പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തിലെ കല്ലേറ് ; റിയാലിറ്റി ഷോ താരം ബാസിത് ആല്‍വി അറസ്റ്റില്‍

പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കരവാളൂർ മാവിളയിൽ കെ.എസ്.ആർ.ടി.സി. ബസ്സിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാള്‍ കൂടി അറസ്റ്റില്‍. കാര്യറ ആലുവിളവീട്ടിൽ അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവി(25)യാണ് പുനലൂര്‍ പോലീസിന്‍റെ പിടിയിലായത്

Oct 4, 2022 - 22:20
 0
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തിലെ കല്ലേറ് ; റിയാലിറ്റി ഷോ താരം ബാസിത് ആല്‍വി അറസ്റ്റില്‍

പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കരവാളൂർ മാവിളയിൽ കെ.എസ്.ആർ.ടി.സി. ബസ്സിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാള്‍ കൂടി അറസ്റ്റില്‍. കാര്യറ ആലുവിളവീട്ടിൽ അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവി(25)യാണ് പുനലൂര്‍ പോലീസിന്‍റെ പിടിയിലായത്. ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ആളാണ് ബാസിത്.  ഇതോടെ ഹർത്താൽ ദിനത്തിൽ പുനലൂർ സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും അറസ്റ്റിലായി.

കേസില്‍ പുനലൂർ കാര്യറ ദാറുസലാമിൽ മുഹമ്മദ് ആരിഫ്‌ (21), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മൻസിലിൽ സെയ്ഫുദീൻ (25), കോക്കാട് തലച്ചിറ അനീഷ് മൻസിലിൽ അനീഷ് (31) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇവർ സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കല്ലേറിൽ ബസ്സിന്റെയും ലോറിയുടെയും മുന്നിലെ ചില്ലുതകരുകയും ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി പി.രാഗേഷി(47)ന് കണ്ണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ആദ്യം പിടിയിലായ അനീഷിനെ ചോദ്യംചെയ്തതിൽനിന്നാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. 80ഓളം സി.സി.ടി.വി.ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കല്ലേറിൽ കെ.എസ്.ആർ.ടി.സിക്ക് മൂന്നുലക്ഷത്തിന്റെയും ലോറികൾക്ക് ഒന്നരലക്ഷത്തിന്റെയും നഷ്ടമുണ്ടായതായാണ് വിവരം.

പുനലൂർ ഡിവൈ.എസ്‌.പി.യുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ രാജേഷ്‌കുമാർ, എസ്.ഐ. മാരായ ഹരീഷ്, ജിസ് മാത്യു, സി.പി.ഒ. മാരായ അജീഷ്, സിയാദ്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഹർത്താൽ ദിനത്തിൽ രാവിലെ കൊട്ടാരക്കരയിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തശേഷമാണ് രണ്ടു ബൈക്കുകളിലായി പുനലൂരിലെത്തിയ ഇവർ വാഹനങ്ങൾക്കു കല്ലെറിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow