അജിത് പവാര്‍ വിഭാഗം ഇനി യഥാര്‍ത്ഥ എന്‍സിപി; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Feb 7, 2024 - 12:38
 0
അജിത് പവാര്‍ വിഭാഗം ഇനി യഥാര്‍ത്ഥ എന്‍സിപി; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അതികായകനായി അറിയപ്പെട്ടിരുന്ന ശരത് പവാറിന് വന്‍ തിരിച്ചടി. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായി തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചു.

എന്‍സിപി സ്ഥാപക നേതാവു കൂടിയായ ശരദ് പവാറിനു കനത്ത തിരിച്ചടിയാണ് കമ്മിഷന്റെ നടപടി. എംഎല്‍എമാരില്‍ ഏറിയ പങ്കും അജിതിനൊപ്പമാണ് എന്നതു കണക്കിലെടുത്താണ്, പാര്‍ട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും അജിത് പവാറിന് നല്‍കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്.

രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍, പുതിയ പേരു സ്വീകരിക്കാന്‍ ശരദ് പവാര്‍ വിഭാഗത്തിന് തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്കുള്ളില്‍ പാര്‍ട്ടിയുടെ പുതിയ പേരും ചിഹ്നവും തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.

മഹാരാഷ്ട്ര വികാസ് അഘാടി (എംവിഎ) സഖ്യത്തിന് കനത്ത തിരിച്ചടിയായി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് എന്‍സിപി പിളര്‍ത്തി അജിത് പവാര്‍ എക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന ബിജെപി സര്‍ക്കാരില്‍ ചേര്‍ന്നത്. ഇതിനു പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അഞ്ചാം തവണ അജിത് പവാര്‍ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.

നിയമസഭയിലെ ഭൂരിപക്ഷമാണ് അജിത് പവാര്‍ വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായ അംഗീകരിക്കാന്‍ കാരണമെന്ന് കമ്മിഷന്‍ പറയുന്നു. സഭയിലെ 81 എന്‍.സി.പി. എം.എല്‍.എമാരില്‍ 51 പേരുടെയും പിന്തുണ അജിത്തിനായിരുന്നു. തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തോടെ എന്‍.സി.പിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്കും ഇനി അജിത് പവാര്‍ പക്ഷത്തിന് ഉപയോഗിക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow