Vijay babu| വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി

പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ (Vijay babu) പാസ്പോർട്ട് (passport)കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കി

May 20, 2022 - 16:58
 0
Vijay babu| വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി

പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ (Vijay babu) പാസ്പോർട്ട് (passport)കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇതോടെ വിജയ് ബാബുവിന്റെ വീസയും റദ്ദാകും.

പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. ഇതിനിടയിലാണ് ഇയാൾ വേറെ ഏതെങ്കിലും രാജ്യത്തേക്ക് കടന്നതായി  പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. കേസുകളിൽ പ്രതിയായവരെ കൈമാറ്റം ചെയ്യാനുള്ള കരാർ ഇല്ലാത്ത മറ്റൊരു രാജ്യത്തേക്ക് കഴിഞ്ഞ ദിവസം വിജയ് ബാബു കടന്നതായിട്ടാണ് അന്വേഷണസംഘം സംശയിക്കുന്നത്.

മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും വരെ ദുബായിൽ തങ്ങാനാണു വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം. കഴിഞ്ഞ മാസം 22നാണു പുതുമുഖ നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങളും പ്രതിഭാഗം അഭിഭാഷകർ നടത്തിയിട്ടുണ്ട്. ഇതിനിടയിലാണു വിധി വരാൻ കാത്തു നിൽക്കാൻ സാവകാശം ലഭിക്കാതെ വിജയ് ബാബുവിനു ദുബായ് വിടേണ്ടിവന്നത്.

 

പ്രതിയെ ഉടൻ പിടികൂടുമെന്നു പ്രഖ്യാപിച്ച് അന്വേഷണം തുടങ്ങിയ കൊച്ചി സിറ്റി പൊലീസിന് ഒരു മാസം തികയുമ്പോഴും പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതി എവിടെയാണെന്നതിൽ പോലീസിന് വ്യക്തമായ അറിവില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചാൽ മാത്രമേ വിജയ് ബാബു ഹാജരാവുകയുള്ളൂ എന്നാണ് സൂചന.

വിജയ് ബാബു പോലീസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട സമയം ഇന്നലെയാണ് അവസാനിച്ചത്. കൊച്ചി സിറ്റി പോലീസിനോട് നേരിട്ട് ഹാജരാകാൻ മെയ് 19 വരെയാണ് വിജയ് ബാബു സമയം ചോദിച്ചത്. വിദേശത്താണെന്നും ബിസിനിസ് ടൂറിലാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം.

 

വിജയ് ബാബു യു. എ. ഇയിൽ ആണെന്ന് പോലീസിന് ആദ്യം വിവരം ലഭിച്ചിരുന്നു. പോലീസിന്റെ അപേക്ഷയെത്തുടർന്ന് ഇയാൾക്കായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഇതുവരെ യു. എ. ഇ. യിൽനിന്ന് കൊച്ചി പോലീസിന് മറുപടി കിട്ടിയിട്ടില്ല. വിജയ് ബാബു അവിടെ എത്തിയ കാര്യം യു. എ. ഇ. എംബസിയിലും പോലീസ് അറിയിച്ചിരുന്നു. ഇയാളുടെ മേൽവിലാസം കിട്ടിയാൽ മാത്രമേ അടുത്ത പടിയായ റെഡ്കോർണർ നോട്ടീസ് പുറത്തിറക്കാനാകുമായിരുന്നുള്ളു.

റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ ബന്ധപ്പെട്ടയാളെ നാട്ടിലേക്ക് കയറ്റിയയയ്ക്കാൻ അവിടത്തെ പോലീസ് നിർബന്ധിതരാകുമായിരുന്നു. മേൽവിലാസം കിട്ടാത്തതിനാൽ ആ നടപടിയിലേക്ക് ദുബായി പൊലീസിന് കടക്കാനായില്ല. അതിനിടയിലാണ് വിജയ് ബാബു ദുബായി വിട്ടെന്ന വാർത്തകൾ പുറത്ത് വരുന്നത്.

പീഡനക്കേസിൽ അന്വേഷണം ഏറക്കുറെ പൂർത്തിയായതായി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു നേരത്തെ വ്യക്തമാക്കിരുന്നു. 30 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് ഒതുക്കിത്തീർക്കാൻ പരാതിക്കാരിയെ സുഹൃത്തുക്കൾ വഴി പ്രതി രഹസ്യമായി ശ്രമിച്ചതായും ആരോപണമുണ്ട്

What's Your Reaction?

like

dislike

love

funny

angry

sad

wow