നീണ്ടുനിന്ന നിയമയുദ്ധത്തിന് വിരാമം; ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതി അനന്തരവള്‍ക്ക് കൈമാറി

ജയലളിതയുടെ അനന്തരവള്‍ ജെ ദീപ പോയസ് ഗാര്‍ഡന്‍ വസതിയുടെ താക്കോല്‍ വെള്ളിയാഴ്ച ഔദ്യോഗികമായി ഏറ്റുവാങ്ങിയതോടെ ആഡംബര വസതിയ്ക്കായുള്ള നീണ്ടുനിന്ന നിയമ പോരാട്ടത്തിന് വിരാമമായി

Dec 11, 2021 - 11:47
 0
നീണ്ടുനിന്ന നിയമയുദ്ധത്തിന് വിരാമം; ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതി അനന്തരവള്‍ക്ക് കൈമാറി

അന്തരിച്ച തമിഴ്നാട് (Tamil Nadu) മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ(J Jayalalitha) പോയസ് ഗാര്‍ഡനിലെ വസതി (Poes Garden Residence) അനന്തരവള്‍ക്ക് (Niece) കൈമാറി. ജയലളിതയുടെ അനന്തരവള്‍ ജെ ദീപ പോയസ് ഗാര്‍ഡന്‍ വസതിയുടെ താക്കോല്‍ വെള്ളിയാഴ്ച ഔദ്യോഗികമായി ഏറ്റുവാങ്ങിയതോടെ ആഡംബര വസതിയ്ക്കായുള്ള നീണ്ടുനിന്ന നിയമ പോരാട്ടത്തിന് വിരാമമായി. നേരത്തെ ജയലളിതയുടെ വസതിയായ വേദ നിലയം ഏറ്റെടുത്ത് മ്യൂസിയം ആക്കുന്നതിനുള്ള ശ്രമങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയിരുന്നു. തുടര്‍ന്ന് ദീപ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി നവംബര്‍ 24 ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചു.

കോടതി വിധി വന്നതിന് ശേഷം കഴിഞ്ഞ ദിവസമാണ് ചെന്നൈ കളക്ടര്‍ ജെ വിജയ റാണി വേദനിലയത്തിന്റെ താക്കോല്‍ ഔദ്യോഗികമായി നിയമപരമായ അവകാശികള്‍ക്ക് കൈമാറിയത്. ''ഇതൊരു വലിയ വിജയമാണ്. ഇതൊരു സാധാരണ വിജയമായി കണക്കാക്കാനാവില്ല. അമ്മായിയുടെ വിയോഗത്തിന് ശേഷം ആദ്യമായി അമ്മായിയുടെ വീട്ടിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ ഞാന്‍ വളരെ വികാരാധീനനാണ്,'' ദീപ പറഞ്ഞതായിവാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 ഡിസംബര്‍ 5 ന്, 68-ാം വയസ്സില്‍ ജയലളിത മരണപ്പെട്ടത്തോടെ പോയസ് ഗാര്‍ഡനിലെ വസതിയുള്‍പ്പടെ സ്വത്തുകളില്‍ അവകാശം ഉന്നയിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു. അതിനിടയില്‍ ജയലളിതയുടെ താമസസ്ഥലം നിത്യസ്മാരകമാക്കി മാറ്റുകയെന്ന പദ്ധതിയുമായി തമിഴ്‌നാട് മുന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിരുന്നു. അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെ അന്നത്തെ നടപടികളെ തുടര്‍ന്ന് ദീപയുള്‍പ്പടെയുള്ളവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മാസം അവസാനത്തോടെ പുറപ്പെടുവിച്ച വിധിയോടെ ജയലളിതയുടെ പിന്തുടര്‍ച്ചാവകാശികളെന്ന നിലയില്‍, പോയസ് ഗാര്‍ഡനുള്‍പ്പെടെ അവരുടെ എല്ലാ സ്വത്തുക്കളുടെയും അവകാശം സഹോദരന്റെ മക്കളായ ദീപയുള്‍പ്പടെയുള്ളവര്‍ക്കാണ്. ചെന്നൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വിവിഐപി പ്രദേശമാണ് പോയിസ് ഗാര്‍ഡന്‍. പോയിസ് ഗാര്‍ഡന്‍ തെരുവിലെ 81-ാമത്തെ കെട്ടിടമായ വേദനിലയം ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ മേല്‍വിലാസങ്ങളിലൊന്നായിരുന്നു.

അറുപതുകളുടെ അവസാനത്തില്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരറാണിയായി തിളങ്ങി നിന്നിരുന്ന സമയത്താണ് ജയലളിത പോയിസ് ഗാര്‍ഡനില്‍ വീട് വാങ്ങുന്നത്. ജയലളിതയുടെ അമ്മ വേദവല്ലിയാണ് 1967 ല്‍ ഈ വസതി ഏകദേശം 1.32 ലക്ഷം രൂപയ്ക്ക് വാങ്ങിയത്. നിലവില്‍ ഇതിന്റെ മതിപ്പ് വില 100 കോടിയിലേറെ വരും. തുടര്‍ന്ന് വേദവല്ലിയുടെ മരണത്തിന് ശേഷം 1972 ലാണ് വസതിയുടെ ഗൃഹപ്രവേശം നടത്തി ജയ ഇവിടെ താമസം ആരംഭിക്കുന്നത്. അമ്മയുടെ ഓര്‍മ്മയ്ക്കായിട്ടാണ് വസതിക്ക് വേദനിലയം എന്ന പേര് നല്‍കിയത്.

രജനീകാന്തും പെപ്‌സിക്കോ സിഇഒ ഇന്ദ്രാ നൂയിയും അടക്കമുള്ള സിനിമ താരങ്ങളുടെയും വന്‍ ബിസിനസ് പ്രമുഖരുടെയും ആഡംബര വസതികള്‍ സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇന്ന് പോയിസ് ഗാര്‍ഡന്‍. 1837 ലെ രേഖകള്‍ പ്രകാരം ഈ പ്രദേശം ബ്രിട്ടിഷ് വ്യാപാരി 'മിസ്റ്റര്‍ പോ'യുടെ പേരിലുള്ള തോട്ടമായിരുന്നു ഇത്. പോയുടെ തോട്ടം സ്വാഭാവികമായി പോയസ് ഗാര്‍ഡനായി. പിന്നീട് 1921ല്‍ ബിന്നി ആന്‍ഡ് കോ എന്ന പ്രശസ്ത ഷിപ്പിങ് കമ്പനി ഈ പ്രദേശം വാങ്ങി. ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചപ്പോള്‍ ആ കമ്പനി പ്രദേശം റസിഡന്‍ഷ്യല്‍ പ്ലോട്ടുകളായി വില്‍ക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow