കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റാന്‍ ധാരണയിലെത്തിയതായി സുചന

എറണാകുളം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹാനാന്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമച്ന്ദ്രന്‍ എന്നിവരുമായി തീരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയതെന്നാണ് വിവരം

Oct 29, 2019 - 06:46
 0
കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റാന്‍ ധാരണയിലെത്തിയതായി സുചന

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി ജെ വിനോദിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കൊച്ചി കോര്‍പറേഷന്‍ ഭരണസമിതിയുടെ പിടിപ്പുകേടുമൂലമാണെന്നാരോപിച്ച് കോണ്‍ഗ്രസില്‍ കലാപം ഉയര്‍ന്നതിനു പിന്നാലെ കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റാന്‍ ധാരണയിലെത്തിയതായി സൂചന. എറണാകുളം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹാനാന്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി തീരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയതെന്നാണ് വിവരം.രണ്ടര വര്‍ഷത്തിനു ശേഷം മേയര്‍ സ്ഥാനം മാറുന്നത് സംബന്ധിച്ച് ധാരണയുണ്ടായിരുന്നുവെങ്കിലും ഇത് നടപ്പായിരുന്നില്ല. ഈ വിവരവും നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി.
 

പോളിംഗ് ദിവസം ഉണ്ടായ ശക്തമായ മഴയില്‍ കൊച്ചിയില്‍ ഇന്നുവരെ ഉണ്ടാകാത്ത വിധത്തിലാണ് വെള്ളക്കെട്ടുണ്ടായതെന്നും ഇതു മൂലം ആളുകള്‍ക്ക് വോട്ടു ചെയ്യാന്‍ പോലും എത്താന്‍ സാധിക്കാത്ത സാഹചര്യമാണുണ്ടായി. കോര്‍പറേഷന്‍ ഭരണ നേതൃത്വം യഥാസമയം ഇടപെട്ട് കാനകള്‍ അടക്കം വൃത്തിയാക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഇതിനു കാരണമെന്നും നേതാക്കള്‍ കൂടിക്കാഴ്ചയില്‍ കെപിസിസി പ്രസിഡന്റിനെ ധരിപ്പിച്ചുവത്രെ. ഇതേ തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നുപോലും കോര്‍പറേഷനെതിരെ രൂക്ഷമായ വിമര്‍ശനമാണുണ്ടായതെന്നും മേയറെ മാറ്റാതെ വരാന്‍ പോകുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസിന് കൊച്ചി കോര്‍പറേഷന്‍ ഭരണം നഷ്ടമാകുമെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ തുടക്കത്തില്‍ എതിര്‍പ്പുന്നയിച്ച കെപിസിസി പ്രസിഡന്റ് ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ ആവശ്യത്തിനു മുന്നില്‍ വഴങ്ങിയെന്നാണ് അറിയുന്നത്. അങ്ങനെ വന്നാല്‍ ഉടന്‍ തന്നെ മേയര്‍ മാറ്റം നടക്കും.സൗമിനി മാറിയാല്‍ പകരം ഷൈനി മാത്യു മേയറാകാനാണ് സാധ്യത.നേരത്തെ തന്നെ മേയര്‍ സ്ഥാനത്തേയ്ക്ക് ഇവരെ പരിഗണിച്ചിരുന്നതാണ്. പിന്നീട് ധാരണയുടെ അടിസ്ഥാനത്തിലാണ് സൗമിനി മേയറായതെന്നാണ് അറിയുന്നത്. മേയര്‍ മാറുന്നതിനൊപ്പം പുതിയ ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കും. ഡെപ്യൂട്ടി മേയറായിരുന്നു ടി ജി വിനോദ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം രണ്ടു സ്ഥാനവും രാജിവെച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow