50 പാതകളിലെ ട്രെയിൻ സർവീസുകൾ സ്വകാര്യ കമ്പനികൾക്ക്

കൂടുതൽ ട്രെയിൻ സർവീസുകൾ സ്വകാര്യമേഖലയ്ക്കു നൽകുന്നു. എറണാകുളം– തിരുവനന്തപുരം ഉൾപ്പെടെ ഏറ്റവും തിരക്കുള്ള 50 പാതകളിലെ സർവീസുകൾ സ്വകാര്യ കമ്പനികൾക്കു

Sep 28, 2019 - 06:09
 0
50 പാതകളിലെ ട്രെയിൻ സർവീസുകൾ സ്വകാര്യ കമ്പനികൾക്ക്

കൂടുതൽ ട്രെയിൻ സർവീസുകൾ സ്വകാര്യമേഖലയ്ക്കു നൽകുന്നു. എറണാകുളം– തിരുവനന്തപുരം ഉൾപ്പെടെ ഏറ്റവും തിരക്കുള്ള 50 പാതകളിലെ സർവീസുകൾ സ്വകാര്യ കമ്പനികൾക്കു വിട്ടുനൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ഡൽഹി– മുംബൈ, ഡൽഹി– ലക്നൗ, ഡൽഹി– ജമ്മു, ഡൽഹി– ഹൗറ, സെക്കന്ദരാബാദ്– ഹൈദരാബാദ്, മുംബൈ– ചെന്നൈ, ഹൗറ– ചെന്നൈ, ഹൗറ– മുംബൈ എന്നീ പാതകളും ഇതിലേക്കു പരിഗണിക്കുന്നുണ്ട്

ഈ പാതകളിൽ നിലവിലോടുന്ന ട്രെയിനുകളുടെയും വരുമാനത്തിന്റെയും വിശദാംശങ്ങൾ സമർപ്പിക്കാൻ റെയിൽവേ ബോർഡ് സോണുകളുടെ മേധാവികൾക്കു നിർദേശം നൽകിയിട്ടുണ്ട്. രണ്ടാം മോദി സർക്കാരിന്റെ 100 ദിന കർമപരിപാടികളുടെ ഭാഗമായി റെയിൽവേ മന്ത്രാലയം സമർപ്പിച്ച പദ്ധതിയാണു പാതകളുടെ സ്വകാര്യവൽക്കരണം. ഇതനുസരിച്ച് ആദ്യം അനുവദിച്ച ഡൽഹി– ലക്നൗ തേജസ്സ് എക്സ്പ്രസ് അടുത്തയാഴ്ച സർവീസ് ആരംഭിക്കാനിരിക്കെയാണ് കൂടുതൽ പാതകളിൽ സ്വകാര്യവൽക്കരണം പരിഗണിക്കുന്നത്.

മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതകളിലാകും സ്വകാര്യ ട്രെയിനുകൾ അനുവദിക്കാൻ പരിഗണിക്കുന്നത്. ചെന്നൈ–കോയമ്പത്തൂർ, ചെന്നൈ– മധുര, ചെന്നൈ– ബെംഗളുരു എന്നിവയും പരിഗണനയിലുള്ള 50 പാതകളിൽ ഉൾപ്പെടുന്നു.

യാത്രാനിരക്ക് കമ്പനി നിശ്ചയിക്കും

ലേലം വഴിയാണു സ്വകാര്യ കമ്പനികളെ നിശ്ചയിക്കുക. യാത്രാനിരക്കു കമ്പനികൾക്കു നിശ്ചയിക്കാം. മാനദണ്ഡം മാത്രം റെയിൽവേ ആവിഷ്കരിക്കും. ബോഗികളും എൻജിനുകളും കമ്പനികൾ ആവശ്യപ്പെട്ടാൽ പാട്ടത്തിനു നൽകും.

തേജസ്സ് എക്സ്പ്രസ് ഒക്ടോബർ 4ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്ലാഗ് ഓഫ് ചെയ്യും. തൊട്ടടുത്ത ദിവസം മുതലാണു സർവീസ് ആരംഭിക്കുക. ഐആർസിടിസിക്കാണു ചുമതല.

4 വർഷത്തിനുള്ളിൽ ലവൽക്രോസുകൾ ഒഴിവാക്കും

ന്യൂഡൽഹി ∙ കാവൽക്കാരുള്ള ലവൽക്രോസുകൾ 4 വർഷത്തിനുള്ളിൽ ഒഴിവാക്കുന്നതിനായി റെയിൽവേ കേന്ദ്രസർക്കാരിനോട് 50,000 കോടി രൂപ അധികം ആവശ്യപ്പെട്ടു. സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആളില്ലാത്ത ലവൽക്രോസുകൾ പൂർണമായി ഒഴിവാക്കിയിരുന്നു.

വിവിധ മേഖലകളിലെ ജനറൽ മാനേജരുമായി റെയിൽവേ സഹമന്ത്രി സുരേഷ് അംഗദിയും റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവും ചർച്ച നടത്തിയിരുന്നു. ശുചിത്വ പരിപാലന നടപടികളും സുരക്ഷാ ക്രമീകരണങ്ങളും വർധിപ്പിക്കാനുള്ള നടപടികളാണു ചർച്ച ചെയ്തത്.

കഴിഞ്ഞ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 534 ലവൽക്രോസുകൾ ഒഴിവാക്കി. അടുത്തതായി സുവർണ ചതുഷ്കോണ പാതയിലെ 2565 ക്രോസുകളാണ് നീക്കുന്നത്.

ഐഎസ്ആർഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന റിയൽ ടൈം ഇൻഫർമേഷൻ സിസ്റ്റം 530 എൻജിനുകളിൽ ഏർപ്പെടുത്തി. വൈകാതെ എല്ലാ ട്രെയിനുകളിലും ഇത് ഏർപ്പെടുത്തും. ട്രെയിനിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണിത്. കഴിഞ്ഞ വർഷം 74% ട്രെയിനുകളും കൃത്യസമയം പാലിച്ചതായും അധികൃതർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow