ചെല്ലാനം പൂര്‍വസ്ഥിതിയിലാക്കാന്‍ തീവ്രയത്‌നപരിപാടി

മഴയും കടല്‍കയറ്റവും മൂലം ദുരിതത്തിലായ ചെല്ലാനം മേഖലയില്‍ ജനജീവിതം സാധാരണനിലയിലാക്കാന്‍ തീവ്രയത്‌നപരിപാടിക്ക് ജില്ലാ ഭരണകൂടം രൂപം നല്‍കി.

Jul 19, 2018 - 18:06
 0
മഴയും കടല്‍കയറ്റവും മൂലം ദുരിതത്തിലായ ചെല്ലാനം മേഖലയില്‍ ജനജീവിതം സാധാരണനിലയിലാക്കാന്‍ തീവ്രയത്‌നപരിപാടിക്ക് ജില്ലാ ഭരണകൂടം രൂപം നല്‍കി. കടല്‍കയറ്റത്തെ തുടര്‍ന്ന് തീരത്തും കനാലുകളിലും അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യല്‍, മാലിന്യ നിര്‍മാര്‍ജനം, അണുനാശിനി ഉപയോഗിച്ചുള്ള ശുചീകരണം, കടല്‍ഭിത്തി തകര്‍ന്ന ഇടങ്ങളില്‍ കല്ലുകളും ജിയോബാഗുകളും പുനഃസ്ഥാപിക്കല്‍ എന്നിവയാണ് അടിയന്തരമായി നടപ്പാക്കുക.
മണല്‍ നീക്കം ചെയ്യുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ ഉന്നയിച്ച സാങ്കേതികതടസം പരിഹരിക്കാന്‍ മേജര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, ജില്ലാ ജിയോളജിസ്റ്റ്, ചെല്ലാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കൊച്ചി തഹസില്‍ദാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നിയോഗിച്ചു. കമ്മിറ്റി ഒറ്റത്തവണ നല്‍കുന്ന മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത ഇടവേളകളില്‍ മണല്‍ നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കണം. അടിഞ്ഞു കൂടിയ മണലിന്റെ അളവ് മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍ണയിച്ചു നല്‍കും. ഘനമീറ്റര്‍ അടിസ്ഥാനത്തിലുള്ള മണലിന്റെ വിലനിര്‍ണയം ജിയോളജി വകുപ്പ് നിര്‍വഹിക്കും. മണല്‍ കൃത്യമായി നീക്കം ചെയ്ത് കനാലുകളില്‍ നീരൊഴുക്ക് ഉറപ്പാക്കേണ്ടത് പഞ്ചായത്തിന്റെ കര്‍ത്തവ്യമാണെന്ന് കളക്ടര്‍ പറഞ്ഞു.
വെള്ളം കയറി മലിനമായ ഭാഗങ്ങളില്‍ ശുചീകരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആശ വര്‍ക്കര്‍മാര്‍, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, അന്‍പൊട് കൊച്ചി അടക്കമുള്ള സന്നദ്ധസംഘടനകള്‍ എന്നിവര്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രംഗത്തിറങ്ങും. ശുചീകരണത്തിന് വ്യക്തമായ പദ്ധതിയും മാര്‍ഗരേഖയും തയാറാക്കാന്‍ ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒയെ കളക്ടര്‍ ചുമതലപ്പെടുത്തി.
ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍.ഡി.ഒ എസ്. ഷാജഹാന്‍, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീലാദേവി, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എ.പി.കെ. ഷുക്കൂര്‍, ജില്ലാ ജിയോളജിസ്റ്റ് കൃഷ്‌ണേന്ദു, തഹസില്‍ദാര്‍ കെ.വി. അംബ്രോസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. അനിത ഷീലന്‍, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി, സ്ഥിരം സമിതി അധ്യക്ഷ അനിത ബാബു, ഗ്രാമപഞ്ചായത്തംഗം ലിസ്സി സോളി, സെക്രട്ടറി പി.പി ഷീല തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow