ദേശീയ പണിമുടക്ക് രണ്ടാം ദിനം; കടകള്‍ തുറക്കാന്‍ വ്യാപാരി സംഘടനകള്‍; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ദേശീയ പണിമുടക്ക്(Nationwide Strike) രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാണ് വിവിധ വ്യാപാര സംഘടനകളുടെ തീരുമാനം.

Mar 29, 2022 - 15:53
 0
ദേശീയ പണിമുടക്ക് രണ്ടാം ദിനം; കടകള്‍ തുറക്കാന്‍ വ്യാപാരി സംഘടനകള്‍; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ദേശീയ പണിമുടക്ക്(Nationwide Strike) രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാണ് വിവിധ വ്യാപാര സംഘടനകളുടെ തീരുമാനം. സംസ്ഥാനത്തെ പണിമുടക്കിന്റെ ആദ്യദിനം ഹര്‍ത്താല്‍ പ്രതീതിയിലായിരുന്നു. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും.

രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ട ശേഷം പൊതുഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരുന്നു. സമരാനുകൂലികള്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടയുകയും ചെയ്തു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞു കിടന്നു.

അതേസമയം ഹൈക്കോടതി നിര്‍ദേശ പ്രകാരം ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ജോലിയ്ക്ക് ഹാജരാകണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ലീവ് എടുക്കരുതെന്നും ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഡയസ്നോണ്‍ ബാധകമായിരിക്കുമെന്നും ഉത്തരവിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

പൊതുപണിമുടക്കിന്റെ ആദ്യ ദിനത്തില്‍ സെക്രട്ടേറിയറ്റില്‍ ഹാജര്‍ നിലയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 4828 ജീവനക്കാരില്‍ 32 പേര്‍ മാത്രമാണ് സെക്രട്ടേറിയറ്റില്‍ ഹാജരായത്.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍, കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ഞായറാഴ്ച അര്‍ധരാത്രിയാണ് ആരംഭിച്ചത്. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി വരെ നീളും. പാല്‍, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരുന്നു, കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും സംസ്ഥാനത്തുടനീളം കടകള്‍ അടഞ്ഞുകിടക്കുന്ന സ്ഥിതിയായിരുന്നു.

ബാങ്ക് തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുന്നതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടിട്ടുണ്ട്. സഹകരണ മേഖലയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow