ലോകകപ്പിലെ ഇന്നിങ്സും തോറ്റുപോകും, ഈ പ്രകടനത്തിൽ; വീണ്ടും സ്റ്റോക്സ്, ഇംഗ്ലണ്ട്

ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ ബെൻ സ്റ്റോക്സ് പുറത്തെടുത്ത ആ പോരാട്ടവീര്യം ഒറ്റപ്പെട്ട സംഭവമായി എഴുതിത്തള്ളിയവർക്കു തെറ്റി

Aug 26, 2019 - 02:20
 0
ലോകകപ്പിലെ ഇന്നിങ്സും തോറ്റുപോകും, ഈ പ്രകടനത്തിൽ; വീണ്ടും സ്റ്റോക്സ്, ഇംഗ്ലണ്ട്
വിജയറൻസ് എടുത്തതിനുശേഷം സ്ട്രോക്‌സിന്റെ ആഹ്ളാദപ്രേകടനം

ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ ബെൻ സ്റ്റോക്സ് പുറത്തെടുത്ത ആ പോരാട്ടവീര്യം ‘ഒറ്റപ്പെട്ട സംഭവ’മായി എഴുതിത്തള്ളിയവർക്കു തെറ്റി! അന്ന് ലോഡ്സിൽ പുറത്തെടുത്ത അവിസ്മരണീയ പ്രകടനത്തേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ഇന്നിങ്സുമായി ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ലീഡ്സിൽ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച് ബെൻ സ്റ്റോക്സിന്റെ പുനരവതാരം. എട്ടാം ടെസ്റ്റ് സെഞ്ചുറിയുമായി സ്റ്റോക്സ് നടത്തിയ ‘അസാധാരണ’ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് സ്വന്തമായത് ക്രിക്കറ്റ് ചരിത്രത്തിലെ അവിശ്വസനീയ വിജയങ്ങളിലൊന്ന്. തോൽവി ഉറപ്പിച്ചിടത്തുനിന്ന് ഇംഗ്ലണ്ടിനെ കൈപിടിച്ചുയർത്തിയ സ്റ്റോക്സ്, ഒരു വിക്കറ്റിന്റെ ‘ചെറുതല്ലാത്ത’ വിജയമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും1–1ന് ഒപ്പമായി. ഒന്നാം ഇന്നിങ്സിൽ വെറും 67 റൺസിന് പുറത്തായി 112 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡും വഴങ്ങിയ ശേഷമാണ് സ്റ്റോക്സിന്റെ ചിറകിലേറി ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്.359 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന് 286 റൺസെടുക്കുമ്പോഴേയ്ക്കും ഒൻപതു വിക്കറ്റ് നഷ്ടപ്പെട്ടതാണ്. ഒരു വിക്കറ്റ് കയ്യിലിരിക്കെ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 73 റൺസ്. ഉറച്ച ആരാധകർ പോലും തോറ്റുവെന്ന് ഉറപ്പിച്ചിടത്തുനിന്ന് സ്റ്റോക്സ് ‘സൂപ്പർമാനായി’ ഉദിച്ചുയർന്നത്. ഉറച്ച പിന്തുണയുമായി ജാക്ക് ലീച്ചെന്ന കണ്ണാടിക്കാരനും കൂട്ടുനിന്നതോടെ 126.4 ഓവറിൽ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു. പിരിയാത്ത 10–ാം വിക്കറ്റിൽ ജാക്ക് ലീച്ചിനൊപ്പം 62 പന്തിൽ 76 റൺസിന്റെ അവിശ്വസനീയ കൂട്ടുകെട്ടാണ് സ്റ്റോക്സ് തീർത്തത്. ഇതിൽ 75 റൺസും നേടിയത് സ്റ്റോക്സ് തന്നെ.

സ്റ്റോക്സ് 219 പന്തിൽ 11 ബൗണ്ടറിയും എട്ടു സിക്സും സഹിതം 135 റൺസുമായി പുറത്താകാതെ നിന്നു. ജാക്ക് ലീച്ച് 17 പന്തിൽ ഒരു റണ്ണുമായി ഉറച്ച പിന്തുണ നൽകി കൂട്ടുനിന്നു. നാലാം വിക്കറ്റിൽ ഇംഗ്ലണ്ട് വിജയകരമായി പിന്തുടരുന്ന ഉയർന്ന സ്കോർ കൂടിയാണിത്. ടീം വിജയിച്ച മൽസരങ്ങളിൽ 10–ാം വിക്കറ്റിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടു കൂടിയാണിത്. ഈ വർഷം തന്നെ ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പിരിയാതെ 78 റൺസെടുത്ത് ശ്രീലങ്കയെ വിജയത്തിലെത്തിച്ച കുശാൽ പെരേര – വിശ്വ ഫെർണാണ്ടോ സഖ്യമാണ് മുന്നിൽ. ടെസ്റ്റ് ചരിത്രത്തിൽ ഇംഗ്ലണ്ടിന്റെ നാലാമത്തെ ഒരു വിക്കറ്റ് ജയം കൂടിയാണിത്. 96 വർഷത്തിനിടെ നേടുന്ന ആദ്യ ഒരു വിക്കറ്റ് ജയവും

ഇംഗ്ലണ്ട് വിജയത്തിന് രണ്ടു റൺസ് വേണ്ടിയിരിക്കെ ഉറച്ചൊരു റണ്ണൗട്ട് അവസരം പാഴാക്കിയ നേഥൻ ലയണിനും ഓസീസിനും സ്വയം പഴിക്കാം. വിജയത്തിനരികെ സ്റ്റോക്സിനെ ലയൺ എൽബിയിൽ കുരുക്കിയെങ്കിലും ഔട്ട് നിഷേധിച്ച അംപയറിനുമുണ്ട്, വിജയത്തിൽ ചെറിയ പങ്ക്. റിവ്യൂ ഒന്നും ശേഷിക്കാത്തതിനാൽ അംപയറിന്റെ തീരുമാനം അന്തിമമായി.

359 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിൽ നിൽക്കെയാണ് അഞ്ചാമനായി സ്റ്റോക്സ് ക്രീസിലെത്തുന്നത്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രത്തിന്റെ ഭാഗമായി മാറിയത് വളരെ പെട്ടെന്നാണ്. മൂന്നാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ജോ റൂട്ട് 75 റൺസോടെയും സ്റ്റോക്സ് 50 പന്തിൽ രണ്ടു റൺസോടെയും ക്രീസിൽ.

ഏഴു വിക്കറ്റ് കയ്യിലിരിക്കെ 203 റൺസ് അകലെ നിൽക്കുന്ന വിജയലക്ഷ്യത്തിലേക്ക് നാലാം ദിനം ബാറ്റെടുക്കുമ്പോൾ ഇംഗ്ലണ്ട് പ്രതീക്ഷകളുടെ ആണിക്കല്ല് ക്യാപ്റ്റൻ ജോ റൂട്ടായിരുന്നു. എന്നാൽ, നാലാം ദിനം തുടക്കത്തിലേ ആ പ്രതീക്ഷ പാളി. തലേന്നത്തെ സ്കോറിനോട് രണ്ടു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും റൂട്ട് പുറത്ത്. നേഥൻ ലയണിന്റെ പന്തിൽ ഡേവിഡ് വാർണറിനു ക്യാച്ച് സമ്മാനിച്ചായിരുന്നു റൂട്ടിന്റെ മടക്കം.

തുടർന്ന് ക്രീസിൽ ഒരുമിച്ച ജോണി‍ ബെയർസ്റ്റോയും സ്റ്റോക്സും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ട് സ്കോർ 245ൽ എത്തിച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 86 റൺസ്. 68 പന്തിൽ നാലു ബൗണ്ടറി സരിതം 36 റൺസെടുത്ത ബെയർസ്റ്റോയെ പുറത്താക്കി ഹെയ്സൽവുഡാണ് കൂട്ടുകെട്ട് പൊളിച്ചത്. ജോസ് ബ‍ട്‌ലർ (1), ക്രിസ് വോക്സ് (1) എന്നിവർ വന്നപോലെ മടങ്ങിയെങ്കിലും എട്ടാം വിക്കറ്റിൽ ജോഫ്ര ആർച്ചറിനെ കൂട്ടുപിടിച്ച് സ്റ്റോക്സ് 25 റൺസ് കൂട്ടിച്ചേർത്തു. 33 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 15 റൺസുമായി ആർച്ചറും തൊട്ടുപിന്നാലെ സ്റ്റുവാർട്ട് ബ്രോഡ് സംപൂജ്യനായും മടങ്ങുമ്പോൾ വിജയത്തിൽനിന്ന് 73 റൺസ് അകലെയായിരുന്നു ഇംഗ്ലണ്ട്. അവിടെനിന്നായിരുന്നു സ്റ്റോക്സിന്റെ അസാധാരണ പ്രകടനത്തിന്റെ തുടക്കം

What's Your Reaction?

like

dislike

love

funny

angry

sad

wow