ഹിജാബ് നിരോധനത്തെ ശരിവെച്ചും എതിർത്തും സുപ്രീംകോടതി ജഡ്ജിമാർ, കേസ് വിശാല ബെഞ്ചിന്

ഹിജാബ് നിരോധനത്തെ ശരിവെച്ചും എതിർത്തും സുപ്രീംകോടതി ജഡ്ജിമാർ. ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ ഹർജികൾ സമർപ്പിച്ചിരുന്നത്.

Oct 13, 2022 - 18:43
Oct 13, 2022 - 18:50
 0
ഹിജാബ് നിരോധനത്തെ ശരിവെച്ചും എതിർത്തും സുപ്രീംകോടതി ജഡ്ജിമാർ, കേസ് വിശാല ബെഞ്ചിന്
കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരോധനവുമായി ബന്ധപ്പെട്ട കേസുകൾ വിശാല ബെഞ്ചിന് വിട്ടു. ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജികളാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പരിഗണിച്ചത്. ഇരു ജഡ്ജിമാരും ഭിന്ന വിധിപ്രസ്താവം നടത്തിയ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട വിശാല ബെഞ്ചിലേക്ക് കേസ് വിട്ടത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കർണാടക ഹൈക്കോടതി വിധി ശരിവെച്ചു ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധി പറഞ്ഞപ്പോൾ ജസ്റ്റിസ് സുധാൻഷു ധുലിയ ഹൈക്കോടതി വിധി തള്ളി.
.
 
 
 ഹിജാബ് നിരോധനത്തിനെതിരായ എല്ലാ അപ്പീലുകളും ജസ്റ്റിസ് സുധാൻഷു ധുലിയ അംഗീകരിച്ചു. ഇരുജഡ്ജിമാരും ഭിന്നവിധി പറഞ്ഞതോടെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട വിശാല ബെഞ്ചിലേക്ക് കേസ് വിട്ടത്. ഹർജി മറ്റേതെങ്കിലും ബെഞ്ചിനു വിടണോ, ഭരണഘടനാ ബെഞ്ചിനു വിടണോ എന്നതടക്കമുള്ള കാര്യങ്ങളിൽ ചീഫ് ജസ്റ്റിസാകും ഇനി ഉത്തരവിടുക. കേസിൽ പത്തുദിവസം വാദം കേട്ട ശേഷമായിരുന്നു രണ്ടംഗ ബെഞ്ച് ഇന്ന് വിധിപ്രസ്താവം നടത്താൻ തീരുമാനിച്ചത്. കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹർജികളാണ് സുപ്രീംകോടതിയിൽ നൽകിയിരുന്നത്.
 
 
 
 
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ, സമസ്ത കേരള സുന്നി യുവജന സംഘം, അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷൻ വിവിധ വിദ്യാർഥി സംഘടനകൾ തുടങ്ങിയവരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നത്. മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷൺ, ഹുഫേസ അഹമദി, ദേവദത്ത് കാമത്ത് തുടങ്ങിയവരാണ് ഹർജിക്കാർക്കായി ഹാജരായത്. കർണാടക സർക്കാരിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പെടെയുള്ളവർ ഹാജരായി. ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്രത്തിൻ്റെ പരിധിയിൽ വരുന്നതാണെന്നും അത് തടയാൻ കോടതികൾക്ക് അധികാരമില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
 
 
 
 
 
സിഖുകാരുടെ തലപ്പാവ് പോലെ തന്നെ പ്രാധാന്യമേറിയതാണ് മുസ്ലീം സ്ത്രീകൾക്ക് ഹിജാബ്. അനുച്ഛേദം 19 (1) പ്രകാരം ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്രം സംരക്ഷിക്കേണ്ടതുണ്ട്. ഹൈക്കോടതി ഉത്തരവ് 14-ാം അനുച്ഛേദത്തിൻ്റെ ലംഘനമാണ് എന്നിങ്ങനെ വാദങ്ങൾ നീണ്ടു. എന്നാൽ ഹിജാബ് ധരിക്കൽ മതാചാരമാണെന്നും അനിവാര്യമായ മതാചാരം അല്ലെന്നുമായിരുന്നു കർണാടക സർക്കാർ വാദിച്ചത്. കഴിഞ്ഞ വർഷം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചിരുന്നില്ല, വിവാദത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ടിൻ്റെ ക്യാമ്പയിനാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഏർപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ടെന്നും ആയിരുന്നു കർണാടക സർക്കാരിൻ്റ വാദം.

What's Your Reaction?

like

dislike

love

funny

angry

sad

wow