കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവം; ഗ്രേഡ് എസ്ഐയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കാണിച്ച് ഷാജിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

Jan 15, 2022 - 08:24
 0

കോവളത്ത്(Kovalam) വിദേശ പൗരനെ(foreigner) അപമാനിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ (suspension) ഗ്രേഡ് എസ് ഐയ്‌ക്കെതിരായ (Grade SI) നടപടി പിന്‍വലിച്ചു. പുതുവര്‍ഷത്തലേന്ന് കോവളത്ത് സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ മദ്യം ഒഴുക്കിക്കളഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ഷാജിയുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.

വിദേശിയെ അപമാനിച്ച സംഭവത്തില്‍ നേരത്തെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. ഇതിനുപിന്നാലെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കാണിച്ച് ഷാജിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം മാത്രമാണ് ചെയ്തതെന്നും വിദേശിയെ അപമാനിച്ചിട്ടില്ലെന്നുമാണ് എസ്‌ഐ ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയിലുള്ളത്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് നടപടി രണ്ടാഴ്ചയ്ക്കുള്ളില്‍ പിന്‍വലിച്ചത്.

കോവളത്തിനടുത്ത് വെള്ളാറില്‍ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫനെയാണ് പോലീസ് തടഞ്ഞത്. വെള്ളാറിലുള്ള ബിവറേജ് ഔട്ട്ലെറ്റില്‍ നിന്നും വാങ്ങിയ മൂന്നു കുപ്പി വിദേശമദ്യവുമായി ഹോട്ടലിലേക്കു പോകുന്ന വഴിയാണ് വാഹന പരിശോധന നടത്തുകയായിരുന്ന കോവളം പോലീസ് സ്‌കൂട്ടറില്‍ പോവുകയായിരുന്ന സ്റ്റീഫനെ കൈകാണിച്ചു നിര്‍ത്തിയത്. ബില്‍ ചോദിച്ച് തടഞ്ഞതിനാല്‍ സ്റ്റീഫന്‍ മദ്യം ഒഴുക്കിക്കളഞ്ഞത് ദേശീയ തലത്തിലും ചര്‍ച്ചയായി. ഇതോടെയാണ് വിദേശിയെ തടഞ്ഞ കോവളം ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തത്.

പിന്നാലെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി സ്റ്റീഫനെ വീട്ടിലേക്ക് വിളിച്ച് വരുത്തി സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിച്ചു. സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എടുത്ത നടപടിക്കെതിരെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എതിര്‍പ്പ് ഉന്നയിച്ചു. ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കുകയാണ് എസ് ഐ ചെയ്തതെന്നാണ് സംഘടന മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് നടപടി പിന്‍വലിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow