മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം അറിയണം;വൈദ്യനെ കൊന്ന് കഷണങ്ങളാക്കി പുഴയില്‍ തള്ളി, പ്രതികള്‍ പിടിയില്‍

May 11, 2022 - 18:16
 0
മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം അറിയണം;വൈദ്യനെ കൊന്ന് കഷണങ്ങളാക്കി പുഴയില്‍ തള്ളി, പ്രതികള്‍ പിടിയില്‍

മൂലക്കുരുവിന്‍റെ (Hemorrhoids) ഒറ്റമൂലി രഹസ്യം (Medicine Secret) തട്ടിയെടുക്കാൻ പാരമ്പര്യ വൈദ്യനെ ഒരു വർഷത്തിലേറെ തടവിൽ പാർപ്പിച്ചു പീഡിപ്പിച്ച്  കൊലപ്പെടുത്തിയ (Murder) ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയിലെറിഞ്ഞു.നിലമ്പൂരിലെ പ്രവാസി വ്യവസായിയായ ഷൈബിൻ അഷ്റഫ് , സഹായികളായ  കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ,  കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് ,  ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരെ പോലീസ് അറസ്റ്റ് (Arrest) ചെയ്തു.

മൈസൂർ സ്വദേശിയായ പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്. കവർച്ചാ കേസിലെ അന്വേഷണത്തനിനിടെയാണ് ക്രൂര കൃത്യത്തെ കുറിച്ച്  പുറത്തറിഞ്ഞത്.

2019 ലാണ് മൈസൂർ സ്വദേശി ഷാബാ ഷെരീഫിനെ പ്രതികൾ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്.മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിൽ എത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്ക് ഉള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുക ആയിരുന്നു ലക്ഷ്യം.

തുടർന്ന് മരുന്നിൻ്റെ രഹസ്യം തേടി പലവിധത്തിൽ പീഡിപ്പിച്ചു.വീട്ടിലെ ഒന്നാം നിലയിൽ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയിൽ ബന്ധിച്ച് തടവിൽ പാർപ്പിച്ചു ഒന്നേകാല്‍ വർഷം ഷൈബിനും കൂട്ടാളികളും പുറംലോകമാറിയാതെ പീഡിപ്പിച്ച് വരികയായിരുന്നു. 2020 ഒക്ടോബർ മാസത്തിൽ ആണ് കൊലപാതകം നടന്നത്.  ഷൈബിൻറെ നേതൃത്വത്തിൽ മർദ്ദിച്ചും മുഖത്തേക്ക് സാനിറ്റൈസർ ഒഴിച്ചും, ഇരുമ്പു പൈപ്പു കൊണ്ട് കാലിൽ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടയിൽ ഷാബാ ശെരീഫ് കൊല്ലപ്പെടുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

മൃതദേഹം മുറിക്കുന്നതിനായി മില്ലിൽ നിന്നും മരക്കട്ട സംഘടിപ്പിച്ച്,  ഇറച്ചി വെട്ടാനുപയോഗിക്കുന്ന കത്തിയും ഉപയോഗിച്ച്  മൃതദേഹം  ബാത്റൂമിൽ വെച്ച് വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ഷൈബിൻറെ ആഡംബരകാറിൽ ഷൈബിനും ഡ്രൈവർ നിഷാദും, മുൻപിലായി മറ്റൊരു ആഡംബരകാറിൽ ഷിഹാബുദ്ദീനും, പുറകിലായി  കാറിൽ ഷൈബിൻറെ സഹായി നൌഷാദും അകമ്പടിയായി പോയി പുലർച്ചെ  പുഴയിലേക്ക് തള്ളുകയായിരുന്നു.

തുടർന്ന് തിരികെ വീട്ടിലെത്തിയ പ്രതികൾ തെളിവു  നശിപ്പിക്കുകയായിരുന്നു . കൊലപാതകത്തിൽ പങ്കെടുത്ത , മറ്റൊരു കേസിൽ പോലീസ് പിടിയിൽ ആയ നൗഷാദ് ആണ് പോലീസിനെ ഇക്കാര്യങ്ങൾ എല്ലാം അറിയിച്ചത്.ഇവർക്കെതിരെ, തന്നെ ആക്രമിച്ച് ഏഴ് ലക്ഷം തട്ടിയെന്ന് അഷ്റഫ് പരാതി നൽകിയിരുന്നു . പിന്നാലെ കഴിഞ്ഞ മാസം തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ ഇവർ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയും പിന്നീട് പോലീസ് പിടിയിൽ ആകുകയും ചെയ്തു.

മൂന്നംഗ സംഘത്തെ മലപ്പുറത്തെത്തിച്ച് ചോദ്യം ചെയ്തു. ഇവരിൽ ഒരാളാണ് കൊലയുടെ വിശദാംശങ്ങൾ പോലീസിനെ അറിയിച്ചത്. ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും ഇയാള് പോലീസിന് കൈമാറിയിട്ടുണ്ട്. അഷ്റഫിനെ കൂടി കസ്റ്റഡിയിലെടുത്തതോടെ കൊലയുടെ ചുരുൾ  അഴിഞ്ഞു. ഷാബാ ശെരീഫിനെ ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യവും പെൻഡ്രൈവിൽ നിന്നും കണ്ടെടുത്തു. ദൃശ്യത്തിൽ നിന്നും ബന്ധുക്കൾ ഷാബാ ശെരീഫിനെ തിരിച്ചറിഞ്ഞു. കേസിൽ കൂടുതൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയേഗിച്ചു. ഡിവൈഎസ് പിമാരായ സാജു.കെ.അബ്രഹാം, കെ.എം.ബിജു. നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണു, എസ് ഐ മാരായ നവീൻഷാജ്, എം.അസ്സൈനാർ, എ എസ് ഐ മാരായ റെനി ഫിലിപ്പ്, അനിൽകുമാർ, സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow