ആന്ധ്രയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം; വൈഎസ് ശര്‍മ്മിളയെ പിസിസി അദ്ധ്യക്ഷയായി നിയമിച്ച് കോണ്‍ഗ്രസ്

Jan 17, 2024 - 10:46
 0
ആന്ധ്രയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം; വൈഎസ് ശര്‍മ്മിളയെ പിസിസി അദ്ധ്യക്ഷയായി നിയമിച്ച് കോണ്‍ഗ്രസ്

ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ എസ് ശര്‍മിളയെ ആന്ധ്രാ പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായി നിയമിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിയമന ഉത്തരവ് പുറത്തുവിട്ടത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിഡുഗു രുദ്ര രാജു കഴിഞ്ഞ ദിവസം രാജിവച്ച ഒഴിവിലാണ് നിയമനം. . അടുത്തിടെയാണ് മുന്‍ മുഖ്യമന്ത്രി വൈസ്.എസ്.രാജശേഖര റെഡ്ഡിയുടെ മകളായ വൈ.എസ്.ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയായിരുന്നു അവര്‍. 

അടുത്ത കാലം വരെ കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയില്‍ തിരിച്ചുവരവാണ് വൈ.എസ്.ആറിന്റെ മകളിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വിയോഗവും പിന്നാലെ നടത്തിയ ആന്ധ്ര വിഭജനവുമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. തുടര്‍ന്ന് ജഗന്‍ നടത്തിയ നീക്കങ്ങളും കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയാക്കി.

ജഗന്‍ രൂപീകരിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായിരുന്നു ശര്‍മിള സഹോദരനുമായി കലഹിച്ച് വൈഎസ്ആര്‍ തെലുങ്കാന എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. തെലുങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വൈ.എസ്. ശര്‍മിളയെ ആന്ധ്രയിലെത്തിച്ച് ജഗന് കടുത്ത വെല്ലുവിളി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് നിര്‍ണായക നീക്കം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow