'മുറുക്കാൻ കട'; ജയരാജനെതിരെ കേസെടുക്കാൻ നിർദേശിച്ച കോടതിവിധിയെ പരോക്ഷമായി വിമർശിച്ച് കെ ടി ജലീൽ

ഇൻഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട ഇ പി ജയരാജനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച കോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ച് കെ ടി ജലീല്‍ എംഎല്‍എ.

Jul 22, 2022 - 00:03
 0

 ഇൻഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട ഇ പി ജയരാജനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച കോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ച് കെ ടി ജലീല്‍ എംഎല്‍എ. 'ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ്' ആണെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ 'ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം' വിപുലീകരിക്കപ്പെട്ടുവെന്നും ജലീല്‍ പറയുന്നു. 'അടിക്കുമ്പോള്‍ തടുക്കുന്നത് മഹാപരാധം! അടിക്കുന്നത് ജനാധിപത്യാവകാശം. കയ്യേറ്റം ചെയ്യാന്‍ വരുമ്പോള്‍ പ്രതിരോധിക്കുന്നത് വലിയ കുറ്റം. കയ്യേറ്റം ചെയ്യുന്നത് പ്രതിഷേധ മുറ. കോട്ടിട്ടവരും ഇടാത്തവരും ഒന്നിച്ചു നിന്ന് കമ്മ്യൂണിസ്റ്റ് മനസ്സുകളെ മൂക്കില്‍ വലിച്ച് കളയാമെന്ന് വിചാരിക്കുന്നുവെങ്കില്‍ അവര്‍ ചെഗുവേരയെ വായിക്കുക' - ജലീല്‍ കുറിച്ചു.

മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, ആര്‍ കെ നവീന്‍കുമാര്‍ എന്നിവര്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് ജയരാജനെതിരെ കേസെടുത്തത്.


മുഖ്യമന്ത്രിക്കെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആര്‍‌ പകര്‍‌പ്പ് പുറത്ത്. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫും ചേർന്നും പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതായി എഫ്ഐആറിൽ പറയുന്നു.
പ്രതിഷേധിക്കൻ നീയൊക്കെ ആരെടാ എന്ന് ഇപി ജയരാജൻ ആക്രോശിച്ച് മുഖത്തടിച്ച് നിലത്തിട്ടു. ശ്വാസം മുട്ടിച്ചു. നിലത്തു വീണവരെ മുഖ്യമന്ത്രിയുടെ പേഴ്സനൽ‌ സ്റ്റാഫ് മർദിച്ചു. കഴുത്തു ഞെരിച്ചെന്ന് എഫ്ഐആറിൽ‌ പറയുന്നു. സംഭവത്തിൽ ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ സഹിതമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഐപിസി 308, 307, 506, 120 വകുപ്പുകള്‍ പ്രകാരം വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ വലിയതുറ പോലീസ് ചുമത്തിയിട്ടുണ്ട്. കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. കോടതിയുടെ ഈ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

ഇ പി ജയരാജന് പുറമെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പേഴ്സണല്‍ സ്റ്റാഫ് അംഗം സുനീഷ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേസിലെ പ്രതികളായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ ഇ പി ജയരാജനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നല്‍കിയത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ചത്തെ വിമാന വിലക്കും ഇ പി ജയരാന് മൂന്നാഴ്ചത്തെ വിമാന വിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ സംഭവത്തില്‍ ഇ പിക്കെതിരേ കേസെടുക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യം മുതലേ സ്വീകരിച്ചത്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് യൂത്ത്‌കോണ്‍ഗ്രസുകാര്‍ ഹർജി നല്‍കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow