ഭരണഘടനാ വിരുദ്ധപരാമർശത്തിൽ പുറത്തായ സജി ചെറിയാൻ വീണ്ടും മന്ത്രിയാകും; തീരുമാനം CPM സെക്രട്ടേറിയേറ്റിന്റേത്

Dec 31, 2022 - 17:17
Dec 31, 2022 - 17:18
 0
ഭരണഘടനാ വിരുദ്ധപരാമർശത്തിൽ പുറത്തായ സജി ചെറിയാൻ വീണ്ടും മന്ത്രിയാകും; തീരുമാനം CPM സെക്രട്ടേറിയേറ്റിന്റേത്

ഭരണഘടനാ വിരുദ്ധപരാമർശത്തിൽ പുറത്തായ സജി ചെറിയാൻ വീണ്ടും മന്ത്രിയാകും. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കേണ്ടിവന്നത്.

ജനുവരി 23ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുന്‍പ് സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നടത്താനാണ് സിപിഎം നേതൃയോഗത്തിൽ ധാരണയായത്. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി തീരുമാനിക്കാന്‍ ആണ് സിപിഎം സെക്രട്ടേറിയറ്റ് നിർദേശിച്ചത്. സത്യപ്രതിജ്ഞയുടെ തീയതി നിശ്ചയിക്കാൻ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. പഴയ വകുപ്പുകൾ തന്നെ സജി ചെറിയാന് തിരികെ നൽകുമെന്നാണ് വിവരം.

സജി ചെറിയാന്‍ വിവാദ പ്രസംഗത്തിന്റെ പേരില്‍ രാജി വെച്ചപ്പോള്‍ അദ്ദേഹത്തിന് പകരം മറ്റൊരു മന്ത്രിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്കായി നല്‍കുകയാണ് ചെയ്തത്.

സജി ചെറിയാൻ നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തു. തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ചപ്പോള്‍ ഭരണഘടനയെ വിമർശനത്തോടെ പരാമര്‍ശിക്കുകയായിരുന്നെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow