സിൽവർ ലൈനിന് 200 കിലോമീറ്റർ വേഗം അസാധ്യം: റെയിൽവേ

സെമി ഹൈസ്പീഡ് ട്രെയിനുകൾക്കു സിൽവർ ലൈൻ പദ്ധതി റിപ്പോർട്ടിൽ വിഭാവനം ചെയ്ത വേഗം ലഭിക്കില്ലെന്നു റെയിൽവേ. പദ്ധതി രേഖയിലെ ലൈനിൽ വളവുകളും കയറ്റിറക്കങ്ങളും ഏറെയുണ്ടെന്നതു വേഗത്തെ ബാധിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗമാണു കെ റെയിൽ പ്രതീക്ഷിക്കുന്നത്.

Jan 21, 2022 - 11:35
 0
സിൽവർ ലൈനിന് 200 കിലോമീറ്റർ വേഗം അസാധ്യം: റെയിൽവേ

സെമി ഹൈസ്പീഡ് ട്രെയിനുകൾക്കു സിൽവർ ലൈൻ പദ്ധതി റിപ്പോർട്ടിൽ വിഭാവനം ചെയ്ത വേഗം ലഭിക്കില്ലെന്നു റെയിൽവേ. പദ്ധതി രേഖയിലെ ലൈനിൽ വളവുകളും കയറ്റിറക്കങ്ങളും ഏറെയുണ്ടെന്നതു വേഗത്തെ ബാധിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗമാണു കെ റെയിൽ പ്രതീക്ഷിക്കുന്നത്. 

അതിവേഗത്തിൽ ട്രെയിനുകൾ ഓടിക്കേണ്ട ലൈനുകൾ കഴിയുന്നതും നേർരേഖയിലാകണം. എന്നാൽ, സിൽവർ ലൈൻ പദ്ധതിരേഖയിൽ വളവുകൾ പലയിടത്തും സാധാരണ റെയിൽവേ ലൈനിലേതു പോലെയാണ്. ഓരോ വളവിലും വേഗം കുറയ്ക്കേണ്ടി വരും. 4 കിലോമീറ്ററിലധികം ദൂരമെടുത്തു തിരിയേണ്ട പല വളവുകളും ഒരു കിലോമീറ്ററിൽ താഴെ നീളത്തിൽ തിരിയുന്ന രീതിയിലാണ്.

ഇന്ത്യൻ റെയിൽവേ ബ്രോഡ്ഗേജിൽ ഉദ്ദേശിക്കുന്ന ഹൈസ്പീഡ് ലൈനുകൾക്കെല്ലാം വളവുകൾ വേണ്ടത്ര സ്ഥലമെടുത്താണു നിർമിക്കുന്നതെന്നു റെയിൽവേ കെ റെയിലിനു നൽകിയ കത്തിൽ സൂചിപ്പിക്കുന്നു. നിർദിഷ്ട പുണെ – നാസിക് അതിവേഗ ബ്രോഡ്ഗേജ് ലൈനിൽ കൂടിയ വളവ് 4,000 മീറ്റർ റേഡിയസ് ആണ് ഉദ്ദേശിക്കുന്നത് (0.4375 ഡിഗ്രി). മണിക്കൂറിൽ 250 കിലോമീറ്റർ സ്പീഡ് ലഭിക്കാൻ ഇത് ആവശ്യമാണ്. എന്നാൽ, പദ്ധതിരേഖ അനുസരിച്ച് സിൽവർ ലൈനിന്റേത് 1850 മീറ്റർ മാത്രമാണ്. സ്റ്റേഷനു സമീപം അത് 650 മീറ്റർ മാത്രമാണ്.

റെയിൽവേ സുരക്ഷാ നിയമമനുസരിച്ച് 200 കിലോമീറ്റർ ശരാശരി വേഗം ലഭിക്കാൻ ട്രയൽ റണ്ണിൽ 220 കിലോമീറ്റർ വേഗമെടുക്കാൻ സാധിക്കണം. എന്നാൽ, സിൽവർ ലൈനിൽ അത് അസാധ്യമാണ്. അതു സുരക്ഷാ സർട്ടിഫിക്കറ്റ് കിട്ടാൻ തടസ്സമാകും.

കേരളത്തിൽ ഏറക്കുറെ നേർരേഖയായ ഷൊർണൂർ – മംഗലാപുരം ലൈനിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനാവും. സുരക്ഷാ പരിശോധനയ്ക്കിടെ 130 കിലോമീറ്റർ വേഗം കൈവരിച്ചതോടെയാണ് അനുമതി ലഭിച്ചത്. എന്നാൽ, ലൈനിനു താങ്ങാവുന്നതിലധികം ട്രെയിനുകൾ ഓടുന്നതും ഒട്ടേറെ സ്റ്റോപ്പുകളുള്ളതും വേഗമെടുക്കാൻ തടസ്സമാവുന്നു. അതേസമയം, ഷൊർണൂർ – തിരുവനന്തപുരം ലൈനിൽ കൂടിയ വേഗം 90 കിലോമീറ്റർ മാത്രമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow