ബിജെപി സർക്കാരിനെതിരെ ഹസാരെയുടെ സമരപ്രഖ്യാപനം

പൊതു തിരഞ്ഞെടുപ്പായി എന്നു കേ‍ൾക്കുന്നുണ്ടെങ്കിലും രാജ്യം ശരിക്കും തിരഞ്ഞെടുപ്പിലേക്കു കടക്കുന്നെന്നു തോന്നൽ ശക്തമാകുന്നത് ഇപ്പോഴാണ്. അണ്ണാ ഹസാരെയുടെ പത്രസമ്മേളനത്തോടെ. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലായിരുന്നു

Jan 22, 2019 - 22:09
 0
ബിജെപി സർക്കാരിനെതിരെ ഹസാരെയുടെ സമരപ്രഖ്യാപനം

പൊതു തിരഞ്ഞെടുപ്പായി എന്നു കേ‍ൾക്കുന്നുണ്ടെങ്കിലും രാജ്യം ശരിക്കും തിരഞ്ഞെടുപ്പിലേക്കു കടക്കുന്നെന്നു തോന്നൽ ശക്തമാകുന്നത് ഇപ്പോഴാണ്. അണ്ണാ ഹസാരെയുടെ പത്രസമ്മേളനത്തോടെ. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലായിരുന്നു നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ സമര പ്രഖ്യാപനവുമായി 30 മുതൽ ഹസാരെ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചത്

ലോക്പാൽ, ലോകായുക്ത തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം ഹസാരെ ഇക്കുറി ഊന്നി പറഞ്ഞത് കർഷകപ്രശ്നങ്ങളെക്കുറിച്ചു കൂടിയാണ്. കാര്യം വ്യക്തം, ഹസാരെയുടെ വരവോടെ രാജ്യത്ത് പലയിടങ്ങളിലായി നടക്കുന്ന കർഷകസമരം ആളിക്കത്തും. വിവിധ കർഷക സംഘടനകളുടെ പിന്തുണയും ഹസാരെയ്ക്കുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകിയ കർഷകരോഷം ഹസാരെ കൂടി ഏറ്റെടുത്താൽ ക്ഷീണം ചെയ്യുമെന്ന ആശങ്ക ബിജെപിവൃത്തങ്ങളിലുണ്ട്. 

സമരം എന്നു വരെ തുടരുമെന്നൊരാളുടെ ചോദ്യം, ‘ജീവൻ പോകും വരെ’ എന്നായിരുന്നു ഹസാരെയുടെ മറുപടി. കർഷകരുടെ കടം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി എഴുതിത്തള്ളണമെന്നതടക്കമുള്ള ആവശ്യങ്ങളാണു നിരാഹാര സമരം പ്രഖ്യാപിച്ച ഹസാരെ, ഉന്നയിക്കുന്നത്. ലോക്പാൽ, ലോകായുക്ത എന്നീ ആവശ്യങ്ങളും ആവർത്തിച്ചു. അഴിമതി വിരുദ്ധ ഓംബുഡ്സ്മാൻ രൂപീകരിക്കുമെന്ന ഉറപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചു. ലോക്പാൽ രൂപീകരിച്ചിരുന്നെങ്കിൽ, റഫാൽ അഴിമതി തന്നെ ഉണ്ടാവില്ലായിരുന്നു. റഫാലിനെക്കുറിച്ചു ചില വിവരങ്ങൾ ശേഖരിച്ചു വരികയാണ്. അതുമായി വൈകാതെ മാധ്യമങ്ങളെ കാണും–ഹസാരെ പറഞ്ഞു

ഹസാരെയുടെ സമരങ്ങൾ തിരഞ്ഞെടുപ്പ് അജൻഡ തീരുമാനിക്കാറുണ്ടെന്നതാണ‍ു ചരിത്രം. ആദ്യ രണ്ടു സമരങ്ങൾ കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിന് എതിരായിരുന്നെങ്കിൽ ഇക്കുറി ബിജെപിക്ക് എതിരെയാണ്. മോദി പ്രഭാവനത്തിനൊപ്പം 2014ലെ തിരഞ്ഞെടുപ്പിൽ, കോൺഗ്രസിനെതിരായി രാജ്യം വിധിയെഴുതിയതിൽ ഹസാരെയുടെ സമരങ്ങൾക്കും വലിയ പങ്കുണ്ടായിരുന്നു. 2011 ലെ കോൺഗ്രസ് വിരുദ്ധ സമരത്തിൽ ബിജെപിയും ആർഎസ്എസുമാണ് പ്രധാനമായും ഹസാരെയെ പിന്തുണച്ചത്. എന്നാൽ, വാക്കുപാലിക്കാത്ത ബിജെപിക്ക് എതിരായാണ് ഇപ്പോൾ സമരം

 

നരേന്ദ്ര മോദിക്കെതിരെ നേരിട്ട് ആരോപണങ്ങൾ ഉന്നയിക്കാൻ ഹസാരെ തുനിയുമെന്നതാണു ശ്രദ്ധേയം. മാർച്ചിൽ നടന്ന നിരാഹാര സമരത്തിൽ മോദിക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു. തന്റെ സമരത്തെ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നു വരെ ആരോപിച്ചു. സമരത്തിനു ജനങ്ങൾ എത്താതിരിക്കാൻ മോദി ട്രെയിനുകൾ റദ്ദാക്കി. ജനങ്ങളെ അക്രമത്തിലേക്കു തള്ളിവിട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മോദിക്ക് 21 കത്തുകൾ അയച്ചെങ്കിലും ഒന്നിലും മറുപടി ലഭിച്ചില്ല. കാപട്യമാണു സർക്കാർ അജൻഡ– എന്നിങ്ങനെ നീണ്ടു മോദിക്കെതിരെയുള്ള ആരോപണം.

വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ഹസാരെയുടെ സമരങ്ങൾക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും താൻ രാഷ്ട്രീയത്തിലേക്കില്ലെന്നു ഹസാരെ ഇന്നും ആവർത്തിച്ചു. മമതാ ബാനർജി കഴിഞ്ഞദിവസം നടത്തിയ പ്രതിപക്ഷ റാലി അടക്കമുള്ളവയെക്കുറിച്ചായിരുന്നു ചോദ്യം. താൻ കക്ഷിരാഷ്ട്രീയത്തെക്കുറിച്ചു സംസാരിക്കാനില്ലെന്നായിരുന്നു മറുപടി. കഴിഞ്ഞ മാർച്ചിൽ രാംലീലയിൽ അടക്കം നടത്തിയ സമരത്തിൽ രാഷ്ട്രീയക്കാരെ ഹസാരെ വിലക്കിയിരുന്നു. ഹസാരയുടെ മുന്നേറ്റങ്ങൾക്കു ലഭിച്ച ജനപിന്തുണയിൽ രാഷ്ട്രീയച്ചുവടുറപ്പിച്ചവരിൽ നിന്നുള്ള മുന്നനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു നീക്കം.

അഴിമതി വിരുദ്ധ സമരത്തിന്റെ പിൻബലത്തിലാണ് അരവിന്ദ് കേജ്‍രിവാളും സംഘവും എഎപി രൂപീകരിച്ചത്. ഹസാരെയ്ക്കൊപ്പം സജീവമായിരുന്ന കിരൺ ബേദി ബിജെപിയിലെത്തിയതും യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ എന്നിവർ സ്വരാജ് ഇന്ത്യ പാർട്ടി രൂപീകരിച്ചതുമെല്ലാം ഓർത്താകും പൂർണമായും രാഷ്ട്രീയക്കാരെ വിലക്കിയുള്ള നീക്കം.

What's Your Reaction?

like

dislike

love

funny

angry

sad

wow