കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പ്; ട്രാവല്‍ ഏജൻസി ഉടമ അറസ്റ്റില്‍

കനേഡിയന്‍ (Canada) തൊഴില്‍ വിസ (Job Visa) വാഗ്ദാനം ചെയ്ത് യുവതിയെ കബളിപ്പിച്ച ട്രാവല്‍ ഏജന്‍സി ഉടമയെ (Travel Firm Owner) പൊലീസ് അറസ്റ്റ് ചെയ്തു. കവടിയാര്‍ സ്വദേശിയും റിയ ട്രാവല്‍ സൊല്യൂഷന്‍സ് ഉടമയുമായ മുജീബ് റഹ്മാനെയാണ് തിരുവനന്തപുരത്ത് വെച്ച് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. നെട്ടയം സ്വദേശി ശിവലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Dec 8, 2021 - 12:40
 0

കനേഡിയന്‍ (Canada) തൊഴില്‍ വിസ (Job Visa) വാഗ്ദാനം ചെയ്ത് യുവതിയെ കബളിപ്പിച്ച ട്രാവല്‍ ഏജന്‍സി ഉടമയെ (Travel Firm Owner) പൊലീസ് അറസ്റ്റ് ചെയ്തു. കവടിയാര്‍ സ്വദേശിയും റിയ ട്രാവല്‍ സൊല്യൂഷന്‍സ് ഉടമയുമായ മുജീബ് റഹ്മാനെയാണ് തിരുവനന്തപുരത്ത് വെച്ച് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. നെട്ടയം സ്വദേശി ശിവലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തനിക്ക് തൊഴിൽ വിസയും തന്റെ സുഹൃത്തിനും കുടുംബത്തിനും കുടുംബവിസയും വാഗ്ദാനം ചെയ്ത് മുജീബ് 9.5 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പറഞ്ഞു. തൊഴിൽ വിസയ്ക്കായി 4 ലക്ഷം രൂപയും കുടുംബ വിസ നല്‍കാനായി 5.5 ലക്ഷം രൂപയും ഇയാള്‍ കൈപ്പറ്റിയതായി പോലീസ് അറിയിച്ചു.

പരാതിക്കാരുടെ പാസ്പോര്‍ട്ടും കൈക്കലാക്കിയ മുജീബ് അവരെ വിദേശത്തേക്ക് അയയ്ക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല. എന്നാല്‍ വിസ നല്‍കാതെ പണം വാങ്ങി കബളിപ്പിച്ചതോടെ ശിവലക്ഷ്മി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ വിസാ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. നിരവധി പേരെ കബളിപ്പിച്ച് ഇത്തരത്തില്‍ പണം തട്ടിയെടുത്തിട്ടുള്ള മുജീബ് വലിയ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ ഗോള്‍ഫ് ലിങ്ക്‌സിലെ വീട്ടില്‍ നിന്നും നിരവധി പാസ്‌പോര്‍ട്ടുകളും രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ച് പ്രതി കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്ന്സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

കഴിഞ്ഞ മാസം കൊല്ലത്ത്, പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിന് ഇരയായ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. കൊല്ലം ചാത്തന്നൂര്‍ മാടന്‍നട സ്വദേശി സനല്‍ വിദേശത്തുള്ള സഹോദരിയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വഴിയാണ് തട്ടിപ്പ് നടത്തിയത്.

ദുബായില്‍ റിക്രൂട്ട് ഏജന്‍സി നടത്തുന്നതാണെന്നും ഹോട്ടല്‍ മാനേജ്‌മെന്റ് ജോലിക്ക് വിസ നല്‍കാം എന്നുമായിരുന്നു വാഗ്ദാനം. പന്മന വടുതല സ്വദേശി മഞ്ജു, ഇടുക്കി രാജക്കാട് കുത്തുമക്കല്‍ സ്വദേശി ജിപ്‌സന്‍ ജോസ് എന്നിവരുടെ പക്കല്‍ നിന്ന് 2020 നവംബറില്‍ 1,70,000 രൂപയാണ് ഇയാൾ കൈക്കലാക്കിയത്.

തുടര്‍ന്ന് വിദേശത്തെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. വിസ ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചു. തുടര്‍ന്നാണ് തട്ടിപ്പ് മനസ്സിലായത്. വിദേശത്തുള്ള സഹോദരി എന്ന് പരിചയപ്പെടുത്തിയ സ്ത്രീക്ക് എതിരെ തട്ടിപ്പിന് ഇരയായവര്‍ നിയമ നടപടിക്ക് ഒരുങ്ങിയിരുന്നു. തട്ടിപ്പിന്റെ ഭാഗമായികൂടുതല്‍ ആളുകള്‍ക്ക് പണം നഷ്ടമായിട്ടുണ്ട് എന്നാണ് ലഭിച്ച വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow