ഗാംഗുലി ബിസിസിഐ തലപ്പത്തേക്ക്

മുൻ ഇന്ത്യൻ ക്യാപ്റ്റനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അധ്യക്ഷ സ്ഥാനത്തേക്ക്.

Oct 14, 2019 - 09:15
 0
ഗാംഗുലി ബിസിസിഐ തലപ്പത്തേക്ക്

മുൻ ഇന്ത്യൻ ക്യാപ്റ്റനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അധ്യക്ഷ സ്ഥാനത്തേക്ക്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് ഗാംഗുലി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമാണ് ഇന്ന്. ബിസിസിഐ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ ചേർന്ന് സമവായത്തിലെത്തിയതായാണ് സൂചന. അങ്ങനെയെങ്കിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലി എതിരില്ലാതെ തന്നെ തിരഞ്ഞെടുക്കപ്പെടും. ഈ മാസം 23ന് നടക്കുന്ന ബിസിസിഐ ജനറൽ ബോഡി യോഗത്തിലാണ് ബിസിസിഐയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ പോസ്റ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇവർക്കു പുറമെ പുരുഷ, വനിതാ ടീമുകളുടെ ഓരോ പ്രതിനിധികൾ, ഐപിഎൽ ഭരണസമിതി പ്രതിനിധി, ഒരു കേന്ദ്രസർക്കാർ പ്രതിനിധി എന്നിവർ കൂടി ഉൾപ്പെടുന്നതാണ് പുതിയ ബിസിസിഐ ഭരണസമിതി. ഇതിൽ പുരുഷ ടീമിന്റെ പ്രതിനിധിയായി മുൻ താരം അന്‍ഷുമാൻ ഗെയ്‌ക്‌വാദ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ കീർത്തി ആസാദിനെ തോൽപ്പിച്ചാണ് ഗെയ്ക്‌വാദ് പുരുഷ ടീമിന്റെ പ്രതിനിധിയായത്. ബിസിസിഐ ഉപദേശക സമിതി അംഗത്വം രാജിവച്ച ശാന്ത രംഗസ്വാമിയാണ് വനിതാ ടീം പ്രതിനിധി. മുൻ ഡൽഹി താരം സുരീന്ദർ ഖന്ന ഐപിഎൽ ഭരണസമിതിയെ പ്രതിനിധീകരിക്കും. കേന്ദ്ര സർക്കാർ പ്രതിനിധിയെ നിയോഗിച്ചിട്ടില്ല.

ഒക്ടോബർ 23ന് നടക്കുന്ന ബിസിസിഐ ജനറൽ ബോഡി യോഗത്തിനു മുന്നോടിയായി തിരഞ്ഞെടുപ്പ് ഒഴിവാക്കി ഭാരവാഹികളുടെ കാര്യത്തിൽ സമവായം കണ്ടെത്താൻ ശ്രമങ്ങൾ ഊർജിതമായിരുന്നു. ഇതിനായി ഞായറാഴ്ച മുംബൈയിലെ ഒരു ഹോട്ടലിൽ മാരത്തൺ യോഗവും നടന്നു. ബിസിസിഐ മുൻ പ്രസിഡന്റുമാരായ എൻ.ശ്രീനിവാസൻ, അനുരാഗ് താക്കൂർ, സെക്രട്ടറിയായിരുന്ന നിരഞ്ജൻ ഷാ, മുൻ ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ശ്രീനിവാസനാണ് ഈ യോഗം സംഘടിപ്പിച്ചതെന്നാണ് വിവരം. പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് നിർദ്ദേശിച്ചതും ഇദ്ദേഹം തന്നെ.

അമിത് ഷായുടെ മകനും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായിരുന്ന ജയ് ഷാ ബിസിസിഐ സെക്രട്ടറിയാകും. ജയ് ഷായും ഇന്ന് പത്രിക സമർപ്പിക്കും. ഈ തിരഞ്ഞെടുപ്പും എതിരില്ലാതെ ആകാനാണ് സാധ്യത. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന അമിത് ഷാ കഴിഞ്ഞ മാസമാണ് തൽസ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. ലോധ കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന് സ്ഥാനം നഷ്ടമായത്. ഈ സാഹചര്യത്തിലാണ് ബിസിസിഐയിലേക്ക് മകന്റെ വരവ്.

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് താൽപര്യം പ്രകടപ്പിച്ചിരുന്ന മുൻ ഇന്ത്യൻ താരവും കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ബ്രിജേഷ് പട്ടേൽ ഒത്തുതീർപ്പു ഫോർമുലയെന്ന നിലയിൽ ഐപിഎൽ ചെയർമാനാകും. മുൻ ബിസിസിഐ പ്രസിഡന്റ് കൂടിയായ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരൻ അരുൺ സിങ് ധൂമൽ ബിസിസിഐ ട്രഷററാകും.കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയാകുമെന്നും സൂചനയുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow