സച്ചിനെതിരെ ഗൂഢാലോചന: അഞ്ച് കളിക്കാർക്ക് വിലക്കുമായി കെസിഎ, 13 പേർക്കും പിഴ

ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി കേരള രഞ്ജി ടീം താരങ്ങൾക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ കൂട്ടനടപടിയെടുത്തു. സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിൽ ഒപ്പിട്ട 13 കളിക്കാർക്കെതിരെയാണു നടപടി. മുൻ ക്യാപ്റ്റൻമാരായ റെയ്ഫി

Sep 1, 2018 - 13:08
 0
സച്ചിനെതിരെ ഗൂഢാലോചന: അഞ്ച് കളിക്കാർക്ക് വിലക്കുമായി കെസിഎ, 13 പേർക്കും പിഴ

കൊച്ചി∙ ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി കേരള രഞ്ജി ടീം താരങ്ങൾക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ കൂട്ടനടപടിയെടുത്തു. സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിൽ ഒപ്പിട്ട 13 കളിക്കാർക്കെതിരെയാണു നടപടി. മുൻ ക്യാപ്റ്റൻമാരായ റെയ്ഫി വിൻസന്റ് ഗോമസ്, രോഹൻ പ്രേം എന്നിവർക്കും സന്ദീപ് വാര്യർ, കെ.എം. ആസിഫ്, മുഹമ്മദ് അസ്ഹറുദീൻ എന്നിവർക്കും മൂന്ന് ഏകദിന മൽസരങ്ങളിലെ വിലക്കും മൂന്ന് ദിവസത്തെ മാച്ച് ഫീസ് പിഴയുമാണ് ഏർപ്പെടുത്തിയത്.

സഞ്ജു സാംസൺ, വി.എ. ജദഗീഷ്, എം.ഡി. നിധീഷ്, അഭിഷേക് മോഹൻ, കെ.സി. അക്ഷയ്, ഫാബിദ് ഫാറൂഖ്, സൽമാൻ നിസാർ, സിജോ മോൻ എന്നിവർ മൂന്ന് ദിവസത്തെ മാച്ച് ഫീസ് പിഴയായി നൽകണം. 13 കളിക്കാരുടെയും പിഴ മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണു നൽകേണ്ടത്. ക്യാപ്റ്റനെ മാറ്റണമെന്നാവശ്യപ്പെട്ടു കത്തെഴുതിയ 13 കളിക്കാർക്കും കെസിഎ വിശദീകരണം ആവശ്യപ്പെട്ടു നോട്ടിസ് നൽകിയിരുന്നു.

ക്യാപ്റ്റനെതിരെ ഗൂഢാലോചന നടത്തി ടീമിൽ അന്തഛിദ്രം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും കേരള ക്രിക്കറ്റിന് മാനക്കേട് വരുത്തിയെന്നും ആരോപിച്ചായിരുന്നു ഇത്. 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനായിരുന്നു നിർദ്ദേശം. പിന്നീട് ഇവരെ വിളിച്ചുവരുത്തി തെളിവെടുപ്പും നടത്തി. ഇതിനു പുറമേ ബെംഗളൂരുവിൽ നടന്ന കെഎസ് സിഎ ട്രോഫി ടൂർണമെന്റിനിടെ ടീം മാനേജ്മെന്റിനെ അറിയിക്കാതെ ഹോട്ടൽവിട്ടു രണ്ടു ദിവസം മംഗലാപുരത്തേക്കു പോയ സംഭവത്തിൽ സഞ്ജു സാംസൺ, മുഹമ്മദ് അസ്ഹറുദീൻ, സൽമാൻ നിസാർ, അക്ഷയ് ചന്ദ്രൻ എന്നിവർക്കു വേറെയും കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.

സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ടീമിലെ 13 കളിക്കാർ കേരള ക്രിക്കറ്റ് അസോസിയേഷനു കത്തു നൽകിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. കേരള ടീം സച്ചിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ കെഎസ്‌സിഎ കപ്പ് ടൂർണമെന്റ് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കത്തിന്റെ വിവരം പുറത്തായത്. സച്ചിൻ സ്വാർഥനും അഹങ്കാരിയുമാണെന്നും ടീം അംഗങ്ങളോട് അധികാര സ്വരത്തിൽ മോശമായി പെരുമാറുന്നുവെന്നുമായിരുന്നു കളിക്കാരുടെ ആരോപണം.

'ടീം വിജയിക്കുമ്പോൾ അത് തന്റെ നേട്ടമായി മാറ്റുന്ന സച്ചിൻ പരാജയപ്പെടുമ്പോൾ കുറ്റമെല്ലാം സഹ കളിക്കാരുടെ മേൽ ചാരുന്നു. എല്ലാ കളിക്കാരോടും മോശമായാണു സംസാരിക്കുന്നത്. കളിക്കാരെല്ലാം അസ്വസ്ഥരും മുറിവേറ്റവരുമാണ്. ഇതുമൂലം കളിയിൽ ശ്രദ്ധിക്കാനും കഴിയുന്നില്ല. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനിൽ നിന്നുണ്ടായ ഇത്തരം മോശം പെരുമാറ്റംകൊണ്ടു മാത്രമാണ് ടീമിലെ മികച്ച ചില കളിക്കാർ ഇത്തവണ മറ്റു സംസ്ഥാനങ്ങൾക്കായി കളിക്കാൻ കേരളം വിട്ടത്. ടീമിന്റെ ഉത്തമ താൽപര്യത്തിനായി ഈ സീസണിൽ പ്രഫഷണലായി നയിക്കാൻ കഴിയുന്ന പുതിയ ക്യാപ്റ്റൻ വരണമെന്നാണു ടീം അംഗങ്ങളുടെയെല്ലാം താൽപര്യം ' - കത്തിൽ കുറിച്ചു.

അതേസമയം, സച്ചിൻ ബേബിക്കെതിരെ ടീമിലുണ്ടായ പടയൊരുക്കത്തിനു നേതൃത്വം നൽകിയതു മുൻ ക്യാപ്റ്റൻമാർ ഉൾപ്പെടെയുള്ള നാലു മുതിർന്ന കളിക്കാരാണെന്നു ജൂനിയർ കളിക്കാർ തെളിവെടുപ്പിൽ വ്യക്തമാക്കി. ശ്രീലങ്കയിലെ പരിശീലന പര്യടനത്തിനിടെ 'സീനിയേഴ്സ്' രൂപം നൽകിയ നീക്കത്തിൽ തങ്ങളെയും പങ്കാളികളാക്കുകയായിരുന്നെന്നു കെസിഎ ആസ്ഥാനത്തു നടന്ന തെളിവെടുപ്പിൽ ഇവർ വ്യക്തമാക്കി.

ജൂനിയർ കളിക്കാരുടെ പിന്തുണ സ്വരൂപിക്കാൻ ഇവർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മുഹമ്മദ് അസ്ഹറുദീനെയാണ് ചുമതലപ്പെടുത്തിയതത്രേ. മുൻ ക്യാപ്റ്റനും ജൂനിയർ താരവും ഒരുമിച്ച് താമസിച്ചിരുന്ന മുറിയിലായിരുന്നു പല ദിവസങ്ങളിലായി ഒപ്പു ശേഖരണം. കത്ത് തയാറാക്കിയതാരെന്നോ ഇ-മെയിൽ ഐഡി രൂപപ്പെടുത്തിയതാരെന്നോ വെളിപ്പെടുത്താൻ ആരും തയാറായില്ല. കത്തിൽ ഒപ്പിടാനായി തങ്ങളെയും സമീപിച്ചിരുന്നെന്നും എന്നാൽ അതിനോട് യോജിപ്പില്ലാത്തതിനാൽ ഒപ്പിട്ടില്ലെന്നും പി.രാഹുലും വിഷ്ണു വിനോദും പറഞ്ഞു. എല്ലാവരും ഒപ്പിട്ടതുകൊണ്ടാണു താനും ഒപ്പിട്ടതെന്നും ചെയ്തതു തെറ്റായിപ്പോയെന്നും മുതിർന്ന കളിക്കാരനായ വി.എ.ജഗദീഷ് വ്യക്തമാക്കി.

പരിശീലനത്തിലും കൃത്യനിഷ്ഠയിലുമുൾപ്പെടെ താൻ കർശന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ സച്ചിൻ ബേബി ശ്രീലങ്കൻ പര്യടനത്തിനിടെ ഒരു മുൻ ക്യാപ്റ്റനുമായി അസ്വാരസ്യം ഉണ്ടായതായും വെളിപ്പെടുത്തി. തെളിവെടുപ്പിനെത്തിയ കളിക്കാരെല്ലാം തുടക്കത്തിൽ ഉരുണ്ടുകളിച്ചെങ്കിലും ഭാരവാഹികൾ നിലപാട് കടുപ്പിച്ചതോടെയാണ് പലരും കാര്യങ്ങൾ തുറന്നുപറയാൻ തയാറായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow