‘സർ, സെൽഫിയെടുക്കട്ടെ?’– മൊബൈലുമായി പൊലീസ്; ‘അറസ്റ്റെന്ന് മനസ്സിലായത് അപ്പോൾ’

അറസ്റ്റാണ് നടക്കുന്നതെന്നു എനിക്കു മനസ്സിലായില്ല. നിരവധി പൊലീസുകാർ എനിക്കു നേരേ പാഞ്ഞെടുക്കുകയും ഭാര്യ ഋതു രതീ തനേജയെയും മക്കളെയും നോയിഡ മെട്രോ റെയിൽ കോർപറേഷൻ (എൻഎംആർസി) മുറിയിലേക്ക് മാറ്റുകയും ചെയ്‌തു. പൊലീസ് വാനിൽ ഇരിക്കുമ്പോഴും ഞാൻ പൊലീസുകാരോട് തമാശ പറയുകയും കുലുങ്ങിച്ചിരിക്കുകയും ചെയ്‌തിരുന്നു

Jul 30, 2022 - 17:31
 0
‘സർ, സെൽഫിയെടുക്കട്ടെ?’– മൊബൈലുമായി പൊലീസ്; ‘അറസ്റ്റെന്ന് മനസ്സിലായത് അപ്പോൾ’

‘അറസ്റ്റാണ് നടക്കുന്നതെന്നു എനിക്കു മനസ്സിലായില്ല. നിരവധി പൊലീസുകാർ എനിക്കു നേരേ പാഞ്ഞെടുക്കുകയും ഭാര്യ ഋതു രതീ തനേജയെയും മക്കളെയും നോയിഡ മെട്രോ റെയിൽ കോർപറേഷൻ (എൻഎംആർസി) മുറിയിലേക്ക് മാറ്റുകയും ചെയ്‌തു. പൊലീസ് വാനിൽ ഇരിക്കുമ്പോഴും ഞാൻ പൊലീസുകാരോട് തമാശ പറയുകയും കുലുങ്ങിച്ചിരിക്കുകയും ചെയ്‌തിരുന്നു. സ്റ്റേഷനിൽ എത്തിയശേഷം മാത്രമാണ് അറസ്റ്റാണ് നടന്നതെന്ന് മനസ്സിലാക്കുന്നത്’– രാജ്യത്തെ പ്രമുഖ  യുട്യൂബർമാരിൽ ഒരാളായ ഗൗരവ് തനേജ പറയുന്നു.

പിറന്നാൾ ആഘോഷത്തിനായി മെട്രോ സ്റ്റേഷനിലേക്ക് ആരാധകരെ വിളിച്ചു കൂട്ടിയതിനാണ് ഗൗരവ് തനേജയെ അറസ്റ്റ് ചെയ്‌തത്. ദേശീയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിലാണ് ഗൗരവ് തന്റെ അനുഭവം പങ്കുവച്ചത്. ഗൗരവിന്റെ പിറന്നാള്‍ നോയിഡയിലെ സെക്ടര്‍ 51 മെട്രോ സ്‌റ്റേഷനില്‍  ആഘോഷിക്കുമെന്ന് ഭാര്യ റിതു രതീ തനേജ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇതോടെ, ആയിരക്കണക്കിന് ആരാധകര്‍ ഗൗരവിനെ കാണാനായി മെട്രോ സ്‌റ്റേഷനിലേക്ക് ഒഴുകിയെത്തി.

എന്റെ 36–ാം ജൻമദിനമായിരുന്നു അത്. എന്ത് തെറ്റ് ചെയ്‌തിട്ടാണ് എന്നെ കൊണ്ടു വന്നതെന്നു പൊലീസ് സ്റ്റേഷനിൽ ഇരുന്ന് ഞാൻ ആലോചിക്കുകയായിരുന്നു. വലിയ ശബ്ദത്തിൽ പതിയെ കറങ്ങുന്ന ഒരു ഫാനാണു സ്റ്റേഷനിൽ ഉണ്ടായിരുന്നത്. പത്രം വായിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്റെ സമീപത്തായി ഇരിക്കുന്നുണ്ടായിരുന്നു. ഒരു കേസിലെ പ്രതി എന്നെ തുറിച്ചു നോക്കി കൊണ്ട് സെല്ലിൽ കിടക്കുന്നുണ്ടായിരുന്നു.

ഞാൻ അവരുടെ സിസിടിവി മുറിയിലാണ് ഇരുന്നത്. കുറച്ചു സമയത്തിനു ശേഷം ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ എന്റെ സമീപത്തു വന്നു. ‘സർ, ഞാൻ നിങ്ങളുടെ ഒരു സെൽഫിയെടുത്തോട്ടെ, എന്റെ മക്കൾ നിങ്ങളുടെ ആരാധകരാണ്. നിങ്ങളോട് സംസാരിക്കണമെന്ന് ഞാൻ കുറെ കാലമായി ആഗ്രഹിക്കുന്നു. മാഡം കുറച്ച് നേരം കൂടി ക്ഷമിക്കുക, എനിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനുണ്ട് എന്നായിരുന്നു എന്റെ മറുപടി’–  ഗൗരവ് തനേജ പറഞ്ഞു. 

എന്റെ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്നു ഞാൻ കൈ കൂപ്പി പൊലീസ് ഉദ്യോഗസ്ഥരോട് അപേക്ഷിച്ചിരുന്നു. ഞാൻ കുറ്റാരോപിതൻ മാത്രമാണെന്നു പറഞ്ഞിരുന്നു. എന്നാൽ അവർ ഞാൻ പറയുന്നത് കേൾക്കാൻ തയാറായില്ല. സാധിക്കുന്ന അത്രയും ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. കയ്യിൽ ഫോൺ കിട്ടിയപ്പോൾ ഭാര്യ റിതുവിന് മെസേജ് അയയ്‌ക്കുകയാണ് ആദ്യം ചെയ്തത്. എന്റെ അറസ്റ്റിനെ കുറിച്ച് അവർക്ക് അറിവുണ്ടായിരുന്നില്ല. ജാമ്യം ലഭിച്ച് വീട്ടിലെത്തിയപ്പോൾ എന്തുകൊണ്ടാണ് പപ്പ കേക്ക് മുറിക്കാത്തതെന്നാണ് മകൾ ചോദിച്ചത്. അറസ്റ്റിനു ശേഷം കേസിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല.– ഗൗരവ് വ്യക്തമാക്കി.

എന്നാൽ അപകടകരമായ വിധം ജനക്കൂട്ടം കൂടിനിൽക്കുമ്പോഴാണ് ഗൗരവിനെ കസ്റ്റഡിയിൽ എടുത്തതെന്നും ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്താണ്, അറസ്റ്റാണെന്നു ഗൗരവിനോട് പറയാതിരുന്നതെന്നും അഡിഷണൽ ഡിസിപി രൺവിജയ് സിങ് പ്രതികരിച്ചു. സ്റ്റേഷനിൽ ആരെങ്കിലും ഗൗരവിനൊപ്പം ഫോട്ടോയെടുത്തിരുന്നോയെന്ന കാര്യം അറിയില്ലെന്ന് അഡിഷണൽ ഡിസിപി ജിബി നഗർ പ്രതികരിച്ചു. സെക്‌ഷൻ 144 ലംഘിച്ചതിനാണ് അറസ്റ്റ്. ഇത്തരമൊരു പാർട്ടിയെ കുറിച്ച്  പൊലീസിനെ അറിയിക്കാൻ ഗൗരവിന് ബാധ്യതയുണ്ടായിരുന്നുവെന്നും അഡിഷണൽ ഡിസിപി പറഞ്ഞു. 

സംഭവത്തിനു ശേഷം, നാല് വയസ്സുള്ള മകളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോൾ തനിക്കു ലഭിച്ചതായി ഗൗരവ് വെളിപ്പെടുത്തിയിരുന്നു. ‘ഫ്‌ളൈയിങ് ബീസ്റ്റ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗൗരവ് പ്രശസ്തനായത്. ജൂലൈ 9നാണ് ഗൗരവ് അറസ്റ്റിലായത്. ഗൗരവിനെ കാണാൻ വൻ ജനക്കൂട്ടമാണ് എത്തിച്ചേർന്നത്. ഇതോടെ മെട്രോ സ്‌റ്റേഷനിലും പരിസരത്തും തിക്കുംതിരക്കും വർധിച്ച്, വലിയ ഗതാഗത തടസ്സം ഉണ്ടായി.

ഉന്തിലുംതള്ളിലും പെട്ട് നിരവധി പേര്‍ക്കു പരുക്കേറ്റു. യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടായി. ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ മെട്രോ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് ആളുകളെ നീക്കി ഗതാഗതം നിയന്ത്രിച്ചത്. തുടര്‍ന്ന് ഗൗരവിനെതിരെ  കേസെടുക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ ‘ഫ്‌ളൈയിങ് ബീസ്റ്റ്’, ‘ഫിറ്റ് മസിൽ ടിവി’, ‘റസ്‌ബാരി കെ പപ്പാ’ എന്നീ യുട്യൂബ് ചാനലുകൾക്ക് ലക്ഷക്കണക്കിനു സബ്സ്ക്രൈബേഴ്സ് ഉണ്ട്. അഞ്ചു ദശലക്ഷം യുഎസ് ഡോളറാണ് ഗൗരവിന്റെ വരുമാനമെന്നാണു വിവരം. ഇൻസ്റ്റഗ്രാമിൽ 3.3 ദശലക്ഷം ഫോളോവേഴ്സും യുട്യൂബിൽ 7.58 ദശലക്ഷം സബ്സ്ക്രൈബേഴ്സുമുണ്ട്. ഐഐടി ഖരഗ്പുരിൽനിന്നു സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ഗൗരവ് ഇപ്പോൾ ഡൽഹി സർവകലാശാലയിൽ നിയമ വിദ്യാർഥിയാണ്.

English Summary: Gaurav Taneja says police personnel wanted selfie with him

What's Your Reaction?

like

dislike

love

funny

angry

sad

wow