ഉത്തരേന്ത്യയില്‍ കനത്ത മഴ, ഡൽഹി അതീവ ജാഗ്രതയില്‍, ഹിമാചലിൽ റെഡ് അലർട്ട്

Jul 11, 2023 - 11:30
 0
ഉത്തരേന്ത്യയില്‍ കനത്ത മഴ, ഡൽഹി അതീവ ജാഗ്രതയില്‍, ഹിമാചലിൽ റെഡ് അലർട്ട്

കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ ജനജീവിതം താറുമാറായി. കഴിഞ്ഞ 40 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് മഴയുണ്ടായിരിയ്ക്കുന്നത്.

അതേസമയം, യമുനാ നദി അപകടരേഖ മറികടന്നതോടെ ഡൽഹി അതീവ ജാഗ്രതയിലാണ്. യമുന നദിയിലെ ജലനിരപ്പ് ഇപ്പോള്‍ 206.24 മീറ്ററിലെത്തി, അപകടസൂചനയായ 205.33 മീറ്ററിൽ നിന്ന് അൽപം മുകളിലെത്തിയതോടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സെൻട്രൽ വാട്ടർ കമ്മീഷൻ ചൊവ്വാഴ്ച അറിയിച്ചു. കൂടാതെ, ഡൽഹിയിലെ പഴയ യമുന പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം ചൊവ്വാഴ്ച രാവിലെ 6.00 മുതൽ ജൂലൈ 11 വരെ താൽക്കാലികമായി നിർത്തിവച്ചതായി നോർത്തേൺ റെയിൽവേ അറിയിച്ചു.

ദേശീയ തലസ്ഥാനം ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനിടെ ഹരിയാന ഹത്നികുണ്ഡ് ബാരേജിൽ നിന്ന് യമുനാ നദിയിലേക്ക് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാൽ ജലനിരപ്പ് തുടർച്ചയായി ഉയരുകയാണ്. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ഹത്‌നികുണ്ഡ്‌ ബാരേജിലൂടെ 2,15,677 ക്യുസെക്‌സ്‌ വെള്ളമാണ്‌ ഒഴുക്കിവിട്ടതെന്ന്‌ വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ്‌ അറിയിച്ചു. കൂടാതെ, തിങ്കളാഴ്ച ഉച്ചയോടെ നഗരത്തിൽ ശക്തമായ മഴയും ഉണ്ടായി. 

തലസ്ഥാനത്ത് പെയ്യുന്ന ശക്തമായ മഴ ജനജീവിതം ഏറെ ദുസ്സഹമാക്കി. ശനി, ഞായർ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയും തിങ്കളാഴ്ച പെയ്ത ശക്തമായ മഴയും കാരണം നഗരത്തിലെ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടർന്നു. കനത്ത മഴ എല്ലാ വിഭാഗങ്ങളേയും ബാധിച്ചു. ആളുകള്‍ക്ക് ലക്ഷ്യസ്ഥാനങ്ങളിലെത്താൻ മണിക്കൂറുകള്‍ വേണ്ടി വന്നു. കനത്ത മഴ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 

മഴ ഹിമാചല്‍ പ്രദേശില്‍ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിയ്ക്കുകയാണ്.  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ചൊവ്വാഴ്ച ഹിമാചലിലെ വിവിധ ജില്ലകളിൽ "റെഡ്", "ഓറഞ്ച്" അലേർട്ടുകൾ പുറപ്പെടുവിച്ചതിനാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴയിൽ തകർന്ന ഹിമാചൽ പ്രദേശിന് ഉടനടി ആശ്വാസം ലഭിക്കുന്ന  സാഹചര്യമല്ല. അടുത്ത 24 മണിക്കൂർ മലയോര സംസ്ഥാനത്തിന്‍റെ നിരവധി ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാണ്ഡി, കിന്നൗർ, ലാഹൗൾ-സ്പിതി എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്

കഴിഞ്ഞ 50 വർഷത്തിനിടെ ഇത്രയും കനത്ത മഴ സംസ്ഥാനത്ത് കണ്ടിട്ടില്ലെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് അഭൂതപൂർവമായ മഴയാണ് രേഖപ്പെടുത്തിയതെന്ന് ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ജയറാം താക്കൂർ പറഞ്ഞു. 12 പ്രധാന പാലങ്ങൾ തകർന്നു, ഹിമാചൽ പ്രദേശിന്‍റെ ചരിത്രത്തിൽ ഇത്രയും വലിയ മഴ കണ്ടിട്ടില്ലെന്ന് ഇപ്പോൾ ഹിമാചൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായ താക്കൂർ എഎൻഐയോട് പറഞ്ഞു.

"കഴിഞ്ഞ കുറേ വർഷങ്ങളായി ഞങ്ങൾ ഇത്തരമൊരു സാഹചര്യം കണ്ടിട്ടില്ല. സംസ്ഥാനത്ത് നിലവിലുള്ള അവസ്ഥയിൽ ഞാൻ വളരെ ആശങ്കാകുലനാണ്. ചെറുതും വലുതുമായ നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്, അടുത്ത കുറച്ച് ദിവസങ്ങളിലും സ്ഥിതി തുടർന്നാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായേക്കാം", അദ്ദേഹം പറഞ്ഞു.

കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിൽ വലിയ നഷ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. മണ്ണിടിച്ചിൽ, വൈദ്യുതി തടസ്സം, തകര്‍ന്ന റോഡുകൾ, തകര്‍ന്ന പാലങ്ങൾ തുടങ്ങിയ സാധാരണ കാഴ്ചയായി മാറിയിരിയ്ക്കുന്നു.  കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്ത് പ്രകൃതി ക്ഷോഭത്തിൽ 20 പേരാണ് മരിച്ചത്. മലയോര സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ നിരവധി  വിനോദസഞ്ചാരികൾ കുടുങ്ങി. കനത്ത മഴ മൂലം സംഭവിച്ച അടിസ്ഥാന സൗകര്യങ്ങളുടെ നഷ്ടം 3,000 കോടി മുതൽ 4000 കോടി രൂപ വരെ കണക്കാക്കുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഹിമാചൽ മുഖ്യമന്ത്രിയുമായി നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിച്ച് സാഹചര്യം വിലയിരുത്തി. കേന്ദ്രത്തിന്‍റെ പൂർണ്ണ പിന്തുണയും  പ്രധാനമന്ത്രി  ഉറപ്പ് നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow