രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 257 റൺസ് ജയം, പരമ്പര

സമ്പൂർണ വിജയത്തോടെ ഇന്ത്യ കരീബിയൻ ദ്വീപുകളോടു വിടപറഞ്ഞു. ട്വന്റി20ക്കും ഏകദിനത്തിനും പിന്നാലെ വിൻഡീസിനെതിരായ ടെസ്റ്റും ഇന്ത്യ തൂത്തുവാരി. ഷാമർ ബ്രൂക്സിന്റെ (50) നേതൃത്വത്തിൽ പൊരുതിയെങ്കിലും 468 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്നു നേടാനുള്ള മിടുക്ക്

Sep 3, 2019 - 07:27
 0
രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 257 റൺസ് ജയം, പരമ്പര

സമ്പൂർണ വിജയത്തോടെ ഇന്ത്യ കരീബിയൻ ദ്വീപുകളോടു വിടപറഞ്ഞു. ട്വന്റി20ക്കും ഏകദിനത്തിനും പിന്നാലെ വിൻഡീസിനെതിരായ ടെസ്റ്റും ഇന്ത്യ തൂത്തുവാരി. ഷാമർ ബ്രൂക്സിന്റെ (50) നേതൃത്വത്തിൽ പൊരുതിയെങ്കിലും 468 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്നു നേടാനുള്ള മിടുക്ക് വെസ്റ്റിൻഡീസിനുണ്ടായിരുന്നില്ല. രണ്ടാം ഇന്നിങ്സിൽ 210 റൺസിന് ആതിഥേയർ പുറത്തായി. ഒന്നരദിവസത്തോളം ബാക്കിനിൽക്കെയാണ് 257 റൺസിന് ഇന്ത്യൻ വിജയം. സ്കോർ: ഇന്ത്യ– 416, നാലിന് 168 ഡിക്ല. വെസ്റ്റിൻഡീസ്– 117, 210.

രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും 3 വിക്കറ്റ് വീതവും ഇഷാന്ത് ശർമ 2 വിക്കറ്റും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റുമെടുത്തു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ആദ്യ 2 മത്സരങ്ങളിലും വൻവിജയം നേടിയ ഇന്ത്യയ്ക്കു തകർപ്പൻ തുടക്കമാണു ലഭിച്ചത്. 4–ാം ദിനമായ ഇന്നലെ രാവിലെ 4–ാം ഓവറിൽ ജസ്പ്രീത് ബുമ്രയുടെ ബൗൺസർ ഹെൽമറ്റിൽക്കൊണ്ട് ഡാരെൻ ബ്രാവോ പരുക്കേറ്റു മടങ്ങി. പരുക്കേറ്റയാൾക്കു പകരമിറങ്ങുന്ന കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ജെർമെയ്ൻ ബ്ലാക്‌വുഡ് ക്രീസിലെത്തിയെങ്കിലും 38 റൺസിൽ പുറത്തായി. ഓപ്പണർ ബ്രൂക്സ് ക്ഷമയോടെ അർധസെഞ്ചുറി തികച്ചെങ്കിലും നിർഭാഗ്യത്തിൽ റണ്ണൗട്ടായി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ തകർപ്പൻ ത്രോയാണു ബ്രൂക്സിന്റെ കഥകഴിച്ചത്.

വിൻഡീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യയ്ക്കായി അഞ്ചാം വിക്കറ്റിൽ ഉപനായകൻ അജിൻക്യ രഹാനെയും (പുറത്താകാതെ 64) ഹനുമ വിഹാരിയും (പുറത്താകാതെ 53) ധൈര്യപൂർവം ബാറ്റ് വീശി. 4ന് 57 എന്ന നിലയിൽ ഒത്തുചേർന്ന ഇരുവരും പിടിച്ചുനിന്നു. ഓപ്പണർമാരായ കെ.എൽ.രാഹുൽ (6), മായങ്ക് അഗർവാൾ (4), ക്യാപ്റ്റൻ വിരാട് കോലി (0) എന്നിവരെ വേഗത്തിൽ മടക്കി അയയ്ക്കാൻ വിൻഡീസിനായി. ചേതേശ്വർ പൂജാര (27) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രാഹുലിനെയും കോലിയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ വിൻഡീസ് പേസർ കെമർ റോഷിനു ഹാട്രിക് നഷ്ടമായതു നിർഭാഗ്യത്തിനാണ്.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 പുറത്താക്കലുകൾ നടത്തിയ വിക്കറ്റ് കീപ്പറുടെ ഇന്ത്യൻ റെക്കോർഡ് ഇനി ഋഷങ് പന്തിന്റെ പേരിൽ. മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണു പന്ത് തിരുത്തിയത്. ധോണി 15 ടെസ്റ്റിലാണ് 50 പേരെ പുറത്താക്കിയതെങ്കിൽ തന്റെ 11–ാം ടെസ്റ്റിലാണു പന്തിന്റെ നേട്ടം. വിൻഡീസിനെതിരായ രണ്ടാ ടെസ്റ്റിനിടെ ഇഷാന്ത് ശർമയുടെ പന്തിൽ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിന്റെ ക്യാച്ച് കയ്യിലൊതുക്കിയാണു പന്ത് റെക്കോർഡിലെത്തിയത്.

ഏഷ്യയ്ക്കു പുറത്ത് ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഇന്ത്യൻ താരങ്ങളിൽ കപിൽദേവിനെ മറികടന്ന് പേസർ ഇഷാന്ത് ശർമ. വിൻഡീസിനെതിരായ ടെസ്റ്റിലാണു താരം കപിലിനെ പിന്തള്ളിയത്. കപിലിന്റെ 155 വിക്കറ്റ് എന്ന നേട്ടമാണ് ഇഷാന്തിനു മുന്നിൽ വഴിമാറിയത്. പട്ടികയിൽ മുന്നിൽ അനിൽ കുംബ്ലെയാണ്: 200 വിക്കറ്റ്. 101 വിക്കറ്റുമായി മുഹമ്മദ് ഷമിയും പട്ടികയിലുണ്ട്.

വിൻഡീസിനെതിരായ 2–ാം ടെസ്റ്റിൽ 2 ഇന്നിങ്സുകളിലും ഉഗ്രൻ പ്രകടനം (111, 53) നടത്തിയ ഹനുമ വിഹാരി അപൂർവനേട്ടമാണു സ്വന്തം പേരിനൊപ്പം ചേർത്തത്. സച്ചി‍ൻ തെൻഡുൽക്കർക്കുശേഷം ഒരു ടെസ്റ്റിൽ 6–ാം നമ്പറിലോ അതിനു താഴെയോ ഇറങ്ങി സെഞ്ചുറിയും അർധ സെഞ്ചുറിയും നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടത്തിലേക്കാണു വിഹാരി ബാറ്റ് വീശിയത്. സച്ചിന്റെ പ്രകടനം 1990ൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow