കടുത്ത ശൈത്യം; ചണ്ഡീഗഢിൽ വിദേശ പക്ഷികളെ ആശുപത്രിയിലേക്ക് മാറ്റി

കടുത്ത ശൈത്യത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുവേണ്ടി ചണ്ഡീഗഡിലെ (Chandigarh) നഗര്‍വനിലെ (Nagar Van) പക്ഷികേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ചില വിദേശ പക്ഷികളെ (Exotic Birds) പക്ഷികളുടെ ആശുപത്രിയിലേക്ക് മാറ്റി

Jan 25, 2022 - 11:01
 0
കടുത്ത ശൈത്യം; ചണ്ഡീഗഢിൽ വിദേശ പക്ഷികളെ ആശുപത്രിയിലേക്ക് മാറ്റി

ചണ്ഡീഗഡിലെ (Chandigarh) നഗര്‍വനിലെ (Nagar Van) പക്ഷികേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ചില വിദേശ പക്ഷികളെ (Exotic Birds) പക്ഷികളുടെ ആശുപത്രിയിലേക്ക് മാറ്റി. കടുത്ത ശൈത്യത്തിൽ നിന്ന് അവയെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ മാറ്റം. നീലയും മഞ്ഞയും നിറങ്ങളുള്ള മക്കാവ് (Macaw), ചുവപ്പും പച്ചയും നിറങ്ങളുള്ള മക്കാവ്, റെയിന്‍ബോ ലോറികീറ്റ് (Rainbow Lorikeet), സ്വെയിന്‍സണ്‍സ് ലോറിക്കീറ്റ് (Swainson's Lorikeet) എന്നിവ ആശുപത്രിയിലേക്ക് മാറ്റിയ പക്ഷികളിൽ ഉൾപ്പെടുന്നു.

"മറ്റ് വിദേശ പക്ഷികളെ പാർപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിൽ വന്യജീവി വകുപ്പ് തടി കൊണ്ടുള്ള കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ കൂടുകളും മുകളില്‍ നിന്ന് ഭദ്രമായി മൂടിയിട്ടുണ്ട്. അതിനാല്‍ ആ പക്ഷികള്‍ക്ക് തങ്ങളുടെ ചുറ്റുപാടുകളും ആസ്വദിക്കാനാകും. എന്നാൽ, ചില വിദേശ പക്ഷികള്‍ക്ക് ശൈത്യകാലം ഒട്ടും സഹിക്കാൻ കഴിയില്ല. ഈ ഇനങ്ങള്‍ക്ക് കൂടുതല്‍ മുന്‍കരുതലുകള്‍ ആവശ്യമാണ്. പക്ഷികളുടെ ആശുപത്രിയില്‍ ഞങ്ങള്‍ ഹീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്", ചണ്ഡീഗഢിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ദേബേന്ദ്ര ദലൈ പറഞ്ഞു. ഛത്ബീര്‍ മൃഗശാലയിലും എല്ലാ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ശൈത്യകാലത്ത് വേണ്ട പരിചരണം നല്‍കുന്നുണ്ട്.

കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഈ പക്ഷികേന്ദ്രം സന്ദര്‍ശകര്‍ക്കായി അടച്ചിട്ടിരുന്നു. കുറഞ്ഞത് 45 ഇനത്തിൽപെട്ട 840 വിദേശ പക്ഷികള്‍ ഇവിടെയുണ്ട്. നവംബര്‍ 16ന് രാജ്യത്തിന്റെ പ്രഥമ വനിത സവിത കോവിന്ദ് ആണ് വാക്ക് ത്രൂ ഏവിയറി ഉദ്ഘാടനം ചെയ്തത്.

ആഫ്രിക്കന്‍ ഗ്രേ പാരറ്റ്, വൈറ്റ്-ഐഡ് കോനൂര്‍, ബ്ലൂ ഗോള്‍ഡ് മക്കാവ് എന്നിങ്ങനെ മൂന്ന് ഇനങ്ങളില്‍ പെട്ട ധാരാളം പക്ഷികളെ പക്ഷികേന്ദ്രത്തിൽ കാണാമെന്ന് ദേബേന്ദ്ര ദലൈ പറഞ്ഞു. ചണ്ഡീഗഡിലെ ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റ് നാല് ഏക്കറിലധികം സ്ഥലത്തായി സജ്ജീകരിച്ചിരിക്കുന്ന ബേര്‍ഡ് പാര്‍ക്കില്‍ പ്രാരംഭ ഘട്ടത്തില്‍ 48 ഇനങ്ങളിലുള്ള 550 വിദേശ പക്ഷികളെയാണ് പാര്‍പ്പിക്കുന്നത്. ഇവിടെ വെള്ളത്തിലും കരയിലും ജീവിക്കുന്ന പക്ഷികള്‍ക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സിംഗപ്പൂരിലെ ജുറോംഗ് ബേര്‍ഡ് പാര്‍ക്കിന്റെ മാതൃകയിലാണ് ഏവിയറി വികസിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സുഖ്ന തടാക സംരക്ഷിത വനമേഖലയിലും പരിസരത്തും 100 ഹെക്ടറില്‍ പരന്നുകിടക്കുന്ന നഗര്‍ വനില്‍ നടപ്പാതകള്‍, ജോഗിംഗ് പാതകള്‍, ആഴം കുറഞ്ഞ ജലാശയങ്ങള്‍, സന്ദര്‍ശകര്‍ക്കായി ഷെഡുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പദ്ധതിക്കായി രൂപീകരിച്ച കമ്മിറ്റി പക്ഷികളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് പ്രദേശത്തെ ആവാസവ്യവസ്ഥ, സസ്യജാലങ്ങള്‍, ജലത്തിന്റെ ഗുണനിലവാരം എന്നിവയെക്കുറിച്ച് പഠനം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow