സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മദ്രസകളിലെ അധ്യാപകരുടെ യോഗ്യത പരിശോധിക്കുമെന്ന് ഉത്തർപ്രദേശ്

Dec 5, 2023 - 08:50
 0

സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മദ്രസകളിലെ അധ്യാപകരുടെ ഗുണനിലവാരം പരിശോധിക്കാന്‍ യുപി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യത, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് പരിശോധിക്കുന്നത്. ഇത്തരം പരിശോധനകള്‍ ഒരു പതിവ് പ്രക്രിയയായി മാറിയിരിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉത്തരവിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഇഫ്തികാര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. മദ്രസകളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും മറ്റ് പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അന്വേഷണങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍, ഇത് ഒരു തവണ കൃത്യമായി ചെയ്യണമെന്നും എങ്കില്‍ മാത്രമേ ഭാവിയില്‍ മദ്രസകളുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുടെ ഗുണനിലവാരവും പരിശോധിക്കണമെന്ന് എല്ലാ ജില്ലാ നൂനപക്ഷ ക്ഷേമ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഡിവിഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ജെ റീബ ഡിസംബര്‍ ഒന്നിന് അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു.

വിദ്യാര്‍ഥികളില്‍ ശാസ്ത്രീയവും പര്യവേഷണപരവുമായ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കേണ്ടതിന്റെയും അവരെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് കത്തില്‍ ഊന്നിപ്പറയുന്നു. ഇത് ഉറപ്പാക്കുന്നതിന് മദ്രസകളുടെ നിര്‍മാണം, അവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യത എന്നിവയും പരിശോധിച്ചുറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഡിസംബര്‍ 30-നകം പരിശോധനകള്‍ പൂര്‍ത്തിയാക്കി മദ്രസ എജ്യുക്കേഷന്‍ബോര്‍ഡ് രജിസ്ട്രാറിനു മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.

നിലവില്‍ അംഗീകാരമുള്ളതും ഇല്ലാത്തതുമായ 25,000-ല്‍ പരം മദ്രസകള്‍ യുപിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ 560 എണ്ണത്തിനാണ് സര്‍ക്കാര്‍ സഹായം ലഭിക്കുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ മിക്കവയിലും ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നും അതിനാല്‍ അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. അതുമൂലം വിദ്യാര്‍ഥികള്‍ക്ക് അനുയോജമായ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. അന്വേഷണം നടത്തുന്നതിനായി ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റും അടങ്ങുന്ന സമിതി രൂപവത്കരിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow