വിമാനത്താവളങ്ങളിലൂടെ സിഗരറ്റ് കള്ളക്കടത്ത്

സംസ്ഥാനത്തെ 3 വിമാനത്താവളങ്ങളിലൂടെ വൻ തോതിൽ സിഗരറ്റ് കള്ളക്കടത്ത് തുടരുന്നതായി സൂചന. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലൂടെയാണു വിദേശ സിഗരറ്റിന്റെ കള്ളക്കടത്ത് തുടരുന്നത്

Apr 12, 2019 - 14:48
 0
വിമാനത്താവളങ്ങളിലൂടെ സിഗരറ്റ് കള്ളക്കടത്ത്

കൊച്ചി∙ സംസ്ഥാനത്തെ 3 വിമാനത്താവളങ്ങളിലൂടെ വൻ തോതിൽ സിഗരറ്റ് കള്ളക്കടത്ത് തുടരുന്നതായി സൂചന. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലൂടെയാണു വിദേശ സിഗരറ്റിന്റെ കള്ളക്കടത്ത് തുടരുന്നത്.

സ്കാനറിൽ സിഗരറ്റ് കാർട്ടണുകൾ വ്യക്തമായി കണ്ടെത്താമെന്നിരിക്കെ, വിമാനത്താവളങ്ങളിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശ കള്ളക്കടത്തിനുണ്ടെന്ന സൂചനകൾ ശക്തമാണ്. കഴിഞ്ഞ ഫെബ്രുവരി 14ന് മാത്രം തിരുവനന്തപുരം വിമാനത്താവളത്തിൽ 36 ലക്ഷത്തോളം രൂപയുടെ സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്തതോടെയാണു കള്ളക്കടത്ത് നിർബാധം തുടരുന്നതും ഉദ്യോഗസ്ഥരുടെ സഹായമുണ്ടെന്നതും വ്യക്തമായത്. കസ്റ്റംസിലെ ഒരു ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു സിഗരറ്റ് വേട്ട. സ്വന്തം ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും ഇവർ പരിശോധന തുടർന്നതാണു കള്ളക്കടത്തുകാർക്കു തിരിച്ചടിയായത്.

കാസർകോട്, കോഴിക്കോട് ജില്ലകളിൽനിന്നുള്ള യൂസഫ്, അബ്ദുൽ സലാം, ഫാസിൽ മുഹമ്മദ്, അബ്ദുൽ റഷീദ്, മുഹമ്മദ് ബഷീർ, കെ.അഹമ്മദ്, റഹ്മാൻ ഖാദർ, സിദ്ദിഖ്, മുഹമ്മദ് ഫൈസൽ എന്നിവരാണു ഫെബ്രുവരി 14നു പിടിയിലായത്. ഇവരുമായി ബന്ധമുള്ള പലരും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴി അതിനു മുൻപും യാത്ര ചെയ്തിരുന്നതായി വ്യക്തമായിരുന്നു. ഇതിൽ യൂസഫ് 2018 ഏപ്രിലിലും ഒക്ടോബറിലും ഓരോ തവണയും നവംബറിൽ 2 തവണയും ഡിസംബറിലും ഇക്കൊല്ലം ജനുവരിയിലും കേരളത്തിലെത്തിയിരുന്നു.

കണ്ടെത്താൻ എളുപ്പം, എന്നിട്ടും കള്ളക്കടത്ത്?

വലിയ കെട്ടുകളായെത്തിക്കുന്ന സിഗരറ്റ് ഒളിച്ചു കടത്തുക ബുദ്ധിമുട്ടാണെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ഇത്, കള്ളക്കടത്തിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതിന്റെ വ്യക്തമായ തെളിവാണ്. 2 കേസുകളിൽ കള്ളക്കടത്തുകാർ തന്നെ ഇതേ വാദം ഉന്നയിച്ചിരുന്നു. സിഗരറ്റ് ഡിക്ലയർ ചെയ്തില്ലെന്ന കസ്റ്റംസിന്റെ വാദം തെറ്റാണെന്നും ഇത്രയും വലിയ കെട്ട് ഒളിച്ചു കടത്താൻ കഴിയില്ലെന്നുമായിരുന്നു വാദം. ഇത് അംഗീകരിച്ച കോടതി, സിഗരറ്റ് വിദേശത്തേക്കു റീ എക്സ്പോർട് നടത്താൻ ഉത്തരവിടുകയായിരുന്നു.

പിടിച്ചെടുത്തതിൽനിന്നു മോഷണം?

വിമാനത്താവളങ്ങളിൽനിന്നു പിടിച്ചെടുക്കുന്ന കള്ളക്കടത്ത് സിഗരറ്റ്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിൽനിന്ന് മോഷണം നടക്കുന്നതായും ആരോപണമുണ്ട്.

ചെറിയ മുതൽ മുടക്ക്, നല്ല ലാഭം

സ്വർണക്കടത്തിനു വലിയ മുതൽ മുടക്ക് ആവശ്യമാണെന്നതിനാലാണു ചെറുകിട സംഘങ്ങൾ സിഗരറ്റ് കള്ളക്കടത്തിൽ തുടരുന്നത്. 10 സിഗരറ്റുകളാണ് ഒരു പായ്ക്കറ്റിലുണ്ടാവുക. 20 പായ്ക്കറ്റുകളടങ്ങിയതാണ് ഒരു കാർട്ടൺ. ഇത്തരം 100 കാർട്ടണുകളോ 200 കാർട്ടണുകളോ ഉള്ള വലിയ കെട്ടുകളായാണു കള്ളക്കടത്ത്. ഒരു കെട്ട് കടത്തിയാൽ ഒരു ലക്ഷം രൂപയെങ്കിലും ലാഭം കിട്ടുമെന്നതാണ് ആകർഷണം. വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥർക്ക് 25,000 രൂപ മുതൽ 30,000 രൂപ വരെയാണു കൈക്കൂലി നൽകേണ്ടത്. 2 കെട്ട് കൊണ്ടു വരുന്നുണ്ടെങ്കിൽ, കൈക്കൂലി വർധിക്കും.

സിഗരറ്റുകൾ എവിടേക്ക്?

പ്രധാന നഗരങ്ങളിലെ ചില ആഡംബര റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും വേണ്ടിയാണു വിദേശ സിഗരറ്റ് ദുബായിയിൽനിന്നു കള്ളക്കടത്തു നടത്തുന്നത്. നിയമവിധേയമായ അറിയിപ്പുകളില്ലാത്ത സിഗരറ്റുകൾ ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്. കള്ളക്കടത്തു നടത്തുന്നതും ഇത്തരം സിഗരറ്റുകളാണ്. അതു കൊണ്ടു തന്നെ, 3 ഇരട്ടി വില നൽകിപ്പോലും ഇവ വാങ്ങാൻ ഇന്ത്യയിൽ ആളുകളുണ്ട്.

‘സിഗരറ്റ് കള്ളക്കടത്ത് വലിയ ലാഭമുള്ളതാണ്. വിമാനത്താവളത്തിലെ പല വിഭാഗങ്ങളിലെയും ഉദ്യോഗ്സ്ഥർക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടായേക്കാം. നേരത്തെ കണ്ടെത്തിയ പല കള്ളക്കടത്ത് കേസുകളിലും വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. സ്കാനർ മാത്രം ഉണ്ടായാൽ പോര. അവിടെയിരിക്കുന്ന ഉദ്യോഗസ്ഥന്റെ മിടുക്കും സിഗരറ്റ് കള്ളക്കടത്ത് കണ്ടെത്തുന്നതിൽ നിർണായകമാണ്’ – സുമിത് കുമാർ, കമ്മിഷണർ, കസ്റ്റംസ്, കൊച്ചി

What's Your Reaction?

like

dislike

love

funny

angry

sad

wow