ആസാമിൽ ആയിരത്തോളം സ്വകാര്യ മദ്രസകൾ ഉടൻ പൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

Jan 2, 2024 - 21:53
 0
ആസാമിൽ ആയിരത്തോളം സ്വകാര്യ മദ്രസകൾ ഉടൻ പൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

സംസ്ഥാനത്തെ ആയിരത്തോളം സ്വകാര്യ മദ്രസകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തന്റെ ഔദ്യോഗിക വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെ അസമിലെ 1281 മദ്രസകൾ ജനറൽ സ്‌കൂളാക്കിയതായി മാറ്റിയതായി അസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മദ്രസകളുടെ പേര് മിഡിൽ ഇംഗ്ലീഷ് സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് പുതിയ നീക്കം.

നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൂവായിരത്തിലധികം സ്വകാര്യ മദ്രസകളുടെ എണ്ണം രണ്ടായിരമാക്കുമെന്നും ആസാം പോലീസും വിദ്യാഭ്യാസ വകുപ്പും ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ വരും ദിവസങ്ങളിൽ 1000 സ്വകാര്യ മദ്രസകൾ കുറയ്ക്കാൻ കഴിയുമെന്നും ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ഈ വിഷയത്തിൽ സ്വകാര്യ മദ്രസകളുമായി ആസാം സർക്കാരിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം ആസാമിലെ തദ്ദേശീയരായ മുസ്ലീങ്ങളുടെ പ്രത്യേക സെൻസസ് സർക്കാർ നടത്തുമെന്നും അദ്ദേഹം മറ്റൊരു പ്രസ്താവനയിൽ പറഞ്ഞു. 2024-ഓടെ തദ്ദേശീയ മുസ്ലീങ്ങളുടെയും അസാമിലെ മുസ്ലീങ്ങളുടെയും സെൻസസ് പൂർത്തിയാകുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ ഉറപ്പു നൽകി.

“അസാമീസ് മുസ്ലീം കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന അഞ്ച് വ്യത്യസ്ത സമുദായങ്ങൾക്കിടയിലുള്ള സെൻസസ് നടത്തണമെന്ന ആവശ്യം ഞങ്ങൾ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഇപ്പോൾ ആസാമീസ് മുസ്ലീങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളും വാർഡുകളും മറ്റ് സ്ഥലങ്ങളും പരിശോധിച്ചു വരികയാണ്. 2024ഓടെ ഈ സെൻസസ് പൂർത്തിയാകും" എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മദ്രസകൾ അടച്ചുപൂട്ടി ഇതിന് പകരം സ്‌കൂളുകളും കോളേജുകളും സർവ്വകലാശാലകളും വേണമെന്ന് മാർച്ചിൽ കർണാടകയിലെ ബെലഗാവിയിൽ നടന്ന ഒരു റാലിയിൽ ആസാം മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow