചെറുതും വലുതുമായ 294 നഗരങ്ങളാണ് ഈ പട്ടികയിലുള്ളത്. വിവിധ രാജ്യങ്ങളിലെ പഠനാനുഭവങ്ങൾ പങ്കുവെക്കലും പരസ്പര സഹകരണവും ഇതുവഴി സാധ്യമാവും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾക്ക് വിവിധ പഠന അറിവുകൾ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാനുള്ള വൈദഗ്ധ്യമുണ്ടെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ അറിയിച്ചു.

നിലമ്പൂരിൽ പി.വി. അബ്ദുൽ വഹാബ് എം.പി. ചെയർമാനായ ജൻ ശിക്ഷൺ സൻസ്ഥാനാണ് നോഡൽ ഏജൻസി. ഇവരുടെ നേതൃത്വത്തിൽ നഗരസഭയുമായി സഹകരിച്ച് സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. നഗരസഭാ ചെയർമാൻ അധ്യക്ഷനായ വിപുലമായ സംഘാടക സമിതി ഇതിനായി രൂപവത്കരിക്കും. നാല് വർഷം കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കുന്ന തരത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം പറഞ്ഞു. ഓണം കഴിഞ്ഞാൽ വിപുലമായ സംഘാടക സമിതി വിളിച്ചു ചേർക്കും. ജെ എസ് എസുമായി സഹകരിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow