Canada | കാനഡയിൽ ദീപാവലി ആഘോഷത്തിനിടെ ഖലിസ്ഥാൻ വിഘടനവാദികളും ഇന്ത്യൻ വംശജരും തമ്മിൽ സംഘർഷം

കാനഡയിലെ ഇന്ത്യൻ വംശജരും ഖലിസ്ഥാൻ വിഘടനവാദികളും തമ്മിൽ ദീപാവലി ആഘോഷത്തിനിടെ സംഘർഷം. കാനഡയിലെ മിസ്സിസ്വാഗ നഗരത്തിൽ വെച്ചാണ് സംഘർഷമുണ്ടായത്.

Oct 27, 2022 - 16:53
 0
Canada | കാനഡയിൽ ദീപാവലി ആഘോഷത്തിനിടെ ഖലിസ്ഥാൻ വിഘടനവാദികളും ഇന്ത്യൻ വംശജരും തമ്മിൽ സംഘർഷം

കാനഡയിലെ ഇന്ത്യൻ വംശജരും ഖലിസ്ഥാൻ വിഘടനവാദികളും തമ്മിൽ ദീപാവലി ആഘോഷത്തിനിടെ സംഘർഷം. കാനഡയിലെ മിസ്സിസ്വാഗ നഗരത്തിൽ വെച്ചാണ് സംഘർഷമുണ്ടായത്. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൻെറ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇന്ത്യയുടെ ദേശീയ പതാക പിടിച്ച് കൊണ്ടുള്ള ഒരു വിഭാഗത്തെയും ഖാലിസ്ഥാൻ പതാക പിടിച്ചിട്ടുള്ള മറ്റൊരു വിഭാഗം ആളുകളെയും വീഡിയോയിൽ കാണാം. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പീൽ പോലീസ് അറിയിച്ചു. നിസ്സാര പരിക്കേറ്റ ഇയാൾക്ക് വൈദ്യസഹായം നൽകി.

മാൾട്ടണിലുള്ള ഒരു പാർക്കിങ് സ്ഥലത്ത് വെച്ച് രണ്ട് കൂട്ടർ തമ്മിൽ ഏറ്റുമുട്ടിയെനന്നായിരുന്ന പ്രാഥമിക റിപ്പോർട്ട്. ഗോർവേ, എറ്റ്യൂഡ് എന്നീ പാർക്കിങ് പ്രദേശത്ത് നടന്ന സംഘർഷങ്ങളെക്കുറിച്ച് കാനഡയിലെ പ്രാദേശിക ഓൺലൈൻ മാധ്യമമായ ഇൻസ്വാഗ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ഞൂറോളം പേർ ഈ സംഘർഷത്തിൻെറ ഭാഗമായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ടിക്ക് ടോക്കിൽ ഷെയർ ചെയ്യപ്പെട്ടിട്ടുള്ള വീഡിയോ ഇതിനോടകം രണ്ട് ലക്ഷത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ വീഡിയോ സംഘർഷവുമായി ബന്ധപ്പെട്ടത് തന്നെയാണെന്ന് സ്ഥിരീകരിക്കാൻ ന്യൂസ് 18ന് സാധിച്ചിട്ടില്ല.

ഇന്ത്യൻ പതാക കയ്യിലേന്തിയ ഒരു കൂട്ടരും ഖാലിസ്ഥാൻ പതാകയുമായി മറ്റൊരു കൂട്ടരും ഏറ്റുമുട്ടാനായി ഒരുങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പരിസരത്ത് ധാരാളം പോലീസ് ഉദ്യോഗസ്ഥരെയും കാണാം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഘർഷം ഒറ്റപ്പെട്ടതായിരുന്നു, സംഘത്തിലുള്ളവരെല്ലാം തമ്മിൽ ഏറ്റുമുട്ടിൽ നടന്നിട്ടില്ലെന്നും പീൽ പോലീസ് കോൺസ്റ്റബിൾ മന്ദീപ് ഖത്ര ടൊറൻേറാ സിറ്റി ന്യൂസിനോട് പറഞ്ഞു.

“ചെറിയ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം നടക്കുന്നുവെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. നിരവധി പേർ സംഘർഷത്തിൻെറ ഭാഗമായി ഉണ്ടന്ന് ആദ്യം അറിഞ്ഞിരുന്നില്ല. ഏറ്റുമുട്ടൽ ഉണ്ടായെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തേക്ക് എത്തിയത്. സംഭവ സ്ഥലത്ത് എത്തുമ്പോൾ അവിടെ നിരവധി പേരുണ്ടായിരുന്നു,” ഖത്ര സിറ്റി ന്യൂസിനോട് പറഞ്ഞു.

“ആളുകൾ പരസ്പരം പോർവിളിക്കുകയും ബഹളം വെക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ദീപാവലി ആഘോഷമായിരുന്നതിനാൽ പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനായി നേരത്തെ തന്നെ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു. എന്നാൽ പിന്നീട് കൂടുതൽ പോലീസ് എത്തേണ്ടതായി വന്നു. ഏറെ പണിപ്പെട്ടാണ് സംഘത്തിലുള്ളവരെ പ്രദേശത്ത് നിന്ന് പിന്തിരിപ്പിച്ച് അയച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഖാലിസ്ഥാൻ വിഘടനവാദികളാണ് സംഘർഷത്തിന് നേതൃത്വം നൽകുന്നത്. പ്രത്യേക ഖാലിസ്ഥാൻ സംസ്ഥാനം വേണമെന്നാണ് അവരുടെ ആവശ്യം. കാനഡയിലുള്ള നിരവധി ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖാലിസ്ഥാൻ വിഘടനവാദികളുടെ നേതൃത്വത്തിൽ ആക്രമണം നടന്നിരുന്നു. കാനഡയുടെ തലസ്ഥാനമായ ടൊറൻേറായിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തിന് നേരെയും വിഘടനവാദികൾ ആക്രമണം നടത്തിയിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കാനഡയിലുള്ള ഇന്ത്യൻ പൌരൻമാർ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow