960 ലീറ്റർ പാൽ പറമ്പിൽ ഒഴുക്കി, ക്രിസ്മസ് കേക്കുകള്‍ കൂട്ടിയിട്ടു കത്തിച്ചു; അന്വേഷണം നടത്തണമെന്നു സംഘടനകൾ

Jan 7, 2023 - 15:17
 0
960 ലീറ്റർ പാൽ പറമ്പിൽ ഒഴുക്കി, ക്രിസ്മസ് കേക്കുകള്‍ കൂട്ടിയിട്ടു കത്തിച്ചു; അന്വേഷണം നടത്തണമെന്നു സംഘടനകൾ

കൺസ്യൂമർഫെഡിന്റെ പുത്തനങ്ങാടി ഗോ‍ഡൗണിൽ മിച്ചമുണ്ടായിരുന്ന മിൽമ കിറ്റുകളിലെ പാൽ പാക്കറ്റുകളും ക്രിസ്മസ് കേക്കുകളും കൂട്ടിയിട്ടു കത്തിച്ചു. കോട്ടയം – ഇടുക്കി ജില്ലകളിലായി മിച്ചം വന്ന കാലാവധി കഴിഞ്ഞ 1900 ഓണം കിറ്റുകൾ ഗോഡൗണിൽ കെട്ടിക്കിടക്കുന്നതു സംബന്ധിച്ച് ‘മനോരമ’  വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 2021 –’22 വർഷത്തെ ക്രിസ്മസ് – പുതുവത്സര സീസൺ വിപണി ലക്ഷ്യമിട്ട് എത്തിച്ചതായിരുന്നു കേക്ക്.

മിൽമയുടെ 960 ലീറ്റർ പാലാണ് പറമ്പിൽ ഒഴുക്കിയത്. ഇതിനുശേഷം കവറുകൾ കൂട്ടിയിട്ടു കത്തിച്ചു. ഇന്നലെ രാവിലെ മുതൽ ഉച്ചവരെ പുക മൂലം ബുദ്ധിമുട്ടനുഭവിച്ചതായി അയൽവാസികൾ പരാതിപ്പെട്ടു. മിൽമ കിറ്റിൽ ഉണ്ടായിരുന്ന മറ്റിനങ്ങൾ ഇപ്പോഴും ഗോഡൗണിൽ സൂക്ഷിച്ചിട്ടുണ്ട്. പാലട മിക്സ്, നെയ്യ്, വെജിറ്റബിൾ ബിരിയാണി മിക്സ്, ഗുലാബ് ജാം എന്നിവയാണ് ഇവ. ഇവ മറ്റു ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിലേക്കു മാറ്റാനും ശ്രമമുണ്ട്.

ഓണം വിപണി ലക്ഷ്യമിട്ട് ഇവിടെ എത്തിച്ച 3 ടൺ ആന്ധ്ര അരി (ജയ) ഉപയോഗയോഗ്യമല്ലാതായി. ഇതും വിവിധ സ്ഥലങ്ങളിലേക്കു മാറ്റി. സഹകരണ സംഘങ്ങളുടെയും കൺസ്യൂമർഫെഡിന്റെയും ഓണം ചന്തകളിൽ വിൽക്കാതെ തിരികെ എത്തിച്ച അരിയാണിത്.ഇത്തരം സംഭവങ്ങൾ സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നു സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ കൺസ്യൂമർഫെഡ് ഗോഡൗണുകളിൽ സാധനങ്ങൾ കെട്ടിക്കിടന്നു നശിക്കുന്ന വിവരം അറിയില്ലെന്നും പരാതി കിട്ടിയാൽ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നുമാണ് റീജനൽ ഓഫിസ് അധികൃതർ നൽകുന്ന വിശദീകരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow