പത്തു വർഷം മുമ്പ് രാഹുല്‍ ​ഗാന്ധി കീറിയെറിഞ്ഞ അതേ ഓർഡിനൻസ് ഇന്ന് രാഹുലിന് തിരിച്ചടിയായി

Mar 25, 2023 - 11:01
 0
പത്തു വർഷം മുമ്പ് രാഹുല്‍ ​ഗാന്ധി കീറിയെറിഞ്ഞ അതേ ഓർഡിനൻസ് ഇന്ന് രാഹുലിന് തിരിച്ചടിയായി

2013ൽ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ നടത്തിയ വാർത്താ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി പെട്ടെന്ന് കടന്നുവന്ന് അന്നത്തെ യുപിഎ സർക്കാർ കൊണ്ടുവന്ന ഒരു ഓർഡിനൻസ് കീറിക്കളഞ്ഞിരുന്നു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഒഴിവാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ആയിരുന്നു അത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന രാഹുല്‍ ഗാന്ധി തന്നെ പരസ്യമായി കീറിയെറിഞ്ഞത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.

പത്തു വർഷങ്ങൾക്കു മുൻപു ചെയ്ത ആ പ്രവൃത്തി ഇപ്പോൾ രാഹുൽ ​ഗാന്ധിക്കു തന്നെ തിരിച്ചടി ആയിരിക്കുകയാണ്. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും രണ്ടുകൊല്ലം തടവിന് വിധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, രാഹുല്‍ ഗാന്ധി ലോക്‌സഭാ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ടിരിക്കുകയുമാണ്. നിയമയുദ്ധത്തിന് പുറമേ മറ്റു പല കാര്യങ്ങളിലും രാഹുൽ ​ഗാന്ധിക്ക് പോരാടേണ്ടി വരും.

ഈ സാഹചര്യത്തെ രാഹുലും അദ്ദേഹത്തിന്റെ ടീമും എങ്ങനെ നേരിടുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധി തന്റെ തോൽവി ജനങ്ങളിൽ സഹതാപവും ഉണർത്താൻ ഉപയോഗിച്ചിരുന്നു. എന്നാൽ രാഹുലിനെ സംബന്ധിച്ചിടത്തോളം ഈ പോരാട്ടം കൂടുതൽ കടുപ്പമുള്ളതും ഏറെക്കാലം നീണ്ടുനിൽക്കുന്നതുമായിരിക്കും. ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ, നിയമപ്രകാരം ആറ് വർഷത്തേക്ക് അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.

”എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ ദൈവം. അത് നേടാനുള്ള മാർഗം അഹിംസയാണ്”, എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ”എന്റെ സഹോദരൻ ഒരിക്കലും ഭയപ്പെട്ടിട്ടില്ല, ഒരിക്കലും ഭയപ്പെടുകയുമില്ല”, എന്നാണ് പ്രിയങ്ക ​ഗാന്ധിയുടെ ട്വീറ്റ്.

രാഹുൽ ഗാന്ധിയുടെ മറ്റൊരു ഇമേജ് മേക്ക് ഓവറിന്റെ ഭാ​ഗമായി കോൺഗ്രസും അദ്ദേഹത്തിന്റെ മാനേജർമാരും അദ്ദേഹത്തെ മഹാത്മാഗാന്ധിയെപ്പോലെ അധികാര മോഹമില്ലാത്ത ഒരാളായി അവതരിപ്പിച്ചേക്കാം. രാഹുൽ ​ഗാന്ധി ദീർഘകാലത്തേക്ക് അയോഗ്യനാക്കപ്പെട്ടേക്കാമെന്നും മത്സരിക്കാൻ സാധിക്കില്ലെന്നും കോൺഗ്രസിന് അറിയാം. പക്ഷേ, എം‌പി അല്ലെങ്കിലും ശക്തനായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായി അദ്ദേഹത്തെ ഉയർത്തിക്കാട്ടാൻ കോൺ​ഗ്രസ് ആഗ്രഹിക്കുന്നു.

”രാഹുൽ ഗാന്ധി എംപി ആണോ അല്ലയോ എന്നതോ മത്സരിക്കാൻ കഴിയുമോ കഴിയില്ലയോ എന്നതും ഒരു പ്രശ്നമല്ല. അദ്ദേഹത്തിന്റെ വാക്കുകളും പോരാട്ടവും എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പുകൾക്കും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഞങ്ങൾ ഉപയോഗപ്പെടുത്തും”, എന്നാണ് ഒരു മുതിർന്ന കോൺ​ഗ്രസ് നേതാവ്  പറഞ്ഞത്.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിക്കുന്നതിൽ മാറ്റമുണ്ടാകില്ലെന്നും കോൺ​ഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2024ലെ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സോണിയാ ഗാന്ധിക്കു മേലും വയനാട്ടിൽ നിന്ന് മത്സരിക്കാൻ പ്രിയങ്ക വാദ്രക്കു മേലും സമ്മർദ്ദം ഏറിവരികയാണ്. ഇന്ദിരാഗാന്ധിക്കെതിരെയുള്ള ഒന്നിലധികം കേസുകൾ അവർ തന്റെ തിരിച്ചുവരവിനായി ആയുധമാക്കി. രാഹുൽ ഗാന്ധിയുടെ കാര്യത്തിലും അത് തന്നെ സംഭവിക്കുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ പ്രതീക്ഷിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow