വേറിട്ട പ്രചാരണ രീതികളുമായി കോൺഗ്രസ് പോഷകസംഘടനകൾ; ദുർബല ബൂത്തുകൾ ഏറ്റെടുക്കും

Mar 27, 2024 - 16:06
 0
വേറിട്ട പ്രചാരണ രീതികളുമായി കോൺഗ്രസ് പോഷകസംഘടനകൾ; ദുർബല ബൂത്തുകൾ ഏറ്റെടുക്കും

കോൺഗ്രസ് ദുർബലമായ ബൂത്തുകളുടെ ചുമതല പാർട്ടിയുടെ പോഷക സംഘടനകൾ ഏറ്റെടുക്കും. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി, മഹിളാ കോൺഗ്രസ്, കെഎസ്‌ എന്നീ സംഘടനകൾക്ക് പാർട്ടി നിർദേശം നൽകി. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 15 വീതം ബൂത്തുകൾ ഏറ്റെടുത്തു പ്രവർത്തിക്കാനാണ് നിർദേശം.

ബൂത്തുകളെ കോൺഗ്രസിൻ്റെ ശക്‌തിയും സ്വാധീനവും അനുസരിച്ച് എ, ബി, സി എന്നിങ്ങനെ തിരിക്കും. സി വിഭാഗം ബൂത്തുകൾ പോഷക സംഘടനകൾ ഏറ്റെടുക്കും. ഇവിടെ സ്ക്വാഡ് പ്രവർത്തനത്തിനുള്ള പ്രത്യേക ടീമും രൂപീകരിക്കും. പ്രചാരണവിഭാഗം അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും നേതൃത്വത്തിൽ വിളിച്ചുചേർത്ത പോഷക സംഘടനകളുടെ യോഗത്തിലാണു ചുമതലകൾ വിഭജിച്ചത്.

ബസ് സ്‌റ്റാൻഡുകൾ കേന്ദ്രീകരിച്ചുള്ള ബസ് ക്യാംപെയ്ൻ, സൈക്കിൾ റാലി, സ്‌ഥാനാർഥി-വിദ്യാർഥി സംവാദം, സർവകലാശാലകളിൽ ഉപവാസ സമരം എന്നിവ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.

പട്ടികജാതി വിദ്യാർഥികൾക്കുള്ള ഗ്രാൻ്റ് മുടങ്ങിയതിനെതിരെ, പട്ടികജാതി വകുപ്പു മന്ത്രി മത്സരിക്കുന്ന ആലത്തൂരിൽ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യും. യുവാക്കളെ കോൺഗ്രസ് പ്രചാരണവുമായി അടുപ്പിക്കാൻ ജില്ലകളിൽ യൂത്ത് ഫെസ്‌റ്റിവലുകൾ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കും. ലോക്സഭാ മണ്ഡലം തലത്തിൽ, ഓരോ ബൂത്തിലെയും ഒരു കന്നി വോട്ടറെ വീതം പങ്കെടുപ്പിച്ച് യൂത്ത് കോൺക്ലേവും ഒരുക്കും.

ജീവനക്കാരുടെ വിഷയങ്ങൾ ഉന്നയിച്ച് സർവീസ് സംഘടനകൾ സമരപരിപാടികൾ നടത്തും. ഏപ്രിൽ ഒന്നിനു ഡിഎ സംരക്ഷണ ശൃംഖലയും എട്ടിനു സെക്രട്ടേറിയറ്റ് ഉപവാസവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ തലം മുതൽ പഞ്ചായത്ത് തലം വരെ ഐഎൻടിയുസി ‘വർക്കേഴ്‌സ് മീറ്റ്’ സംഘടിപ്പിക്കും. അതേസമയം മഹിളാ കോൺഗ്രസ് വനിതാ സ്‌ക്വഡുകളെ രംഗത്തിറക്കി വനിതാ സംഘടനകളുമായി ചേർന്നുള്ള പരിപാടികൾ സംഘടിപ്പിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow