സിംഗപ്പൂർ പ്രസി‍ഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇന്ത്യൻ വംശജനും

Jul 28, 2023 - 15:15
 0
സിംഗപ്പൂർ പ്രസി‍ഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇന്ത്യൻ വംശജനും

സിംഗപ്പൂരിലെ മുൻ മന്ത്രിയും ഇന്ത്യൻ വംശജനുമായ തർമൻ ഷൺമുഖരത്‌നം രാജ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാറ്റുരക്കാനൊരുങ്ങുന്നു. ബുധനാഴ്ചയാണ് അദ്ദേഹം തന്റെ പ്രസിഡൻഷ്യൽ ക്യാംപെയ്ൻ ഔപചാരികമായി ആരംഭിച്ചത്. രാജ്യത്തിന്റെ സംസ്കാരം ലോകത്തെ അറിയിക്കും എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഒരു മാസം മുൻപാണ് താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തർമൻ പ്രഖ്യാപിച്ചത്.

66 കാരനായ തർമൻ 22 വർഷത്തിന് ശേഷം കഴിഞ്ഞ മാസമാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് പടിയിറങ്ങിയത്. “സിംഗപ്പൂരിന്റെ സംസ്‌കാരവും നമ്മുടെ ചില മാനദണ്ഡങ്ങളും നമ്മൾ പരസ്പരം പ്രവർത്തിക്കുന്ന രീതികളും ലോകത്തെ അറിയിക്കണം എന്ന ബോധ്യത്തിൽ നിന്നാണ് ഞാൻ ഈ മത്സര രം​ഗത്തേത്ത് ചുവടുവെച്ചത്. നമ്മൾ ലോകത്തിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന രാജ്യങ്ങളിലൊന്നായി തുടരും”, തർമൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനായി ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചെന്നും ഒരു പുതിയ യുഗത്തിലേക്ക് തുടക്കം കുറിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും തർമൻ ഷൺമുഖരത്‌നം പറഞ്ഞു. നിലവിലെ പ്രസിഡന്റ് ഹലീമ യാക്കോബിന്റെ ആറ് വർഷത്തെ കാലാവധി സെപ്റ്റംബർ 13 ന് അവസാനിക്കുകയാണ്. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഈ വർഷം സെപ്റ്റംബറിൽ ആയിരിക്കും നടക്കുക.

 ആഗോളതലത്തിലും ആഭ്യന്തര തലത്തിലും സിംഗപ്പൂർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രചരണ വേളയിൽ തർമൻ സംസാരിച്ചു. ഭാര്യ ജെയ്ൻ യുമിക്കോ ഇട്ടോഗിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സമൂഹമെന്ന രീതിയിൽ വിഭജിക്കപ്പെടുന്നതാണ് രാജ്യം നേരിടുന്ന യഥാർത്ഥ വെല്ലുവിളിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ”എനിക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാൻ ഭാഗ്യമുണ്ടെങ്കിൽ, ഈ പുതിയതും കൂടുതൽ വെല്ലുവിളി നിറഞ്ഞതുമായ കാലഘട്ടത്തിൽ നിങ്ങളുടെ പ്രസിഡന്റായി പ്രവർത്തിക്കാൻ എന്റെ മുഴുവൻ അനുഭവ സമ്പത്തും കഴിവും വിനിയോഗിക്കും എന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു”, എന്നും അദ്ദേഹം പറഞ്ഞു.

തന്റെ 22 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ജനങ്ങളെ ഏകീകരിക്കുന്നതിലും അവർക്കൊപ്പം പ്രവർത്തിക്കുന്നതിലും തനിക്ക് മതിയായ അനുഭവ സമ്പത്ത് ഉണ്ടായെന്നും ജനങ്ങളുടെ മനസറിഞ്ഞ് പ്രവർത്തിക്കുക എന്നതാണ് പ്രസിഡന്റിന്റെ പ്രധാന ചുമതലകളിലൊന്ന് എന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത വീക്ഷണങ്ങളെ മാനിക്കാൻ താൻ പഠിച്ചിട്ടുണ്ട് എന്നും പ്രസിഡന്റിന്റെ മറ്റെല്ലാ ഉത്തരവാദിത്തങ്ങളും താൻ നിറവേറ്റുമെന്നും എന്നും തർമൻ കൂട്ടിച്ചേർത്തു.

 

2001ലാണ് തർമൻ ഷൺമുഖരത്‌നം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അതിനു മുൻപ് സിംഗപ്പൂരിലെ മോണിറ്ററി അതോറിറ്റിയിലെ സാമ്പത്തിക വിദഗ്ധനായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിം​ഗപ്പൂരിലെ മുൻ വിദ്യാഭ്യാസ, ധനകാര്യ മന്ത്രി കൂടിയാണ് അദ്ദേഹം. 2011 മുതൽ 2019 വരെ സിം​ഗപ്പൂരിലെ ഉപപ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎന്നിനു കീഴിലുള്ള ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, ലോക സാമ്പത്തിക ഫോറം എന്നിവയുൾപ്പെടെയുള്ള പല അന്താരാഷ്ട്ര സംഘടനകളിലും അദ്ദേഹം പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഇതുവരെ മൂന്ന് സ്ഥാനാർത്ഥികളാണ് സിം​ഗപ്പൂരിലെ പ്രസിഡന്റ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. വ്യവസായി ജോർജ് ഗോഹ്, ഇൻവെസ്റ്റ്‌മെന്റ് മാനേജർ എൻജി കോക്ക് സോങ് എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മറ്റു രണ്ട് പേർ.

What's Your Reaction?

like

dislike

love

funny

angry

sad

wow