എൻഡിഎ സഖ്യത്തിൽ ചേർന്നു; പിന്നാലെ മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ

Mar 29, 2024 - 15:34
 0
എൻഡിഎ സഖ്യത്തിൽ ചേർന്നു; പിന്നാലെ മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ

മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ. യുപിഎ ഭരണ കാലത്ത് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതില്‍ അഴിമതിയെന്ന കേസാണ് അവസാനിപ്പിച്ചിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് പട്ടേല്‍ എൻഡിഎ സഖ്യത്തിലുള്ള എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അവസാനിപ്പിച്ചതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ 2017 മെയില്‍ സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് സിബിഐ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെയും എയര്‍ ഇന്ത്യയുടെയും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഏഴ് വര്‍ഷത്തോളം കേസ് അന്വേഷിച്ച സിബിഐ പ്രഫുല്‍ പട്ടേലിനും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ കേസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്.

വ്യോമയാനമന്ത്രിയായിരുന്ന സമയത്ത് പ്രഫുല്‍ പട്ടേല്‍ തന്റെ പദവി ദുരുപയോഗം ചെയ്ത്, അന്ന് പൊതു വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയ്ക്ക് വന്‍തോതില്‍ വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ ചില സ്വകാര്യ കമ്പനികളുമായും എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. എയര്‍ ക്രാഫ്റ്റ് അക്വിസിഷന്‍ പ്രോഗാം നടക്കുമ്പോഴും വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നത് തുടര്‍ന്നുവെന്നും പരാതിയുണ്ടായിരുന്നു.

അതേസമയം എട്ടു മാസങ്ങൾക്കും മുൻപാണ് പ്രഫുൽ പട്ടേൽ എൻഡിഎ സഖ്യത്തിലുള്ള മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയിൽ ചേരുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പട്ടേലിനെ മത്സരിപ്പിക്കുമെന്ന് എന്‍സിപി കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow