Droupadi Murmu | പാവപ്പെട്ടവർക്ക് സ്വപ്നം കാണാൻ മാത്രമല്ല: സാക്ഷാത്കരിക്കാനും കഴിയും: രാഷ്ട്രപതി

ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു (Droupadi Murmu) അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയാണ് (N V Ramana) സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇന്ത്യയിലെ ദരിദ്രരായ ജനങ്ങൾക്ക് സ്വപ്നം കാണാൻ മാത്രമല്ല, ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയുമെന്നാണ് തനിക്കു ലഭിച്ച രാഷ്ട്രപതി സ്ഥാനം തെളിയിക്കുന്നതെന്നും ദ്രൗപദി മുർമു പറഞ്ഞു

Jul 25, 2022 - 23:26
 0
Droupadi Murmu | പാവപ്പെട്ടവർക്ക് സ്വപ്നം കാണാൻ മാത്രമല്ല: സാക്ഷാത്കരിക്കാനും കഴിയും: രാഷ്ട്രപതി

ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു (Droupadi Murmu) അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയാണ് (N V Ramana) സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇന്ത്യയിലെ ദരിദ്രരായ ജനങ്ങൾക്ക് സ്വപ്നം കാണാൻ മാത്രമല്ല, ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയുമെന്നാണ് തനിക്കു ലഭിച്ച രാഷ്ട്രപതി സ്ഥാനം തെളിയിക്കുന്നതെന്നും ദ്രൗപദി മുർമു പറഞ്ഞു. തന്നെ തിരഞ്ഞെടുത്ത എല്ലാം ജനപ്രതിനിധികളോടുമുള്ള നന്ദിയും രാഷ്ട്രപതി പ്രകടിപ്പിച്ചു.

''രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്ന ഈ സുപ്രധാന വേളയിലാണ് ഞാൻ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് എന്റെ വ്യക്തിപരമായ നേട്ടമല്ല, രാജ്യത്തെ എല്ലാ പാവപ്പെട്ടവരുടെയും നേട്ടമാണ്'', ദ്രൗപതി മുർമു പറഞ്ഞു.

''നിങ്ങൾക്കെല്ലാവർക്കും നന്ദി പറയുന്നു. നിങ്ങളുടെ വിശ്വാസവും സഹകരണവുമാണ് എന്റെ ശക്തി. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ രാഷ്ട്രപതിയാണ് ഞാൻ. അടുത്ത 25 വർഷത്തേക്ക്, ദീർഘവീക്ഷണത്തോടെ ഇന്ത്യ പദ്ധതികൾ തയ്യാറാക്കുന്ന ഈ ചരിത്ര സമയത്ത് ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിഞ്ഞത് മഹത്തായ ഒരു കാര്യമായി ഞാൻ കണക്കാക്കുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികം ആഘോഷിച്ച വേളയിൽ എന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് തികച്ചും യാദൃശ്ചികമാണ്. ഇന്ന്, സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ, എനിക്ക് ഈ പുതിയ ഉത്തരവാദിത്തം ലഭിച്ചിരിക്കുന്നു'', രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തു കൊണ്ട് ദ്രൗപതി മുർമു പറഞ്ഞു.

''ഞാൻ ആദിവാസി സമൂഹത്തിൽ പെട്ടയാളാണ്, വാർഡ് കൗൺസിലറിൽ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്താൻ എനിക്ക് അവസരം ലഭിച്ചു. ഇത് ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയുടെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്. പാവപ്പെട്ട വീട്ടിൽ, ആദിവാസി മേഖലയിൽ ജനിച്ച ഒരാൾക്ക് ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയിൽ എത്താൻ കഴിയുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയെ ആണ് തെളിയിക്കുന്നത്. രാഷ്ട്രപതി സ്ഥാനത്തെത്തിയത് എന്റെ വ്യക്തിപരമായ നേട്ടമല്ല, ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്റെയും നേട്ടമാണ്. നൂറ്റാണ്ടുകളായി അവസരങ്ങൾ നിഷേധിക്കപ്പെട്ടവരും, വികസന നേട്ടങ്ങൾ അനുഭവിക്കാത്തവരും, ദരിദ്രരും, അധഃസ്ഥിതരും, പിന്നാക്കക്കാരും, ആദിവാസികളുമെല്ലാം എന്നിൽ അവരുടെ തന്നെ പ്രതിഫലനം കാണുന്നത് എനിക്ക് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. രാജ്യത്തെ എല്ലാ ജനങ്ങളുടെയും, പ്രത്യേകിച്ച് ഇന്ത്യയിലെ യുവാക്കളുടെയും സ്ത്രീകളുടെയും താൽപര്യങ്ങൾ എനിക്ക് പരമപ്രധാനമായിരിക്കുമെന്ന് ഈ അവസരത്തിൽ ഞാൻ ഉറപ്പ് നൽകുന്നു'', ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.

രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും രാഷ്ട്രപതി പ്രശംസിച്ചു. ''കൊറോണ വൈറസ് എന്ന ആഗോള പ്രതിസന്ധിയെ നേരിടുന്നതിൽ ഇന്ത്യ കാണിച്ച മികവ് ലോകമെമ്പാടും രാജ്യത്തിന്റെ വിശ്വാസ്യത വർധിപ്പിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, 200 കോടി ഡോസ് കൊറോണ വൈറസ് വാക്സിൻ വിതരണം ചെയ്ത രാജ്യമെന്ന റെക്കോർഡും ഇന്ത്യക്ക് ലഭിച്ചു. ഈ പോരാട്ടത്തിൽ രാജ്യത്തെ ജനങ്ങൾ കാണിച്ച സംയമനവും ധൈര്യവും സഹകരണവും, ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ ശക്തിയുടെയും സംവേദനക്ഷമതയുടെയും പ്രതീകമാണ്'', ദ്രൗപതി മുർമു പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow