യുക്രെയ്‌നിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന 600ഓളം ഇന്ത്യൻ വിദ്യാർത്ഥികളെ എത്രയും വേഗം ഒഴിപ്പിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ വരെ 17,000 വിദ്യാർത്ഥികളെ ഇന്ത്യ വിജയകരമായി തിരികെ എത്തിച്ചു

Mar 8, 2022 - 19:05
 0

യുക്രെയ്‌നിലെ (Ukraine) വടക്കുകിഴക്കൻ നഗരമായ സുമിയിൽ (Sumy) കുടുങ്ങിയിരിക്കുന്ന 600ഓളം വിദ്യാർത്ഥികളെ എത്രയും വേഗം ഒഴിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ (V Muraleedharan). ഇന്ത്യൻ എംബസിയിലെ (Indian Embassy) ഉദ്യോഗസ്ഥർ പോൾട്ടാവയിൽ എത്തുകയും എത്രയും വേഗം ഇന്ത്യയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കാൻ അവർക്ക് നിർദ്ദേശം നൽകുകയും ചെയ്തതായി മന്ത്രി ന്യൂസ് 18ന് പ്രത്യേകമായി നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കനത്ത ഷെല്ലാക്രമണത്തിനിടയിലും സുമിയിൽ നിന്ന് രണ്ട് മണിക്കൂർ അകലെയുള്ള പോൾട്ടാവയിൽ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ എത്തിക്കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ ആ പ്രദേശം വിടാൻ തയ്യാറെടുക്കാൻ അവിടെ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ വലിയ ധൈര്യമാണ് അവർ പ്രകടിപ്പിച്ചത്, അൽപ്പനേരം കൂടി അവർ ക്ഷമയോടെയിരിക്കണം. എല്ലാവരെയും സുരക്ഷിതരായി തിരികെ എത്തിക്കും", മുരളീധരൻ പറഞ്ഞു.

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ വരെ 17,000 വിദ്യാർത്ഥികളെ ഇന്ത്യ വിജയകരമായി തിരികെ എത്തിച്ചു. 2000 പേർ കൂടി യുക്രേനിയൻ അതിർത്തി കടന്നിട്ടുണ്ട്. പോളണ്ട്, റൊമാനിയ, യുക്രൈൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഏതാണ്ട് നൂറോളം വിമാന സർവീസുകളാണ് നടത്തിയതെന്നും എംബസിയിലെ ഉദ്യോഗസ്ഥർ ഈ ദൗത്യത്തിനായി അക്ഷീണം പ്രയത്നിച്ചു വരികയാണെന്നും മന്ത്രി വിശദീകരിച്ചു.

പോളണ്ട്, റൊമാനിയ, മോൾഡോവ എന്നിവിടങ്ങളിലേക്ക് അതിർത്തി കടന്നെത്തിയ വിദ്യാർത്ഥികളെല്ലാം സുരക്ഷിതരായി ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഒപ്പമുണ്ട്. അവർക്ക് ഭക്ഷണവും താമസ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രൈനിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരോടും അടിയന്തിരമായി ഒരു ഓൺലൈൻ ഫോം പൂരിപ്പിക്കാൻ ഞായറാഴ്ച യുക്രെയ്നിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു. “യുക്രൈനിൽ ഇപ്പോഴും തുടരുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും ഗൂഗിൾ ഫോമിലെ വിശദാംശങ്ങൾ അടിയന്തിരമായി പൂരിപ്പിക്കണം. സുരക്ഷിതരായിരിക്കുക, ശക്തരായിരിക്കുക," ഒരു ട്വീറ്റിലൂടെ ഇന്ത്യൻ എംബസി അറിയിച്ചു.

കിഴക്കൻ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ സംഘർഷങ്ങൾ ഇല്ലാത്ത അതിർത്തികളിലേക്ക് എത്തിക്കാൻ ബസുകളും ഏർപ്പാടാക്കുന്നുണ്ട്. യാത്ര ചെയ്യൽ വലിയ വെല്ലുവിളിയായി മാറിയെന്ന് നിരവധി വിദ്യാർത്ഥികൾ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഷെല്ലാക്രമണത്തിൽ ആക്രമിക്കപ്പെട്ടേക്കുമോ എന്ന ഭയം മൂലം റൊമാനിയൻ അതിർത്തിയിലേക്കുള്ള യാത്രയ്ക്കിടെ പ്രാദേശിക വാൻ ഡ്രൈവർമാർ വിദ്യാർത്ഥികളെ വഴിയിൽ ഉപേക്ഷിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിനകം 6,680 ഇന്ത്യക്കാരെ റൊമാനിയ അതിർത്തിയിൽ നിന്ന് രക്ഷപ്പെടുത്തിക്കഴിഞ്ഞു. പോളണ്ടിൽ നിന്ന് 2,822 പേരെയും ഹംഗറിയിൽ നിന്ന് 5,300 പേരെയും സ്ലോവാക്യയിൽ നിന്ന് 1,118 പേരെയും ഒഴിപ്പിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രി ട്വീറ്റിലൂടെ അറിയിച്ചിരുന്നു.

ഇന്ത്യയിൽ വിദ്യാഭ്യാസം തുടരുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കുവെച്ചതായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സ്ഥിരീകരിച്ചു. അവരുടെ ആശങ്കകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഒഴിപ്പിക്കൽ ദൗത്യം പൂർത്തിയാക്കിയതിന് ശേഷം അതേക്കുറിച്ച് വേണ്ട ചർച്ചകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രേനിയൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കിയുമായി സംസാരിച്ചേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow