Actress Attack Case | നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു;കാവ്യാ മാധവൻ പ്രതിയാകില്ല

May 22, 2022 - 15:52
May 22, 2022 - 15:55
 0
Actress Attack Case | നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു;കാവ്യാ മാധവൻ പ്രതിയാകില്ല

നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) തുടരന്വേഷണം അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം 30ന് സമർപ്പിക്കും. തുടരന്വേഷണത്തിന് അന്വേഷണ സംഘം ഇനി സമയം നീട്ടിച്ചോദിക്കില്ല. നടിയും ദിലിപിന്‍റെ ഭാര്യയുമായ കാവ്യാ മാധവൻ കേസിൽ പ്രതിയാകില്ല. കാവ്യയ്ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും.

അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ്  കേസില്‍ ക്രൈംബ്രാഞ്ചിന്റെമ പിൻമാറ്റം. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം അവകാശപ്പെട്ടിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയേയും പോലീസ് അറിയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക.

തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ 'വിഐപി' ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഫാ. വിന്‍സെന്റ് സാമുവലിന്റെ മൊഴി രേഖപ്പെടുത്തി. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല്‍ ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴിനല്‍കി. കോട്ടയത്തുവെച്ചാണ് ഇദ്ദേഹത്തിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നേരത്തെ ഫാ. വിക്ടറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വധഗൂഢാലോചനക്കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയത്. ബിഷപ്പിന്റെ മൊഴി ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിക്കും.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകര്‍ മുംബൈയില്‍ പോയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയിയെ അറിയിച്ചിരുന്നു.

ദിലീപിന്റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിന് തെളിവുണ്ട്. ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് വാട്‌സാപ്പ് ചാറ്റുകള്‍ നശിപ്പിച്ചുവെന്നും അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചപ്പോള്‍ കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ക്കൂടിയായിരുന്നു ഈ വിമര്‍ശനം.

What's Your Reaction?

like

dislike

love

funny

angry

sad

wow