കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ കൈക്കൂലി; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് സാധ്യത പരിശോധിച്ച് ഹൈക്കോടതി

കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പോലീസ് അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പത്രവാർവാർത്തയെ തുടർന്ന് സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Dec 10, 2021 - 08:09
 0

കാണാതായ പെൺകുട്ടിയെ തിരികെ കൊണ്ടുവരുന്നതിനായി അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ എഎസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് എടുക്കുവാനുള്ള സാധ്യത ഹൈക്കോടതി പരിശോധിക്കും. ഇതിനായി അമിക്കസ് ക്യൂറിയായി രണ്ട് അഭിഭാഷകരെ കോടതി നിയമിച്ചു.
കാണാതായ കൊച്ചിയിലെ കുടിയേറ്റ കുടുംബത്തിലെ പെൺകുട്ടിയെ കണ്ടെത്തുവാൻ എഎസ്ഐ 25,000 രൂപ കൈക്കൂലി വാങ്ങിയെന്ന കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോർട്ട് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്യാനാകില്ലേ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് പരിശോധനയ്ക്ക് അഭിഭാഷകരെ നിയോഗിച്ചത്. പ്രത്യേക പരാതിയില്ലാതെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ കോടതി അമിക്കസ് ക്യൂറിയെ നിയോഗിക്കുകയായിരുന്നു.

കൊച്ചിയിലെ കുടിയേറ്റ കുടുംബത്തിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പോലീസ് അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പത്രവാർവാർത്തയെ തുടർന്ന് സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

പെൺകുട്ടിയെ കണ്ടെത്താൻ പരാതിക്കാരുടെ ചെലവിലാണ് പോലീസ് ഡൽഹിക്ക് പോയതെന്ന് കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്. ഇതിൽ താമസച്ചിലവിനായി പോലീസ് പരാതിക്കാരുടെ കൈയിൽ നിന്നും 25,000 രൂപ വാങ്ങിയതായും ഇതിൽ 17,000 രൂപ റിക്കവർ ചെയ്തതായും പറയുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച കോടതി പോലീസിനെതിരെ പിടിച്ചുപറിക്ക് കേസ് എടുക്കാനാകില്ലേ എന്നാണ് ചോദിച്ചത്.

ഇതിനുപുറമെ ഡൽഹിയിലേക്ക് പോകുവാൻ വേണ്ടി പോലീസ് തങ്ങളെ നിർബന്ധിച്ച് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യിപ്പിച്ചുവെന്ന ആരോപണവും പരാതിക്കാരായ കുടിയേറ്റ കുടുംബം ഉയർത്തുന്നുണ്ട്. പരാതിക്കാർ വാഗ്ദാനം ചെയ്തതായിരുന്നു ഇതെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞിരുന്നത്. ഡൽഹിക്ക്‌ പോകാനായി പോലീസ് ഉദ്യോഗസ്ഥർക്ക് അഡ്വാൻസ് നൽകിയതായോ ട്രെയിനിൽ പോകാൻ വാറന്റ് അനുവദിച്ചതായോ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നില്ല. ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ കഴിയുമോ എന്നതിൽ കോടതി നടത്തുന്ന പരിശോധന അവർക്കെതിരെ നിയമപരമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി. ഹർജി ജനുവരി ആദ്യം വീണ്ടും കോടതി പരിഗണിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow