വർണ്ണവസന്തം ഒരുക്കി കൊച്ചി; കൊച്ചിൻ ഫ്ലവർ ഷോഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്ന് വരെ

Dec 21, 2023 - 13:52
Dec 21, 2023 - 13:58
 0
വർണ്ണവസന്തം ഒരുക്കി കൊച്ചി; കൊച്ചിൻ   ഫ്ലവർ ഷോഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്ന് വരെ

എറണാകുളം ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ജി.സി.ഡി.എ. യും സംയുക്തമായി 40-ാമത്കൊച്ചിൻ ഫ്ലവർ ഷോ മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ ഡിസംബർ 22 മുതൽ ജനുവരി 1 വരെ സംഘടിപ്പിക്കുന്നു. 

വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 ന് മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ മേയര്‍ എം. അനില്‍ കുമാര്‍  ഉദ്ഘാടനം നിര്‍വഹിക്കും. ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ജില്ലാ കളക്ടറും അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ പ്രസിഡന്റുമായ എന്‍.എസ്.കെ. ഉമേഷ് മുഖ്യ പ്രഭാഷണം നടത്തും. പുഷ്പാലങ്കാര പവിലിയന്റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി യും പൂച്ചെടികളുടെ പ്രദര്‍ശന പവലിയന്റെ ഉദ്ഘാടനം ടി.ജെ വിനോദ് എം.എല്‍.എ യും നിര്‍വഹിക്കും. ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയും ജിസിഡിഎയും സംയുക്തമായാണ് 40-ാമത് കൊച്ചിന്‍ ഫ്‌ളവര്‍ ഷോ സംഘടിപ്പിക്കുന്നത്.  കൊച്ചിന്‍ ഫ്‌ളവര്‍ ഷോ ഇന്ത്യയിലെ ഏറ്റവും മികച്ച പുഷ്പമേളയാക്കി മാറ്റുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള പറഞ്ഞു.  

കൊച്ചിന്‍ ഫ്‌ളവര്‍ ഷോ @ മറൈന്‍ഡ്രൈവ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയില്‍ 5000 ചതുരശ്ര അടിയില്‍ ഒരുക്കുന്ന പുഷ്പാലങ്കാരവും വെജിറ്റബിള്‍ കാര്‍വിങും ആകര്‍ഷണങ്ങളില്‍ മുന്നിലായിരിക്കും. 38000 ചതുരശ്ര അടിയില്‍ ഒരുക്കുന്ന പൂച്ചെടികളുടെ പ്രദര്‍ശനത്തില്‍ 5000 പൂവിട്ട ഓര്‍ക്കിഡുകള്‍ സന്ദര്‍ശകര്‍ക്ക് പൂക്കളുടെ വര്‍ണ്ണ കാഴ്ച ഒരുക്കും. ആറ് നിറങ്ങളിലായി പൂവിട്ട 1000 ലില്ലിയം ചെടികള്‍, പുത്തന്‍ നിറത്തിലുള്ള 400 പോയിന്‍സെറ്റിയ, നൂതന ഇനം പൂക്കളുമായി 1200നുമേല്‍ അഡീനിയം, പുതിയ ഇനത്തിലുള്ള 2000 ജമന്തി ചെടികള്‍, ഒറ്റ ചെടിയില്‍ തന്നെ അഞ്ച് നിറങ്ങളില്‍ പൂവിട്ടുനില്‍ക്കുന്ന, ഗ്രാഫ്ട് ചെയ്തു തയ്യാറാക്കിയ 100 വലിയ ബൊഗൈന്‍വില്ല ചെടികള്‍, ഏറ്റവും പുതിയ ഇനത്തിലുള്ള പൂക്കളുമായി മിനിയേച്ചര്‍ ആന്തൂറിയം എന്നിവയാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.

20000 ചതുരശ്ര അടിയില്‍ തയ്യാറാക്കുന്ന ഉദ്യാനങ്ങള്‍ കാണികള്‍ക്ക് ഉദ്യാന ശൈലിയുടെ നൂതന സങ്കല്‍പ്പങ്ങള്‍ പകര്‍ന്നു തരും. ടെറേറിയം, ബോണ്‍സായ് ചെടികള്‍, ഇറക്കുമതി ചെയ്ത സെറാമിക് ചട്ടികളില്‍ കാലപരമായി ഒരുക്കിയിരിക്കുന്ന അകത്തള ചെടികളുടെ ശേഖരം, വലിയ പൊയ്കകളില്‍ പൂവിട്ടു നില്‍ക്കുന്ന മറുനാടന്‍ ആമ്പല്‍ ഇനങ്ങള്‍, നാഗാര്‍ജുന ആയൂര്‍വേദ ഒരുക്കുന്ന ഔഷധ ഉദ്യാനം എന്നിവയും പ്രദശന നഗരിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കാണാം.

കൂടാതെ നാട്ടിലെ കാലാവസ്ഥയില്‍ വളരുന്ന പലതരം പ്രാണിപിടിയന്‍ ചെടികളുടെ പ്രദര്‍ശനവും മേളയിലുണ്ടാകും. കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കുമായി പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ചുള്ള ഇന്‍സ്റ്റാലേഷന്‍ പൊതുജനങ്ങളില്‍ പാഴ് വസ്തുക്കളുടെ പുനരുപയോഗത്തെ പറ്റി അവബോധമുണ്ടാക്കും. കൃഷി സംബന്ധിച്ച സന്ദര്‍ശകരുടെ സംശയ നിവാരണത്തിനായി സംസ്ഥാന കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ നയിക്കുന്ന അഗ്രി ക്ലിനിക്കും പ്രദര്‍ശന നഗരിയുടെ ഭാഗമായിരിക്കും. സന്ദര്‍ശകര്‍ക്ക് സെല്‍ഫി എടുക്കുവാന്‍ ഫോട്ടോ ബൂത്തുകളും ഡിസ്‌പ്ലേ ഭാഗത്ത് ഉണ്ടാകും.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, ഗൃഹോപകരണ സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട് തുടങ്ങിയവയും പുഷ്പമേളയുടെ ഭാഗമാകും. സന്ദര്‍ശകര്‍ക്ക് ചെടികള്‍ ആവശ്യാനുസരണം വാങ്ങുവാന്‍ 20 നഴ്‌സറികളും പ്രദര്‍ശന നഗരിയില്‍ ഉണ്ട്. കൊച്ചിന്‍ ഫ്‌ലവര്‍ ഷോയുടെ ഭാഗമായി 75 അടി ഉയരമുള്ള ഡാന്‍സിംഗ് ക്രിസ്മസ് ട്രീ ഒരുക്കും. ലോകത്തിലെ ഉയരം കൂടിയ ഡാന്‍സിംഗ് ക്രിസ്മസ് ട്രീ എന്ന പ്രത്യേകതയോടെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിക്കും.

ഫ്ലവർ ഷോയുടെ ഭാഗമായി മൂന്ന് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഡിസംബര്‍ 29 ന് ഫ്‌ലവര്‍ പ്രിന്‍സ്, പ്രിന്‍സസ് മത്സരം നടത്തും. ഫോര്‍ട്ട്‌കൊച്ചി സെന്റ് പോള്‍ പബ്ലിക് സ്‌കൂളാണ് മത്സരം സംഘടിപ്പിക്കുന്നത്. മേളയില്‍ എല്ലാ ദിവസം വിവിധതരം കലാപരിപാടികള്‍ അരങ്ങേറും. പുതുവത്സരത്തോട് അനുബന്ധിച്ച് മെഗാഷോയും സംഘടിപ്പിക്കും.ഡിസംബര്‍ 22 ന് തുടങ്ങുന്ന മേള ജനുവരി 1 ന് അവസാനിക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെ ആണ് പ്രദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്.

ഗസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജിസിഡിഎ സെക്രട്ടറി ടി.എന്‍ രാജേഷ്, ജിസിഡിഎ അംഗം എ.ഡി. സാബു, ജിസിഡിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.എസ്. സുനില്‍കുമാര്‍,അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സെക്രട്ടറി ചാർട്ടേർഡ് അക്കൗണ്ടന്റ് ടി.എന്‍. സുരേഷ്, പ്രൊഫ. ജേക്കബ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow