ആന്‍ഡ്രോയിഡിന് വലിയൊരു മാറ്റവുമായി ഗൂഗിൾ|

ലോകത്തെ ഏറ്റവും പ്രചാരമുള്ള മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് പേരിടല്‍ രീതികള്‍ മാറ്റുകയാണ്. ഗൂഗിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ മൂന്നാം വേര്‍ഷന് 'കപ്‌കേക്ക്' എന്ന പേരു നല്‍കിയാണ്

Aug 25, 2019 - 03:58
 0
ആന്‍ഡ്രോയിഡിന്   വലിയൊരു മാറ്റവുമായി ഗൂഗിൾ|
Google android 10

ലോകത്തെ ഏറ്റവും പ്രചാരമുള്ള മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് പേരിടല്‍ രീതികള്‍ മാറ്റുകയാണ്. ഗൂഗിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ മൂന്നാം വേര്‍ഷന് 'കപ്‌കേക്ക്' എന്ന പേരു നല്‍കിയാണ് ഈ രീതിക്കു തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ആന്‍ഡ്രോയിഡ് പതിപ്പിന്റെ പേര് പൈ (ആന്‍ഡ്രോയിഡ് 9) എന്നായിരുന്നു. എന്നാല്‍, ഇനി ഇത്തരം മധുരപരഹാര നാമങ്ങള്‍ ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനുകള്‍ക്ക് നല്‍കേണ്ടതില്ല എന്നാണ് കമ്പനിയുടെ പുതിയ തീരുമാനം. എന്നു പറഞ്ഞാല്‍ 'ആന്‍ഡ്രോയിഡ് 10' പതിപ്പു മുതല്‍ കൂടുതല്‍ 'ഡെക്കറേഷന്‍സ്' ഒന്നുമില്ലാതെ കൊണ്ടുപോകാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അതാണ് തങ്ങളുടെ ചില ഉപയോക്താക്കള്‍ക്ക് ഉപയോഗപ്രദം എന്ന തിരിച്ചറിവാണ് കമ്പനിയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതന്നും വാര്‍ത്തകള്‍ പറയുന്നു.

 

ഓരോ പുതിയ ആന്‍ഡ്രോയിഡ് പതിപ്പിനുമൊപ്പം മധുരപലഹാരത്തിന്റെയും മറ്റും പേരിടുന്ന സമ്പ്രദായം തുടങ്ങിയതിനെക്കുറിച്ച് പല കഥകളുമുണ്ട്. 'ആന്‍ഡ്രോയിഡ് ഒരു ബില്ല്യനിലേറെ സ്മാര്‍ട് ഫോണുകള്‍ക്ക് ജീവന്‍ പകരുന്നതാണ്. അത് ലോകത്തെ നിരവധിയാളുകളുടെ ജീവിതത്തിന് മധുരംപകരുന്നു. ഇതിനാലാണ് തങ്ങള്‍ കപ്‌കേക്ക്, ഡോനട്ട്, എക്ലയര്‍, ഫ്രോയോ, ജിഞ്ചര്‍ബ്രെഡ്, ഐസ്‌ക്രീം സാന്‍ഡ്‌വിച്, ജെല്ലി ബീന്‍ തുടങ്ങിയ മധുരപലഹാരങ്ങളുടെ പേരുകള്‍ ഉപയോഗിച്ചു വന്നത്' എന്നാണ് 2013ല്‍ 'കിറ്റ്കാറ്റ്' വേര്‍ഷന്‍ അവതരിപ്പിച്ചുകൊണ്ട് ഗൂഗിള്‍ പറഞ്ഞത്.

ഈ വര്‍ഷത്തെ വേര്‍ഷനായി ആന്‍ഡ്രോയിഡ് 10ന് ആന്‍ഡ്രോയിഡ് ക്യൂ (Q) എന്നായിരുന്നു പേരിട്ടിരുന്നത്. അടുത്ത കാലത്തായി, ഇങ്ങനെ ഒരു അക്ഷരം പേരായി ഗൂഗിള്‍ ഇട്ട ശേഷം അതു വച്ചു തുടങ്ങുന്ന മധുര പലഹാരത്തിന്റെ പേരിലേക്ക് മാറ്റുകയാണ് ചെയ്തുവന്നിരുന്നത്. എന്നാല്‍ ഇനിയുള്ള ആന്‍ഡ്രോയിഡ് പതിപ്പുകള്‍ അത്തരമൊരു പേരിന്റെ അകമ്പനിടയില്ലാതെ ഇറക്കാനാണ് തങ്ങള്‍ക്കു താത്പര്യമെന്നാണ് കമ്പനി പറഞ്ഞത്. അതായത് വെറും 'ആന്‍ഡ്രോയിഡ് 10' എന്ന് തങ്ങളുടെ പുതിയ ഒഎസ് പതിപ്പ് അറിയപ്പെടുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്.

നാമകരണ പാരമ്പര്യം നിർത്തുന്നത്കൂടുതല്‍ ആളുകളുടെ താത്പര്യം സംരക്ഷിക്കാന്‍ എന്നാണ് ഗൂഗിള്‍ ഔദ്യോഗികമായി പറയുന്നത്. തങ്ങളുടേത് ബ്രഹത്തായ ഒരു ആഗോള ബ്രാന്‍ഡ് ആണെന്നും ഇതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മനുഷ്യരുടെ താത്പ്രര്യങ്ങള്‍ സംരക്ഷിക്കേണ്ടതായി ഉണ്ടെന്നുമാണ് അവര്‍ പറയുന്നത്. ഇന്നും ചെറുപ്പക്കാരല്ലാതെ, അധികം പേരും കൃത്യമായി ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേരുകള്‍ ഓര്‍ത്തുവയ്ക്കാറില്ല. ഒരാള്‍ കടയില്‍ ചെല്ലുമ്പോള്‍ ഇത് 'ഓറിയോയാണ്'. ഇത് 'പൈ' ആണ്, എന്നൊക്കെ കേട്ടാല്‍ അവ തമ്മിലുള്ള വ്യത്യാസം മനസിലാകണമെന്നില്ല. എന്നാല്‍ ഈ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം 'ആന്‍ഡ്രോയിഡ് 9' ആണ്, ഇത് 'ആന്‍ഡ്രോയിഡ് 10' ആണ് എന്നൊക്കെ പറഞ്ഞാല്‍ പുതിയ വേര്‍ഷനാണോ പഴയതാണോ എന്നു മനസിലാക്കാന്‍ കൂടുതല്‍ എളുപ്പമായിരിക്കുമെന്നു കാണാം. ഗൂഗിളിന്റെ മുഖ്യ എതിരാളിയായ ആപ്പിളിന്റെ ഐഒഎസ്, സംഖ്യകളിലൂടെയാണ് നീങ്ങുന്നതെന്നു കാണാം.

 

കൂടാതെ, ഭാവിയിലേക്കു നോക്കുമ്പോള്‍ ഇനി ഉപയോഗിക്കാന്‍ അധികം അക്ഷരങ്ങള്‍ ഇല്ലെന്ന അവസ്ഥയും വരാം. അതുപോലെ തന്നെ ആന്‍ഡ്രോയിഡ് ക്യൂ എന്നാണ് പുതിയ ഓപ്പറേറ്റിങ് വേര്‍ഷന് പേരിട്ടിരുന്നത്. ക്യൂവിനു പറ്റിയ മധുരപലഹാര നാമങ്ങളൊന്നും കണ്ടെത്താനായില്ല എന്നും ചില വാര്‍ത്തകള്‍ പറയുന്നു. കൂടാതെ, ലോകത്തെ വിവിധ ഭാഗങ്ങളിലെ ആളുകള്‍ തങ്ങള്‍ പരിഗണിക്കുന്നുവെന്ന ഗൂഗിളിന്റെ വാദത്തിൽ കഴമ്പുണ്ടെന്നും പറയുന്നു. കാരണം നൂഗട്ട്, മാര്‍ഷ്മാലോ എന്നുമൊക്കെയുള്ള വിഭവങ്ങളോ പേരുകളോ ലോകത്തിന്റ പല ഭാഗങ്ങളിലും കേട്ടിട്ടു പോലും ഉണ്ടാവില്ല. അന്യസംസ്‌കാര വാക്കുകള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇതു ചെയ്തിരുന്നത്.

ആന്‍ഡ്രോയിഡിന്റെ ചിഹ്നം റോബോട്ടിന്റെതാണ്. ഇതിന് നൂഗട്ടുമോ, മാര്‍ഷ്മാലോയുമായോ, പൈയുമായോ, ഐസ്‌ക്രീം സാന്‍ഡിവിച്ചുമായോ ഒന്നും ഒരു ബന്ധവുമില്ല. അതുകൂടാതെ, ആന്‍ഡ്രോയിഡ് മുതിര്‍ന്നതിനാല്‍ 'മിഠായിപ്പല്ലുകള്‍' കൊഴിച്ചതാണ് കാരണമെന്ന രസകരമായ വാദം ഉന്നയിക്കുന്നവരും ഉണ്ട്. ഇനി കൂടുതല്‍ ഗൗരവമുള്ള പതിപ്പുകള്‍ ഇറങ്ങാന്‍ പോകുന്നു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് പാടെ ഉപേക്ഷിച്ച് ഫ്യൂഷ എന്ന പേരില്‍ തങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കുമാറുമെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow