അവസാന പന്ത് വരെ ആവേശം; കൊൽക്കത്തയെ രണ്ട് റൺസിന് തോൽപ്പിച്ച് ലക്‌നൗ പ്ലേഓഫിൽ

May 19, 2022 - 15:29
May 19, 2022 - 15:36
 0
അവസാന പന്ത് വരെ ആവേശം; കൊൽക്കത്തയെ രണ്ട് റൺസിന് തോൽപ്പിച്ച് ലക്‌നൗ പ്ലേഓഫിൽ

ഐപിഎല്ലിൽ അവസാന പന്ത് വരെ നീണ്ട ആവേശകരമായ സൂപ്പർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ച് ലക്‌നൗ സൂപ്പർ ജയൻറ്സ്. കൂറ്റൻ സ്കോർ പിന്തുടർന്ന കൊൽക്കത്ത ലക്‌നൗ സ്കോറിന് രണ്ട് റൺസകലെ പൊരുതി വീഴുകയായിരുന്നു. 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കൊൽക്കത്തയുടെ പോരാട്ടം 208 റൺസിൽ അവസാനിക്കുകയായിരുന്നു. കൊൽക്കത്തയ്‌ക്കെതിരെ നേടിയ ജയത്തോടെ ലക്നൗ സീസണിൽ പ്ലേഓഫിൽ പ്രവേശിക്കുന്ന രണ്ടാമത്തെ ടീമായി.

സ്കോർ: ലക്നൗ സൂപ്പർ ജയൻറ്സ് - 20 ഓവറിൽ 210/0; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ 208/8

ക്വിന്റൺ ഡീകോക്കും കെ എൽ രാഹുലും കൂടി ചേർന്ന് പടുത്തുയർത്തിയ കൂറ്റൻ സ്കോറിന് കൊൽക്കത്ത കൂട്ടായ മറുപടിയാണ് നൽകിയത്. നിതീഷ് റാണയും (22 പന്തിൽ 42), ക്യാപ്റ്റൻ ശ്രേയസ് അയ്യരും (29 പന്തിൽ 50) തുടക്കത്തിലും പിന്നീട് അവസാന ഓവറുകളിൽ റിങ്കു സിങ്ങും (15 പന്തിൽ 40), സുനിൽ നരെയ്നും (7 പന്തിൽ 21*) തകർത്തടിച്ചെങ്കിലും നിർണായക ഘട്ടങ്ങളിൽ ഇവർ പുറത്തായത് ടീമിന് തിരിച്ചടിയാവുകയായിരുന്നു.

റിങ്കു സിങ് ക്രീസിൽ നിൽക്കെ വിജയമുറപ്പിച്ചിരിക്കുകയായിരുന്നു കൊൽക്കത്ത. അവസാന ഓവറിൽ 21 റൺസ് ജയിക്കാൻ വേണ്ടിയിരിക്കെ ആദ്യ നാല് പന്തുകളിൽ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 18 റൺസ് നേടിയ താരം പക്ഷെ അഞ്ചാം പന്തിൽ എവിൻ ലൂയിസിന്റെ അവിശ്വസനീയമായ ഒറ്റക്കൈയ്യൻ ക്യാച്ചിൽ പുറത്താവുകയായിരുന്നു. ഈ ക്യാച്ച് ആയിരുന്നു മത്സരത്തിന്റെ വിധി നിർണയിച്ചത്. അവസാന പന്തിൽ മൂന്ന് റൺസ് എന്ന നിലയിലായ മത്സരത്തിൽ ക്രീസിലെത്തിയ ഉമേഷ് യാദവിനെ ക്ലീൻ ബൗൾഡാക്കി സ്റ്റോയ്‌നിസ് ലക്നൗവിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

ലക്നൗവിനായി ബൗളിങ്ങിൽ മാർക്കസ് സ്റ്റോയ്‌നിസ്, മൊഹ്സിൻ ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, നിർണായക മത്സരത്തിൽ ഓപ്പണർമാരായ ക്വിന്‍റണ്‍ ഡീകോക്കിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെയും (70 പന്തിൽ 140*) ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ അർധസെഞ്ചുറി (51 പന്തിൽ 68*) പ്രകടനങ്ങളുടെ ബലത്തിലാണ് ലക്നൗ കൂറ്റൻ സ്കോർ നേടിയത്. ടോസ് നേടി ബാറ്റിംഗിറങ്ങിയ ലക്നൗ ഇരുവരുടെയും മികവിൽ 20 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 210 റണ്‍സാണ് നേടിയത്.

20 ഓവറുകളും ബാറ്റ് ചെയ്ത സഖ്യം കൊൽക്കത്ത ബൗളർമാരെ അടിച്ചുവശംകെടുത്തി കൂറ്റൻ സ്കോർ നേടിയതിനോടൊപ്പം ഐപിഎല്ലിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണ് സ്വന്തമാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow