'യുവാക്കളെ അക്രമം നടത്തുന്നതിന് പരിശീലിപ്പിക്കുന്നു"- സിദ്ധാർഥന്റെ വീട് സന്ദർശിച്ച് ​ഗവർണർ

Mar 1, 2024 - 19:01
 0
'യുവാക്കളെ അക്രമം നടത്തുന്നതിന് പരിശീലിപ്പിക്കുന്നു"-  സിദ്ധാർഥന്റെ വീട് സന്ദർശിച്ച് ​ഗവർണർ

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ മൃഗീയമായ പരസ്യ വിചാരണയെത്തുടര്‍ന്ന് മരണപ്പെട്ട സിദ്ധാർഥന്റെ വീട് സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. സംസ്ഥാനത്ത് ചില ശക്തികൾ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും ഗവർണർ പറഞ്ഞു.

സംഭവത്തിൽ മാതാപിതാക്കൾ തനിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി മറുപടി നൽകി. ഇതിൽ നിന്നും എസ്എഫ്ഐയുടെ പങ്ക് വ്യക്തമാണ്. അക്രമം പ്രോത്സാഹിപ്പിച്ച് സമൂഹത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത്? അവർ അക്രമത്തിലാണ് വിശ്വസിക്കുന്നത്. യുവാക്കളാണ് അക്രമത്തിൽ ഏർപ്പെടുന്നത്. അക്രമത്തിന് വേറെ എന്ത് തെളിവ് വേണമെന്നും അദ്ദേഹം ചോദിച്ചു.

കമ്മ്യൂണിസം എല്ലായിടത്തും തകർന്നത് അക്രമം കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിൽ മാത്രമാണ് ഇപ്പോഴുമുള്ളത്. അക്രമത്തിന് പരിശീലനം നൽകുകയാണ് അവര്‍. കേസുകൾ പതിറ്റാണ്ടുകൾ നീണ്ടുപോകും. പൂർണ്ണമായും നേതാക്കൾക്ക് അടിമപ്പെടാൻ പട്ടാളത്തെ സൃഷ്ടിക്കുകയാണ്. ഒരു ജോലിക്കും അപേക്ഷിക്കാൻ ഈ യുവാക്കൾക്ക് കഴിയില്ല. യുവാക്കളുടെ ഭാവി തകർക്കപ്പെടുന്ന സ്ഥിതിയാണ്.

യുവാക്കളെ ഒരുപരിധിയിലധികം കുറ്റപ്പെടുത്താന്‍ താന്‍ തയ്യാറല്ല. കാരണം, ഇവർ മറ്റുള്ളവരുടെ കൈയ്യിലെ വെറും കരുക്കളാണ്. ഇവർക്കെതിരെ പോലീസ് കേസെടുക്കുന്നതോടെ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നു. ഇതോടെ, ഇവർ ചില രാഷ്ട്രീയ നേതാക്കളെ ആശ്രയിക്കേണ്ടിവരുന്നു,

സംഭവത്തിൽ അതീവ ദുഃഖമുണ്ട്. ധീരതയുള്ള കുടുംബമാണ് സിദ്ധാര്‍ത്ഥിന്റെത്. രാഷ്ട്രീയ പാർട്ടികൾ അക്രമം ഉപേക്ഷിക്കണം. പ്രവർത്തന രീതി പുനഃപ്പരിശോധിക്കാൻ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം യുവാക്കൾക്ക് അക്രമത്തിൽ പ്രോത്സാഹനം നൽകരുതെന്നും ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow