ബുള്ളറ്റ് മാത്രം മോഷ്ടിക്കുന്ന കള്ളൻ; നയിച്ചത് ആഢംബരജീവിതം; ഒടുവിൽ കൂട്ടാളിയുമൊത്ത് പിടിയിൽ

റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകൾ (Royal Enfield Bullet bikes) മാത്രം മോഷ്ടിക്കുന്ന കള്ളനും കൂട്ടാളിയും പിടിയിൽ

May 20, 2022 - 17:03
 0
ബുള്ളറ്റ് മാത്രം മോഷ്ടിക്കുന്ന കള്ളൻ; നയിച്ചത് ആഢംബരജീവിതം; ഒടുവിൽ കൂട്ടാളിയുമൊത്ത് പിടിയിൽ

റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകൾ (Royal Enfield Bullet bikes) മാത്രം മോഷ്ടിക്കുന്ന കള്ളനും കൂട്ടാളിയും പിടിയിൽ. ഫോർട്ട്കൊച്ചി സ്വദേശിയായ ഷിറാസും (31) കൂട്ടാളിയായ റിഷാദ് പിഎസും (32) ആണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും മോഷ്ടിച്ച 11 ബുള്ളറ്റുകളും കണ്ടെടുത്തു. ഇതിൽ അ‍ഞ്ചെണ്ണവും കഴിഞ്ഞ രണ്ട്, മൂന്ന് മാസങ്ങൾക്കിടെ ഫോർട്ട് കൊച്ചിയിൽ നിന്നും മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു. കേരളത്തിലെ നിരവധി കേസുകളിൽ പോലീസ് തിരയുന്ന പ്രതിയായിരുന്ന ഷിറാസ് തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.

ബൈക്കുകൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് ഷിറാസ് കടന്നുകളയുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. ഫോർട്ട്കൊച്ചി ഭാഗത്തു നിന്ന് നാല് മോട്ടോർ ബൈക്കുകളും മട്ടാഞ്ചേരി ഭാഗത്ത് നിന്ന് രണ്ട് ബൈക്കുകളും കഴിഞ്ഞ മാസങ്ങളിൽ ഷിറാസ് മോഷ്ടിച്ചിരുന്നു. ബൈക്ക് മോഷണ പരമ്പരയെ തുടർന്ന് പ്രതികളെ കണ്ടെത്താൻ പൊലീസ് പ്രത്യേക സ്ക്വാഡും രൂപീകരിച്ചിരുന്നു.

റീസെയിൽ വിപണിയിലെ (resale market) ഉയർന്ന ഡിമാൻഡ് കാരണമാണ് ബുള്ളറ്റ് ബൈക്കുകൾ മാത്രം ഷിറാസ് മോഷ്ടിച്ചിരുന്നത്. മോഷ്ടിച്ച ബുള്ളറ്റുകളുടെ വിൽപനയാണ് ഇയാൾ തമിഴ്‌നാട്ടിൽ പ്രധാനമായും നടത്തിയിരുന്നതെന്ന് മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വി.ജി.രവീന്ദ്രനാഥ് പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മോഷ്ടിച്ച 11 ബുള്ളറ്റുകൾ ഇയാൾ തമിഴ്‌നാട്ടിൽ വിറ്റതായി ചോദ്യം ചെയ്യലിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് അഞ്ച് ബൈക്കുകളും സേലം, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ആറ് ബൈക്കുകളും ആണ് മോഷ്ടിക്കപ്പെട്ടത്.

റിഷാദ് ആണ് മോഷ്ടിക്കാൻ പോകുന്ന ബൈക്കുകൾ കണ്ടെത്തി തമിഴ്നാട്ടിൽ നിന്ന് ട്രെയിനിൽ വരുന്ന ഷിറാസിന് വിവരം കൈമാറിയിരുന്നത്. റയിൽവേ സ്റ്റേഷനിൽ നിന്ന് ബുള്ളറ്റ് ഉള്ള സ്ഥലത്തേക്ക് എത്താൻ സാധാരണ ബൈക്കുകളും ഷിറാസ് മോഷ്ടിച്ചിരുന്നു. ബുള്ളറ്റ് കിടക്കുന്ന സ്ഥലത്തെത്തുമ്പോൾ മറ്റേ ബൈക്ക് ഉപേക്ഷിച്ച് ബുള്ളറ്റുമെടുത്ത് കടന്നു കളയുന്നതായിരുന്നു രീതി. ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാലക്കാട് വഴിയാണ് തമിഴ്‌നാട് അതിർത്തി കടന്നിരുന്നത്. മോഷ്ടിച്ച ബുള്ളറ്റ് ബൈക്കുകൾ വിറ്റുകിട്ടുന്ന പണം മയക്കുമരുന്ന് വാങ്ങുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഉപയോഗിച്ചിരുന്നത്.

പ്രതികളെ തിരിച്ചറിയാൻ പോലീസ് സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ചിരുന്നു. മോഷ്ടിച്ച 11 റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകളും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും ദിവസങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തമിഴ്‌നാട്ടിൽ നിന്ന് ഷിറാസിനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു.

കട്ടപ്പനയിലും പാലക്കാടുമായി എക്സൈസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ഷിറാസ്. ഇതുകൂടാതെ, പിടിച്ചുപറിയും ബലാത്സംഗവും ഉൾപ്പെടെ വെസ്റ്റ് കൊച്ചിയിലെ (West Kochi) വിവിധ പോലീസ് സ്റ്റേഷനുകളിലായി 11 കേസുകൾ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ കോടതികളിലായി ഒൻപത് ക്രിമിനൽ കേസുകളിലെ വിചാരണ ആരംഭിച്ചതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow