Demonetisation| നോട്ടുനിരോധനത്തിന് ആറ് വർഷം: കള്ളപ്പണത്തിനും കള്ളനോട്ടിനും കുറവില്ല

കള്ളപ്പണം തുടച്ചു നീക്കുക, വ്യാജ കറൻസി നോട്ടുകൾ ഇല്ലാതാക്കുക, ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിച്ച് പണ രഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക എന്നീ മൂന്ന് ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടിയാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം

Nov 10, 2022 - 17:02
 0

രാജ്യത്ത് നോട്ട് നിരോധനം (Demonetisation) നടപ്പിലാക്കിയിട്ട് 6 വർഷം കഴിഞ്ഞു. 2016 നവംബർ 8 നാണ് പ്രധാനമന്ത്രി ( Prime Minister) നരേന്ദ്ര മോദി ( Narendra Modi) ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് എല്ലാ 500, 1000 രൂപ നോട്ടുകളും അർധ രാത്രിയോടെ അസാധുവാകുമെന്ന് (invalid) പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് പെരുകുന്ന കള്ളനോട്ടുകളും കള്ളപ്പണവും (black money) ഇല്ലാതാക്കുക എന്നതായിരുന്നു ഈ പ്രാഖ്യാപനത്തിന് പിന്നിലെ ലക്ഷ്യം. രാത്രി 8 മണിയോടെയാണ് നോട്ട് നിരോധനം സംബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എത്തുന്നത്. തുടർന്ന് നാല് മണിക്കൂറിന് ശേഷം അന്ന് പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ 86 ശതമാനവും അസാധുവായി.
മോദിയുടെ ഈ തീരുമാനം ചില സാമ്പത്തിക വിദഗ്ധരെ അത്ഭുതപ്പെടുത്തി, കള്ളപ്പണത്തിന്റെ 5 ശതമാനം മാത്രമാണ് കറൻസി രൂപത്തിൽ സൂക്ഷിച്ചിട്ടുള്ളത് എന്നായിരുന്നു ഇവരുടെ വാദം. ബാക്കിയുള്ളത് റിയൽ എസ്റ്റേറ്റ്, സ്വർണം തുടങ്ങിയ മറ്റ് ആസ്തികളുടെ രൂപത്തിലാണെന്ന് അവർ വാദിച്ചു.

എന്നാൽ, ആറ് വർഷത്തിനിപ്പുറം നോട്ട് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ വാദം തുടരുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. 2016 ലെ ഈ നീക്കം പരിശോധിക്കേണ്ടതുണ്ടെന്നാണ് നോട്ട് നിരോധന തീരുമാനവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ച് കഴിഞ്ഞ ഒക്ടോബറിൽ പറഞ്ഞത്.

കള്ളപ്പണം തുടച്ചു നീക്കുക, വ്യാജ കറൻസി നോട്ടുകൾ ഇല്ലാതാക്കുക, ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിച്ച് പണ രഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക എന്നീ മൂന്ന് ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടിയാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. ഈ ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനമായി എടുത്തു പറഞ്ഞത് കള്ളപ്പണം ഇല്ലാതാക്കലായിരുന്നു. കള്ളപ്പണം എന്നത് ബാങ്കിങ് സംവിധാനത്തിൽ കണക്കാക്കാത്ത പണത്തെയോ സംസ്ഥാനത്തിന് നികുതി നൽകിയിട്ടില്ലാത്ത പണത്തെയോ ആണ് സൂചിപ്പിക്കുന്നത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ ബി ഐ) കണക്കുകൾ പ്രകാരം, അസാധുവാക്കിയ പണത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗവും (99 ശതമാനത്തിലധികം) ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തി. അസാധുവാക്കിയ 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളിൽ 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് തിരിച്ചെത്തിയത്.

നോട്ട് നിരോധനം ഉൾപ്പെടെയുള്ള വിവിധ കള്ളപ്പണ വിരുദ്ധ നടപടികളിലൂടെ 1.3 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെടുത്തതായി, 2019 ഫെബ്രുവരിയിൽ അന്നത്തെ ധനമന്ത്രി പിയൂഷ് ഗോയൽ പാർലമെന്റിൽ പറഞ്ഞിരുന്നു. നോട്ട് നിരോധനം എന്ന ആശയത്തെ താൻ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും ഈ നീക്കത്തിന്റെ ഹ്രസ്വകാല ആഘാതം ദീർഘകാല നേട്ടങ്ങളെക്കാൾ കൂടുതലാകുമെന്ന് കരുതുന്നതായും മുൻ ആർ ബി ഐ ഗവർണർ രഘുറാം രാജൻ തന്റെ ' ഐ ഡു വാട്ട് ഐ ഡു ' എന്ന പുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നു.

നോട്ട് നിരോധനം കൊണ്ട് മാത്രം ബാങ്കിങ് സംവിധാനത്തിന് പുറത്ത് 3 - 4 ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഇല്ലാതാകുമെന്നാണ് സർക്കാർ യഥാർത്ഥത്തിൽ പ്രതീക്ഷിച്ചിരുന്നത്. അതിനാൽ, കള്ളപ്പണം കണ്ടെത്തുന്നതിൽ നോട്ട് നിരോധനം പരാജയമാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കള്ളപ്പണം പിടിച്ചെടുക്കൽ സംഭവങ്ങൾ ഇപ്പോഴും തുടർന്നു വരികയാണ്.

ഈ വർഷം ആ​ഗസ്റ്റിൽ, ഹരിയാനയിലും ഡൽഹി-എൻ‌സി‌ആറിലും ആശുപത്രികൾ നടത്തുന്ന നിരവധി ബിസിനസ് ഗ്രൂപ്പുകൾ റെയ്ഡ് ചെയ്തതിനെ തുടർന്ന് 150 കോടി രൂപയിലധികം കള്ളപ്പണം കണ്ടെത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു . അതുപോലെ, തമിഴ്‌നാട്ടിൽ പട്ടുസാരി വ്യാപാരത്തിലും ചിട്ടി ഫണ്ടിലും ഏർപ്പെട്ടിരിക്കുന്ന രണ്ട് ബിസിനസ് ഗ്രൂപ്പുകൾക്കെതിരെ നടത്തിയ പരിശോധനയിൽ 250 കോടിയിലധികം രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം വകുപ്പ് കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇത്തരത്തിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

നോട്ട് നിരോധനത്തിന്റെ രണ്ടാമത്തെ ലക്ഷ്യം, കള്ള നോട്ടുകൾ നിയന്ത്രിക്കുക എന്നതായിരുന്നു. എന്നാൽ ഇതും പ്രതീക്ഷിച്ച ഫലം കണ്ടെതായി തോന്നുന്നില്ല. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ 10.7 ശതമാനം വർധിച്ചതായാണ് ആർബിഐ മെയ് 27 ന് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. 500 രൂപയുടെ കള്ളനോട്ടുകളിൽ 101.93 ശതമാനം വർധനയുണ്ടായതായി കേന്ദ്ര ബാങ്ക് കണ്ടെത്തി, അതേസമയം 2000 രൂപയുടെ വ്യാജ നോട്ടുകൾ 54 ശതമാനത്തിലധികം വർധിച്ചിട്ടുണ്ട്. 10 രൂപയുടെയും 20 രൂപയുടെയും കള്ളനോട്ടുകളിൽ യഥാക്രമം 16.45 ശതമാനവും 16.48 ശതമാനവും വർധനയുണ്ടായതായി ആർബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു . 200 രൂപയുടെ വ്യാജ നോട്ടുകൾ 11.7 ശതമാനം ഉയർന്നു. അതേസമയം 50 രൂപയുടെയും 100 രൂപയുടെയും കള്ളനോട്ടുകൾ യഥാക്രമം 28.65 ശതമാനവും 16.71 ശതമാനവും കുറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 6.9 ശതമാനം ആർബിഐയിലും ബാക്കി 93.1 ശതമാനം മറ്റ് ബാങ്കുകളിലുമാണ് കണ്ടെത്തിയത്.

നോട്ട് നിരോധനം നടപ്പിലാക്കിയ 2016ൽ രാജ്യത്തുടനീളം 6.32 ലക്ഷം കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. അടുത്ത നാല് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം വിവിധ മൂല്യങ്ങളിലുള്ള 18.87 ലക്ഷം കള്ളനോട്ടുകൾ പിടിച്ചെടുത്തതായി ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നു.
നോട്ട് അസാധുവാക്കലിന് ശേഷമുള്ള വർഷങ്ങളിൽ ഏറ്റവും കൂടുതൽ പിടികൂടിയത് 100 രൂപ മൂല്യമുള്ള കള്ളനോട്ടുകൾ ആണ്- 2019-20ൽ 1.7 ലക്ഷം, 2018-19ൽ 2.2 ലക്ഷം, 2017-18ൽ 2.4 ലക്ഷം എന്നിങ്ങനെ ആയിരുന്നു പിടിച്ചെടുത്ത ഈ കള്ള നോട്ടുകളുടെ എണ്ണം . മുൻ വർഷങ്ങളെ അപേക്ഷിച്ച് 10 രൂപ നോട്ടുകളിൽ 144.6 ശതമാനവും 50 രൂപ നോട്ടുകളിൽ 28.7 ശതമാനവും 200 രൂപ നോട്ടുകളിൽ 151.2 ശതമാനവും 500 രൂപയുടെ [മഹാത്മാഗാന്ധി ന്യൂ സീരീസ്] നോട്ടുകളിൽ 37.5 ശതമാനവും എന്ന പ്രകാരം കള്ളനോട്ടുകളിൽ വർധനവുണ്ടായതായി ആർബിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

നോട്ട് നിരോധനത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യമായിരുന്നു പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുക എന്നത്.  നോട്ട് നിരോധനത്തിന് ശേഷമുള്ള വർഷങ്ങളിലും നോട്ട് തന്നെ രാജാവായി തുടരുന്നുവെന്ന് തെളിയിച്ചു. ആർബിഐ കണക്കുകൾ പ്രകാരം, പൊതുജനങ്ങളുടെ കൈവശമുള്ള കറൻസി 2022 ഒക്ടോബർ 21 പ്രകാരം 30.88 ലക്ഷം കോടിയായി ഉയർന്നു. 2016 നവംബർ 4 പ്രകാരം 17.7 ലക്ഷം കോടി രൂപ ആയിരുന്നു ഇത്. 2016 നവംബർ 4 ന് അവസാനിച്ച രണ്ടാഴ്ചത്തെ നിലയേക്കാൾ 71.84 ശതമാനം കൂടുതലാണ് ഇപ്പോൾ പൊതുജനങ്ങളുടെ കൈവശമുള്ള കറൻസി.

നോട്ട് നിരോധനത്തിന് ശേഷമുള്ള കാലയളവിൽ ഡിജിറ്റൽ പണമിടപാടുകൾ തീർച്ചയായും വർധിച്ചിട്ടുണ്ട്. ആർബിഐയുടെ കണക്കുകൾ പ്രകാരം, യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകൾ ഒക്ടോബറിൽ 12.11 ലക്ഷം കോടി രൂപ എന്ന പുതിയ ഉയരത്തിലെത്തി. ആറ് മാസം മുമ്പ് മെയ് മാസത്തിലാണ് ഇത് 10 ലക്ഷം കോടി എന്ന നാഴികക്കല്ല് പിന്നിട്ടത്. എണ്ണം കണക്കിലെടുത്താലും റെക്കോർഡ് നേട്ടമാണ്, ഒക്ടോബറിൽ 730 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. സെപ്തംബറിൽ, 678 കോടിയുപിഐ ഇടപാടുകൾ നടന്നു, ഇടപാടുകളുടെ മൂല്യം 11 ലക്ഷം കോടി രൂപ മറികടന്നു. 2022 സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം 71 ലക്ഷം കോടി ഡിജിറ്റൽ പേയ്‌മെന്റുകൾ നടന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ ​ഗണ്യമായ വർധന ഉണ്ടായി. 2015 മുതൽ യുപിഐ ഇടപാടുകൾ എണ്ണത്തിലും മൂല്യത്തിലും ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്.



നോട്ട് നിരോധനത്തിന്റെ ഏറ്റവും വലിയ പ്രഖ്യാപിത ലക്ഷ്യങ്ങളായ കള്ളപ്പണം ഇല്ലാതാക്കുക, കള്ളനോട്ട് നിയന്ത്രിക്കുക, പണരഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക എന്നിവ ഇനിയും നേടാനായിട്ടില്ല എതാണ് വസ്തുത. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചിട്ടുണ്ടെങ്കിലും, ആളുകൾ ഇപ്പോഴും നേരിട്ടുള്ള പണമിടപാടുകൾ നടത്താൻ താൽപ്പര്യപ്പെടുന്നുണ്ട്. അതേസമയം ഓൺലൈൻ ഇടപാടുകളുടെ കുതിച്ചുചാട്ടത്തിന് പ്രധാന കാരണം കോവിഡ് മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണുകളും ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. വളരെ വിനാശകരമായ ഈ സാമ്പത്തിക നീക്കം നടത്തിയിരുന്നില്ലെങ്കിൽ പോലും ഇത്തരം ഡിജിറ്റൽ ചാനലുകൾ ഉയർന്നുവരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.


ഇന്ത്യൻ സാമ്പത്തിക സാഹചര്യത്തിൽ നോട്ട് നിരോധനം വിവേകപൂർവമായ നടപടിയാണോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സജീവമാണ്. ഡിജിറ്റൽ പണമിടപാടുകളിൽ വ്യക്തമായ മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും, നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിതവും പ്രാഥമികവുമായ ലക്ഷ്യമായ കള്ളപ്പണം കണ്ടെത്താനുള്ള നടപടികൾക്ക് ഫലം ഉണ്ടായോ എന്നതും സംശയമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow