എന്താണ് ഈ അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ

അതീവ സുരക്ഷ നമ്പർപ്ലേറ്റുകൾ ഘടിപ്പിക്കാത്ത വാഹനങ്ങൾ 28 മുതൽ സംസ്ഥാനത്തു റജിസ്റ്റർ ചെയ്യില്ലെന്ന് മോട്ടർ വാഹന വകുപ്പ്. കഴിഞ്ഞ ഏപ്രിലിനു ശേഷം ഇത്തരം നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്ത 1.20 ലക്ഷം വാഹനങ്ങളിൽ ഇതു നടപ്പാക്കി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 27ന് ‌‌ഉള്ളിൽ കൈപ്പറ്റണമെന്നു

Jun 25, 2019 - 17:52
 0
എന്താണ് ഈ അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ

അതീവ സുരക്ഷ നമ്പർപ്ലേറ്റുകൾ ഘടിപ്പിക്കാത്ത വാഹനങ്ങൾ 28 മുതൽ സംസ്ഥാനത്തു റജിസ്റ്റർ ചെയ്യില്ലെന്ന് മോട്ടർ വാഹന വകുപ്പ്. കഴിഞ്ഞ ഏപ്രിലിനു ശേഷം ഇത്തരം നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്ത 1.20 ലക്ഷം വാഹനങ്ങളിൽ ഇതു നടപ്പാക്കി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 27ന് ‌‌ഉള്ളിൽ കൈപ്പറ്റണമെന്നു ഡീലർമാർക്കു കർശന നിർദേശവും നൽകി. ഇതു സംബന്ധിച്ച് ആർടിഒമാർക്കും ഡീലർമാർക്കും ഗതാഗത കമ്മിഷണർ കത്തയച്ചു.

മോഷണം തടയാൻ ലക്ഷ്യമിട്ടാണു വാഹനങ്ങളിൽ അതീവസുരക്ഷ നമ്പർപ്ലേറ്റുകൾ കേന്ദ്ര സർക്കാർ ഏപ്രിൽ 1 മുതൽ നിർബന്ധമാക്കിയത്. ഹോളോഗ്രാം സ്റ്റിക്കറും ലേസർ കൊണ്ട് പതിപ്പിച്ച സ്ഥിര നമ്പരും ഉള്ള നമ്പർപ്ലേറ്റുകൾ ഇളക്കി മാറ്റാനാവില്ല.

വാഹനനിർമാതാക്കളോ ഡീലർമാരോ നമ്പർ പ്ലേറ്റ് തയാറാക്കി ഉടമയ്ക്കു സൗജന്യമായി നൽകണം എന്നാണ് ചട്ടം. 3 മാസത്തിനിടെ വിറ്റഴിച്ചതിൽ 1.20 ലക്ഷം വാഹനങ്ങൾക്ക് ഇത്തരം നമ്പർപ്ലേറ്റ് ഘടിപ്പിച്ചിട്ടില്ല. നമ്പർ പ്ലേറ്റുകളിലുള്ള സ്ഥിര നമ്പർ ആർസി ബുക്കിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഇതു ലഭ്യമാകാത്തതു കാരണം ഇവയ്ക്ക് ആർസി ബുക്കും നൽകിയിട്ടില്ല. വ്യാഴാഴ്ചയ്ക്കകം സുരക്ഷ നമ്പർപ്ലേറ്റുകൾ ഘടിപ്പിച്ച് ആർസി ബുക്ക് കൈപ്പറ്റാത്ത ഡീലർമാരുടെ വാഹനങ്ങൾ ഇനി മുതൽ റജിസ്റ്റർ ചെയ്തു നൽകില്ല.

കേന്ദ്രസർക്കാരിന്റ ഉത്തരവിറങ്ങി 3 മാസം കഴി‍ഞ്ഞിട്ടും സംസ്ഥാനത്ത് ഇതു നിർബന്ധമാക്കാൻ വൈകുന്നതു മോട്ടർ വാഹന വകുപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും വിട്ടുവീഴ്ച ചെയ്യേണ്ടന്നുമാണ് ഗതാഗത കമ്മിഷണർ ആർടിഒമാർക്കു നൽകിയിരിക്കുന്ന നിർദേശം. രാജ്യം മുഴുവനുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളുടെ ഏകീകരണത്തിനാണ് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ. 2001 ലാണ് നമ്പർ പ്ലേറ്റ് പരിഷ്കാരം ഏർപ്പെടുത്താൻ നിയമഭേദഗതി കൊണ്ടു വന്നത്. എന്നാൽ പൂർണമായി വിജയം കൈവരിക്കാനായില്ല. ഏതാനും സംസ്ഥാനങ്ങളിൽ മാത്രമാണ് നടപ്പാക്കിയത്. പല തവണ ടെൻഡർ വിളിച്ചെങ്കിലും ലേലത്തിൽ കമ്പനികൾ തമ്മിലുള്ള തർക്കം തടസമാകുകയായിരുന്നു സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്കു നമ്പർ പ്ലേറ്റ് വാങ്ങുമ്പോൾ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത പ്ലേറ്റുകളാണു പ്രചാരത്തിലുണ്ടായിരുന്നത്. എന്നാൽ പുതിയ സാങ്കേതികവിദ്യയുടെ പിൻബലമുള്ള നമ്പർ പ്ലേറ്റുകൾ നിലവിൽ വരുന്നത് ദേശീയതലത്തിൽ തന്നെ നമ്പർ പ്ലേറ്റുകൾക്ക് ഐകരൂപം കൈവരിക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.

റജിസ്റ്റർ ചെയ്യുമ്പോൾ മോട്ടോർവാഹന വകുപ്പ് നമ്പർ നൽകും. ഇത് നമ്പർ പ്ലേറ്റിൽ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലർമാർക്കായിരിക്കും. നമ്പർ പ്ലേറ്റ് നിർമിക്കാൻ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിർമാതാവിനു സമീപിക്കാം. റജിസ്ട്രേഷൻ നമ്പർ, എൻജിൻ, ഷാസി നമ്പറുകൾ രേഖപ്പെടുത്തിയ സ്റ്റിക്കർ നമ്പർപ്ലേറ്റിൽ പതിപ്പിക്കും. ഇതിൽ മാറ്റം വരുത്താൻ പിന്നീട് സാധിക്കില്ല. ഇളക്കാൻ ശ്രമിച്ചാൽ തകരാർ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാൽ നമ്പർ പ്ലേറ്റ് മാറേണ്ടി വന്നാൽ പുതിയ സ്റ്റിക്കറിനു അംഗീകൃതർ സർവീസ് സെന്ററിനെ സമീപിക്കുകയും വേണം.‌

സാധാരണയായ നമ്പർ പ്ലേറ്റുകൾ സ്ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്ലേറ്റുകൾ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്. നമ്പർ പ്ലേറ്റുകൾക്കു ഏകീകൃത സ്വഭാവം കൊണ്ടുവരാനും പുതിയ പരിഷ്കാരത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ഒറിജനൽ രേഖകൾ ഹാജരാക്കിയാലേ നമ്പർ പ്ലേറ്റ് ലഭിക്കൂ. പഴയ വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ളേറ്റുകൾ നിർബന്ധമല്ല. എന്നാൽ താൽപര്യമുള്ളവർക്ക് ഘടിപ്പിക്കാം

What's Your Reaction?

like

dislike

love

funny

angry

sad

wow