ബ്രസീൽ ടിറ്റെയിൽ വിശ്വസിക്കുന്നു!

ലോകകപ്പിന് ആദ്യം യോഗ്യത നേടിയവർ, ആദ്യം 23 അംഗ ടീമിനെ പ്രഖ്യാപിച്ചവർ. പക്ഷേ, റഷ്യയിൽനിന്ന് ഏറ്റവും അവസാനം മടങ്ങുന്ന ടീം ബ്രസീൽ ആയിരിക്കും! സാധ്യതാ ലിസ്റ്റ് ഇല്ലാതെതന്നെ അന്തിമ ടീമിനെ പ്രഖ്യാപിച്ചതിലൂടെ ബ്രസീൽ കോച്ച് ടിറ്റെ പറയാതെ പറഞ്ഞത് ഇതാണ്: നാലു വർഷം മുൻപ് ബെലോ ഹോറിസോന്റിയിൽ ജർമനിയോടേറ്റ

May 16, 2018 - 13:02
 0
ബ്രസീൽ ടിറ്റെയിൽ വിശ്വസിക്കുന്നു!

ലോകകപ്പിന് ആദ്യം യോഗ്യത നേടിയവർ, ആദ്യം 23 അംഗ ടീമിനെ പ്രഖ്യാപിച്ചവർ. പക്ഷേ, റഷ്യയിൽനിന്ന് ഏറ്റവും അവസാനം മടങ്ങുന്ന ടീം ബ്രസീൽ ആയിരിക്കും! സാധ്യതാ ലിസ്റ്റ് ഇല്ലാതെതന്നെ അന്തിമ ടീമിനെ പ്രഖ്യാപിച്ചതിലൂടെ ബ്രസീൽ കോച്ച് ടിറ്റെ പറയാതെ പറഞ്ഞത് ഇതാണ്: നാലു വർഷം മുൻപ് ബെലോ ഹോറിസോന്റിയിൽ ജർമനിയോടേറ്റ വേദനാജനകമായ തോൽവിയുടെ മനഃശാസ്ത്രക്കുരുക്കിൽനിന്നു ബ്രസീലിനെ മോചിപ്പിച്ച പരിശീലകന് ആത്മവിശ്വാസം ആവോളമുണ്ടെന്നു ചുരുക്കം. ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചു: ‘‘ഞ​ങ്ങൾ ടിറ്റെയിൽ വിശ്വസിക്കുന്നു.’’ ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്നു പറയുംപോലെ!

 
 

ടിറ്റെ പ്രഖ്യാപിച്ച 23 അംഗ ടീമിനെക്കുറിച്ച് ആർക്കും പരാതികളില്ല, മുറുമുറുപ്പുകളില്ല. ഏതൊരു ബ്രസീൽ പരിശീലകനുമുണ്ടാകാറുള്ള ടീം സിലക്‌ഷൻ എന്ന തലവേദന 23 അംഗ ടീമിലെ 15 പേരെ ഫെബ്രുവരിയിൽത്തന്നെ പ്രഖ്യാപിച്ചുകൊണ്ടു ടിറ്റെ മറികടന്നിരുന്നു. അന്നു പ്രഖ്യാപിച്ച ടീമിൽ ഒരാൾ മാത്രമാണ് അന്തിമ പട്ടികയിൽ ഇല്ലാതെപോയത് – പരുക്കുമൂലം പുറത്തായ റൈറ്റ് ബായ്ക്ക് ഡാനി ആൽവസ്.

കൊറിന്ത്യൻസ് താരം ഫാഗ്‌നർ, മാഞ്ചസ്റ്റർ സിറ്റി താരം ഡാനിലോ എന്നിവരെയാണ് ആൽവസിനു പകരക്കാരായി ടിറ്റെ ഉൾപ്പെടുത്തിയത്. ലെഫ്റ്റ് ബായ്ക്ക് സ്ഥാനത്തു മാഴ്സലോ കഴിഞ്ഞാൽ രണ്ടാം ഓപ്ഷനായി ആരെ പരിഗണിക്കും എന്നതായിരുന്നു ടിറ്റെയുടെ മുന്നിലുണ്ടായിരുന്ന ആശയക്കുഴപ്പം. ഒടുവിൽ സങ്കടത്തോടെയാണെങ്കിലും യുവെന്റസ് താരം അലക്സ് സാന്ദ്രോയെ തഴയേണ്ടിവന്നു എന്നാണു ടിറ്റെ പറഞ്ഞത്. പരിചയസമ്പന്നനായ അത്‌ലറ്റിക്കോ മഡ്രിഡ് താരം ഫിലിപ്പെ ലൂയിസ് പരുക്കിൽനിന്നു മോചിതനാകും എന്ന ഉറപ്പ് ഡോക്ടർമാരിൽനിന്നു കിട്ടിയതിനാലായിരുന്നു അത്.

‘ബ്രസീൽ ഒരു യൂറോപ്യൻ ടീമായി’ എന്നു ശരിവയ്ക്കുന്നതാണു ടിറ്റെയുടെ സിലക്‌ഷൻ. ടീമിലെ 19 പേരും യൂറോപ്യൻ ലീഗുകളിൽ കളിക്കുന്നവർ. മിഡ്ഫീൽഡർ റെനാറ്റോ അഗസ്റ്റോ ചൈനീസ് സൂപ്പർ ലീഗ് താരമാണ്. ശേഷിക്കുന്ന മൂന്നു പേർ – മൂന്നാം നമ്പർ ഗോൾകീപ്പർ കാസിയോ, സെന്റർ ബായ്ക്ക് പെഡ്രോ ഗരാമെൽ, റൈറ്റ് ബായ്ക്ക് ഫാഗ്‌നർ എന്നിവർ – മാത്രമാണു ബ്രസീലിൽനിന്നുള്ളവർ. ബ്രസീലിയൻ ക്ലബ് കൊറിന്ത്യൻസിനെ രാജ്യത്തും (ബ്രസീലിയൻ ലീഗ്) വൻകരയിലും (കോപ്പ ലിബർട്ടഡോറസ്) ലോകത്തും (ഫിഫ ക്ലബ് ലോകകപ്പ്) ജേതാക്കളാക്കിയ പരിശീലകനായിട്ടും കൊറിന്ത്യൻസിൽനിന്ന് ഒരാളെ മാത്രമാണു ടിറ്റെ ടീമിലെടുത്തത്. അതും ഡാനി ആൽവസിനു പരുക്കേറ്റതുകൊണ്ടു മാത്രം ടീമിലെത്തിയ ഫാഗ്‌നർ.

ഡൂംഗയിൽനിന്നു ടിറ്റെ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോൾ തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്തായിരുന്നു ബ്രസീൽ. ടിറ്റെയുടെ കീഴിൽ 12 യോഗ്യതാ മൽസരങ്ങൾ കളിച്ച ബ്രസീൽ പത്തും ജയിച്ചു. രണ്ടെണ്ണം സമനില. അടിച്ച ഗോളുകൾ 30. വാങ്ങിയതു മൂന്നെണ്ണം മാത്രം!

 

‌2014 ലോകകപ്പിൽ ബ്രസീലിനു പറ്റിയ അബദ്ധത്തിൽനിന്നു ടീമിനെ മോചിപ്പിക്കുകയാണു ടിറ്റെ ആദ്യം ചെയ്തത്. ടിറ്റെയ്ക്കു കീഴിൽ ഇതുവരെയുള്ള 19ൽ ആറു കളികളിൽ നെയ്മറെ കൂടാതെയാണു ബ്രസീൽ ഇറങ്ങിയത്. അതിൽ അഞ്ചും ജയിച്ചു; ലോകചാംപ്യൻമാരായ ജർമനിക്കെതിരെ ഉൾപ്പെടെ. ഫസ്റ്റ് ചോയ്സ് ക്യാപ്റ്റൻ നെയ്മർ തന്നെയാണെങ്കിലും ടിറ്റെ അതും മാറ്റിപ്പരീക്ഷിച്ചു – 19 കളികളിൽ 15 വ്യത്യസ്ത ക്യാപ്റ്റൻമാർ!

ടിറ്റെയുടെ ടീമിലെ സെന്റർ ബായ്ക്കുകളിലൊരാളായ മിറാൻഡ പറയുന്നതിങ്ങനെ: പലപ്പോഴും ആദ്യ ഇലവനിൽ ഇടം കിട്ടിയ കളിക്കാർ മാത്രമാണു പരിശീലകനെ ഇഷ്ടപ്പെടുക. പക്ഷേ, ബ്രസീൽ ടീമിൽ റിസർവ് ബെഞ്ചിലിരിക്കുന്നവർപോലും ടിറ്റെയെ ഇഷ്ടപ്പെടുന്നു!

What's Your Reaction?

like

dislike

love

funny

angry

sad

wow