ഒരു കിലോ സ്വര്‍ണവുമായി മലപ്പുറം സ്വദേശി കൊച്ചിയിൽ പിടിയില്‍; മലദ്വാരത്തില്‍നിന്ന് സ്വര്‍ണം പുറത്തെടുക്കാനുള്ള ഓയിലും കണ്ടെടുത്തു

ഗള്‍ഫ് എയര്‍ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഫയാസിന്റെ പക്കല്‍ നിന്നാണ് 1.071 കിലോ സ്വര്‍ണം പിടിച്ചത്.

Sep 18, 2022 - 02:32
 0

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഗള്‍ഫ് എയര്‍ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഫയാസിന്റെ പക്കല്‍ നിന്നാണ് 1.071 കിലോ സ്വര്‍ണം പിടിച്ചത്.

ഇയാളില്‍ നിന്ന് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശികളായ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറും 82,000 രൂപയും പിടിച്ചെടുത്തു. സ്വര്‍ണം കടത്തിക്കൊണ്ടുവന്നതിന് പ്രതിഫലമായി ഫയാസിന് നല്‍കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തിരിക്കുന്നത്. ഫയാസ് സ്വര്‍ണ മിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചാണ് കടത്തിക്കൊണ്ടുവന്നത്. മലദ്വാരത്തില്‍ നിന്ന് സ്വര്‍ണം പുറത്തെടുക്കാനുള്ള ഓയിലും കാറില്‍ നിന്ന് കണ്ടെത്തി.


വെള്ളിയാഴ്ച പുലര്‍ച്ചെ കൊച്ചി ഹെഡ് ക്വാര്‍ട്ടേഴ്സില്‍നിന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലെ 13 ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തില്‍ പരിശോധനയ്‌ക്കെത്തിയത്. അന്താരാഷ്ട്ര ടെര്‍മിനലിനു പുറത്ത് ടോള്‍ ബൂത്തിലും കാര്‍ പാര്‍ക്കിങ് ഏരിയയിലും നിലയുറപ്പിച്ച ഉദ്യോഗസ്ഥര്‍ അതുവഴി കടന്നുവന്ന ഓരോ വാഹനവും പരിശോധിച്ചു.



ഫയാസും സംഘവും സഞ്ചരിച്ചിരുന്ന കാറില്‍ മലദ്വാരത്തില്‍നിന്നു സ്വര്‍ണം പുറത്തെടുക്കുന്നതിനായി ഉപയോഗിക്കുന്ന ഓയില്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നിട്ടുണ്ടെന്ന് അറിഞ്ഞത്. പിടിയിലായ 3 പേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.


കൊച്ചി വിമാനത്താവളത്തില്‍ നിന്ന് വെള്ളിയാഴ്ച കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ ഗുരുവായൂര്‍ സ്വദേശി അഹമ്മദ് ഷജീബിന്റെ പക്കല്‍നിന്നാണ് അരക്കിലോ സ്വര്‍ണം പിടിച്ചത്. സ്വര്‍ണ മിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചിരിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow