'ഇ.പി. ജയരാജനെതിരായ ആരോപണത്തിന് പിന്നിൽ പിണറായി വിജയൻ': കുഞ്ഞാലിക്കുട്ടിയെ തള്ളി കെ.എം.ഷാജി

Dec 27, 2022 - 19:04
 0

ഇ പി ജയരാജനെതിരായ അഴിമതി ആരോപണത്തെ കുറിച്ചുള്ള പ്രതികരണത്തിൽ മുസ്ലിം ലീഗിൽ അഭിപ്രായ ഭിന്നത. വിഷയം സിപിഎമ്മിന്റെ ആഭ്യന്തരകാര്യമാണെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കുഞ്ഞാലിക്കുട്ടിയു​ടെ അഭിപ്രായത്തെ തള്ളിയുള്ള കെപിഎ മജീദി​ന്റെ പ്രതികരണത്തിനു പിന്നാലെ കെ എം ഷാജിയും യൂത്ത് ലീഗും രംഗത്ത് വന്നു. ഇന്നലെ വയനാട്ടിൽ നടന്ന പൊതു​യോഗത്തിലാണ് കെ എം ഷാജിയുടെ പ്രതികരണം.

ജയരാജനെതിരേയുള്ള ആരോപണത്തിന് പിന്നിൽ പിണറായി വിജയനാണെന്ന് കെ എം ഷാജി പറഞ്ഞു. ”ഇത്, പുതിയ വിഷയമല്ല. എത്രയോ വർഷമായി കുന്നിടിക്കൽ നാടറിഞ്ഞിട്ട്. കോടിക്കണക്കിന് രൂപ നിക്ഷേപിച്ച ചെയ്ത പദ്ധതിയാണ്. അതിന് എല്ലാ അനുമതിയും കൊടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദ​ന്റെ ഭാര്യയാണ്. ഇ പിയുടെ ചിറകരിയാൻ പിണറായി വിജയൻ മൂലക്കിരുത്തിയ പി ജയരാജനെ കൊണ്ടുവന്നിരിക്കയാണിപ്പോൾ. എന്നിട്ട് പി ജയരാജൻ പുതിയ കണ്ടുപിടിത്തം പോലെ പഴയ പരാതി പുതിയതാക്കി കൊണ്ടുവന്ന് കൊടുത്തിരിക്കുകയാണ്. പിണറായി വിജയന് പറ്റാതായാൽ ഇതാണ് എല്ലാവരുടേയും സ്ഥിതി. അത് പിണറായിയുടെ ശൈലിയാണ്”- ഷാജി പറഞ്ഞു.

ജയരാജൻ വിവാദം സിപിഎമ്മി​ന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ ലീഗിന് ഇടപെടേണ്ടതില്ലെന്നും പറഞ്ഞ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു കുഞ്ഞാലിക്കുട്ടി ചെയ്തതത്. പിന്നാലെ കെപിഎ മജീദ് രൂക്ഷമായ വിമർശനം ഉന്നയിച്ചു ഫേസ് ബുക്കിൽ കുറിപ്പിട്ടു.

കു​റിപ്പിന്റെ പൂർണ രൂപം: കുന്നിടിച്ചും ജലം ഊറ്റിയും സി.പി.എം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുർവേദ റിസോർട്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അടയാളപ്പെടുത്തൽ നടത്തിയ മൊറാഴയിലാണ് ആരെയും കൂസാതെയുള്ള ഈ വൈദേകം. മൊറാഴ ഉടുപ്പിലെ പത്തേക്കർ കുന്ന് പൂർണമായും ഇടിച്ച് നിരത്തി. അരുതേ എന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവരെ ആട്ടിയോടിച്ചു.

പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭ അതിവേഗം റിസോർട്ടിന് അനുമതി നൽകി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ല. ഏതാണീ നഗരസഭയെന്ന് എല്ലാവർക്കും അറിയാം. കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം കൺവൻഷൻ സെന്റർ പണിയാനായി വിനിയോഗിച്ച പ്രവാസിക്ക് പ്രവർത്തനത്തിന് അനുമതി നൽകാതെ ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അതേ നഗരസഭ. നിർമ്മാണം തടയാൻ ഒരു ചെങ്കൊടിയും ഉയർന്നില്ല. എതിർപ്പുകളെയെല്ലാം ചെങ്കൊടി കൊണ്ട് നിശ്ശബ്ദമാക്കി. റിസോർട്ട് നിർമ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണ്. പിണറായി ഇതുവരെയും മിണ്ടിയിട്ടില്ല. ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂ”.

What's Your Reaction?

like

dislike

love

funny

angry

sad

wow