10 ലക്ഷം മുതല്‍മുടക്കില്‍ ശ്രിയ ആരംഭിച്ച വെബ്‌സൈറ്റ് ഇന്ന് രണ്ടു കോടി വിറ്റുവരവുള്ള സ്റ്റാര്‍ട്ടപ്പ്; വിജയകഥ

ശ്രിയ നഹേത- ഈ പേര് അധികം ആളുകള്‍ കേട്ടുവരുന്നതേയുള്ളൂ. ജൈവ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കായി ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് ഈ സംരംഭക.

Aug 24, 2020 - 13:38
 0
10 ലക്ഷം മുതല്‍മുടക്കില്‍ ശ്രിയ ആരംഭിച്ച വെബ്‌സൈറ്റ് ഇന്ന് രണ്ടു കോടി വിറ്റുവരവുള്ള സ്റ്റാര്‍ട്ടപ്പ്; വിജയകഥ

ശ്രിയ നഹേത- ഈ പേര് അധികം ആളുകള്‍ കേട്ടുവരുന്നതേയുള്ളൂ. ജൈവ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കായി ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് ഈ സംരംഭക. കൃഷിക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സഹകരണ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം.

2017-ല്‍ മുംബൈയില്‍ ജൈവ ഉത്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വിതരണം ചെയ്യാന്‍ സമാ ഓര്‍ഗാനിക്‌സ് എന്ന സംരംഭം ആരംഭിച്ചതിലൂടെയാണ് ശ്രിയയുടെ തുടക്കം. നിലവില്‍ ഇന്ത്യയിലുടനീളം 50,000 കര്‍ഷകരുടെ ശൃംഖലയുള്ള ഈ മുംബൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് രാജ്യത്തുടനീളം ജൈവ ഉത്പന്നങ്ങള്‍ എത്തിച്ചുനല്‍കുന്നു.

തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന വസ്തുക്കളാണ് ശ്രിയയുടെ സ്റ്റാര്‍ട്ടപ്പ് ആളുകളിലേക്ക് എത്തിക്കുന്നത്. കറുത്ത അരിയും ചായയും ആസാമില്‍ നിന്ന്, വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നിന്നോ ദക്ഷിണേന്ത്യയില്‍ നിന്നോ ഉള്ള അവോക്കാഡോകള്‍, കൊങ്കന്‍ ബെല്‍റ്റില്‍ നിന്നുള്ള മാമ്പഴം, കുരുമുളക്, മഞ്ഞള്‍, ഗോത്രവര്‍ഗ സമൂഹങ്ങളുടെ സഹായത്തോടെ സമാഹരിക്കുന്ന ഹിമാലയന്‍ പിങ്ക് ഉപ്പ്, മോറല്‍ മഷ്‌റൂം തുടങ്ങിയവ. ഇങ്ങനെയാണ് തദ്ദേശീയത നീണ്ടുകിടക്കുന്നത്.

2015-ല്‍ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ബിസിനസ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദം നേടിയശേഷമാണ് ശ്രിയ ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. തുടക്കത്തില്‍ ഫാം-ടു-ടേബിള്‍ റെസ്റ്റോറന്റ് സംരംഭത്തിനായി ഓര്‍ഗാനിക് ഫാമുകള്‍ തെരയുന്നതിനായി സഹോദരിക്കൊപ്പം കൂടി. ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര, ഷിംല, ബെംഗളൂരു എന്നിവിടങ്ങളിലെ ഫാമുകള്‍ ശ്രിയ സന്ദര്‍ശിച്ചു.

ഇന്ത്യയുടെ ഭൂപ്രകൃതിയിലുടനീളം കാണുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ശ്രിയയെ ഞെട്ടിച്ചുകളഞ്ഞു. ഇത്തരം ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വളര്‍ത്താമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നു ശ്രിയ പറയുന്നു. ഈ അനുഭവങ്ങള്‍ ശ്രിയയെ പുതിയ ആശയങ്ങളിലേക്ക് നയിച്ചു. മറ്റു രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നിനേക്കാള്‍ പ്രാദേശിക ലഭിക്കുന്ന ഉത്പന്നങ്ങള്‍ക്കായി ഒരു പ്ലാറ്റ്‌ഫോം ആരംഭിക്കാനാണ് ശ്രിയ ലക്ഷ്യമിട്ടത്.

ഒന്നരവര്‍ഷത്തിനിടെ ജൈവകൃഷി ചെയ്യുന്ന നിരവധി ഫാമുകള്‍ ശ്രിയ സന്ദര്‍ശിച്ചു. തദ്ദേശീയ കര്‍ഷകരുമായുള്ള ഇടപെടല്‍ ജൈവ ഉത്പന്നങ്ങളുടെ നേട്ടങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാന്‍ ശ്രിയയെ സഹായിച്ചു. ജൈവകൃഷിയിലൂടെ എങ്ങനെ മികച്ച ഉത്പാദനവും മണ്ണ് സംരക്ഷണവും ഉറപ്പാക്കാമെന്നു ശ്രിയ മനസിലാക്കി.

ഓര്‍ഗാനിക് ഭക്ഷണത്തിന്റെ പ്രയോജനങ്ങള്‍ മനസിലാക്കാന്‍ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനും അവരില്‍ അവബോധം സൃഷ്ടിക്കുന്നതിനും സ്റ്റാര്‍ട്ടപ്പിന് ഏറെ പരിശ്രമിക്കേണ്ടിവന്നതായി ശ്രിയ പറയുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് നല്ല ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ആളുകള്‍ ബോധവാന്‍മാരാകുന്നുണ്ടെന്നും അവര്‍ പറയുന്നു.

ഇപ്പോള്‍ 50,000-ല്‍ അധികം കര്‍ഷകരുടെയും ആദിവാസി സമൂഹങ്ങളുടെയും ശൃംഖലയുള്ള സമാ ഓര്‍ഗാനിക്‌സ് ഇന്ത്യയിലുടനീളം പച്ചക്കറികള്‍, പഴങ്ങള്‍, കൂണ്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നു.

സമാ ഓര്‍ഗാനിക്‌സിന്റെ കച്ചവടം 2019-ല്‍ 69 മില്യണ്‍ ഡോളറിലെത്തിയതായി യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2020-ല്‍ വിപണി 12 ശതമാനം വര്‍ധിച്ച് 77 മില്യണ്‍ ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് ജൈവ ഭക്ഷ്യ പാനീയങ്ങളുടെ ശക്തമായ വിപണിയായി ഇന്ത്യ ഇയരുന്നത് ശ്രിയയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

പുതിയതും വൃത്തിയുള്ളതുമായ പ്രാദേശിക ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും സംഭരിക്കുന്നതും തുടക്കത്തില്‍ വളരെ പ്രയാസമേറിയതായിരുന്നു. ഒരു ദിവസം കുറച്ച് ഡെലിവറികള്‍ മാത്രമേ ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. മാത്രമല്ല ഗതാഗതച്ചെലവ് പലപ്പോഴും പരിധിയിലും അധികമായതായും ശ്രിയ പറയുന്നു.

ഉത്തരാഖണ്ഡ് മുതല്‍ മുംബൈ വരെയുള്ള സ്ഥലങ്ങളിലെ കൃഷിസ്ഥലങ്ങളില്‍നിന്ന് ഉത്പന്നങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ ഏറെ സമയമെടുത്തു. നിലവിലുള്ള ആവാസവ്യവസ്ഥയെക്കുറിച്ച് മനസിലാക്കുന്നതും തന്ത്രങ്ങള്‍ മെനയുന്നതും ഏറെ സമയം ആവശ്യമുള്ള പ്രവര്‍ത്തിയായിരുന്നെന്നും ശ്രിയ കൂട്ടിച്ചേര്‍ത്തു.

10 ലക്ഷം രൂപ മുതല്‍മുടക്കിലാണ് 2017-ല്‍ ശ്രിയ വെബ്സൈറ്റ് ആരംഭിച്ചത്. ഇന്നു രണ്ട് കോടി രൂപയുടെ മൂലധനമുള്ള സ്റ്റാര്‍ട്ടപ്പാണ് ശ്രിയയുടെ കമ്പനി. കൂടാതെ മുംബൈയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ബി 2 ബി, ബി 2 സി ബിസിനസില്‍ 2,500-ല്‍ അധികം ഉപഭോക്താക്കളുണ്ട്

What's Your Reaction?

like

dislike

love

funny

angry

sad

wow